അരമണിക്കൂർ
ആദ്യമായി കാണുന്നതല്ല. ആ ചുവന്ന ഉടുപ്പിട്ട കുളിക്കാത്തതിനെ. ഇപ്പൊ കൊറോണ ആയതിനു ശേഷം കുളിച്ചിട്ടാണ് കയറുന്നത്. എന്നാലും പേടിയാണ്. കുഴപ്പമൊന്നുമില്ലല്ലോ എന്ന് പലതവണ ആവർത്തിച്ചാലും പേടിക്ക് ഒരു കുറവുമില്ല. അല്ലേലും സമയമില്ലാ സമയത്തായിരിക്കും ഈ ഭയം വണ്ടി കയറി വരുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുമോ? ആ...!
അല്ലെങ്കിലും ഭയക്കണ്ടേ? അനാവശ്യ ധൃതി അപകടങ്ങൾക്ക് വഴി തുറക്കും. എന്റെ ഭയത്തെ ഞാൻ ബഹുമാനിക്കുന്നു. ഇനിയിപ്പോ അങ്ങനെയും പറയാം.
രാവിലെ ധൃതി പിടിച്ച് എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ആയിരിക്കും ഐശ്വര്യമായി ഗ്യാസ് തീരുന്നത്. നിറഞ്ഞ കുറ്റി അപ്പുറത്ത് തന്നെയുണ്ട്. 5 മിനിറ്റിന്റെ കാര്യമേയുള്ളൂ. പക്ഷേ ഞാൻ അത് അരമണിക്കൂർ ആക്കും.
കാലിക്കുറ്റിയിൽ നിന്നും വേഗം തന്നെ റെഗുലേറ്റർ മാറ്റാം. അതിന് ഒട്ടും സമയം വേണ്ട. പിന്നെ ആ റെഗുലേറ്റർ പുതിയ കുറ്റിയിലേക്ക് കടക്കാൻ നേരം എന്റെ മുഖത്തേക്ക് ഒന്നു നോക്കും. അന്നേരം വിറയാർന്ന കൈകളാൽ നാണത്തോടു കൂടി കുറ്റിയുടെ തലമണ്ടയിലേക്ക് പതുക്കെ കുത്തിയിറക്കും.
പിന്നെ കുറച്ചു നേരം ആ സൗന്ദര്യം ആസ്വദിക്കും. ഇല്ല... വരേണ്ട ആൾ എന്റെ അടുത്തു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ആ സമയം എനിക്ക് സൗന്ദര്യം ആസ്വദിക്കാനേ പറ്റൂ. എന്റെ നോട്ടം കണ്ട് റെഗുലേറ്റർ എന്നോട് ചോദിക്കും : " നീ എന്നെ ആദ്യമായിട്ട് കാണുകയാണോ? "
മറുപടിയായി എന്റെ കണ്ണുകൾ പലതവണ അടയ്ക്കുകയും തുറക്കുകയും ചെയ്യും.
പെട്ടെന്ന് എവിടെ നിന്നോ ഒരാൾ എന്റെ ശരീരത്തിലേക്ക് കടക്കും. അയാൾ എന്റെ കൈ പിടിച്ച് പതുക്കെ റെഗുലേറ്ററിലേക്ക് കൊണ്ടു പോകും. നെഞ്ചിൽ അപ്പോൾ "പട പടേന്ന്" ആരോ ഇടിക്കും. വെറുതെ ആവശ്യമില്ലാതെ... ഓൺ ആക്കിയതും " ശൂ " എന്ന ശബ്ദത്തിനൊപ്പം എന്റെ ചെറിയൊരു ഞെട്ടലും.
പിന്നെ ഞാൻ കുറച്ചു നേരം ശ്വാനൻ ആകും. ഗ്യാസിന് മണം ഇല്ലെന്ന് ബോധ്യമായതിനു ശേഷം തീപ്പെട്ടി എടുക്കും. ലൈറ്റർ വേണ്ടെന്നു വച്ചത് പേടിച്ചിട്ടാണ്. ഈ ലൈറ്റർ മനുഷ്യനെ മിക്കപ്പോഴും സ്റ്റൗ കത്തിക്കുമ്പോൾ വെറുതെ അങ്ങ് പേടിപ്പിക്കും. അതുകൊണ്ട് ലൈറ്ററിനെ ഒഴിവാക്കി തീപ്പെട്ടിയശാനെ തന്നെ മതിയെന്ന് വെച്ചു.
തീപ്പെട്ടി കത്തിച്ച് വെച്ച് സ്റ്റൗവ് ഓണാക്കും. പിന്നെ ഓഫ് ചെയ്യും. വീണ്ടും ഒരിക്കൽ കൂടി ഗന്ധം വരുന്നുണ്ടോന്നറിയാൻ ശ്വാനനാവും.
ഇല്ലെന്ന് ഉറപ്പായാൽ പിന്നെ സ്റ്റൗവിൽ കയറാൻ കാത്തിരിക്കുന്നവരെ വേഗം വേഗം കയറ്റും. ഈ പ്രക്രിയയെക്കെല്ലാം കൂടി കുറഞ്ഞത് അരമണിക്കൂർ എങ്കിലും വേണ്ടി വരും.
ഞാനും ഗ്യാസ് കുറ്റിയുമായുള്ള അരമണിക്കൂർ പ്രണയം. എല്ലാ മാസവും നിർത്താതെ തുടർന്നു കൊണ്ടിരിക്കുന്നു.
✍️ഷൈനി
Adipoli
ReplyDelete😂😍
Delete