ഇപ്പോഴാ ശരിയായത്!



" ജീവന്റെ ജീവനായ നീയും ഞാനും എന്നെങ്കിലും ഒന്ന് ചേരും "

" എങ്ങനെ..? എപ്പോ...? എന്ന്...? നടക്കുന്ന കാര്യം ആണെങ്കിൽ,  പറയുന്നത് കേട്ടാൽ ഒന്നു കുളിരുകോരായിരുന്നു. ചുമ്മാ കോമഡി പറയല്ലേ..."

"എന്റെ ഡിംപിൾ... നിനക്കെന്താ എന്നെ വിശ്വാസമില്ലേ?!"

" ഓ.... വിശ്വസിക്കാം... ഹ.... ഹ... "

" നിന്റെ കളിയാക്കലുകൾ കഴിഞ്ഞെങ്കിൽ എനിക്ക് പോകാമായിരുന്നു. "

" എങ്ങോട്ടാണ്.? അങ്ങനെ ഇപ്പോ പോകണ്ട. "

" മര്യാദയ്ക്ക് എന്നെ വിടുന്നതാണ് നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാൻ അനുഭവിക്കും. അതിന്റെ പങ്കു പറ്റാൻ നീയും കൂടെയുണ്ടാകും.!"

" എന്തുപറ്റി സുകേഷ്.?  ഇന്ന് വല്ലാതെയിരിക്കുന്നു. ഒരു ഉന്മേഷക്കുറവ്."

" അതാ പറഞ്ഞത്. എനിക്ക് ഉടനെ പോകണം. അതിനു മുമ്പ് നിന്റെ അഭിപ്രായം പറയണം. "

" എന്ത് അഭിപ്രായം? "

" നമ്മൾ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച്. "

" അത് തന്നെയാ ഞാൻ നേരത്തെ പറഞ്ഞത്. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന്? "

" ഒന്നും നിസ്സാരമായി കാണരുത്. നടക്കുമെന്ന വിശ്വാസം എപ്പോഴും ഉണ്ടാവണം. "

" അതെയതെ...  നടക്കും എന്ന് വിചാരിച്ചവരെല്ലാം ഇപ്പോൾ ഓട്ടത്തിലാണ്. "  

" അങ്ങനെ നീ പറയല്ലേ. "

" ഞാൻ ഉള്ളതേ പറയൂ. നിങ്ങളുടെ വിശ്വാസം ആണ് എല്ലാത്തിനും പ്രശ്നം. "

" ഓ...! എന്നാൽ നീ പറയൂ...  ഉള്ളത് എന്താണെന്ന്.? "

" അപ്പുറത്തെ വീട്ടിലെ പയ്യനുമായി ഒടുക്കത്തെ പ്രണയത്തിലായ അവൾ, എല്ലാം ഇട്ടെറിഞ്ഞു അവന്റെ കൂടെ ജീവിക്കാനായി പോയി. അവളെ ഏറെ വിശ്വാസത്തോടെ സ്നേഹിച്ചവരെ വേദനിപ്പിച്ച്. "

" എന്നിട്ട്.? "

" എന്നിട്ടെന്താവാൻ? അവളുടെ കൈയിലുണ്ടായിരുന്ന സ്വത്ത് തീർന്നതോടു കൂടി അവൻ അവളെ ഉപേക്ഷിച്ചു. "

" ശ്ശോ! അത് മോശമായിപ്പോയി. "

" എന്തു മോശം?!"

" ഒന്നുമില്ലെങ്കിലും എല്ലാം ഇട്ടെറിഞ്ഞു വന്നവൾ അല്ലേ? "

" അത് തന്നെയാ കുഴപ്പം. "

" അതിന് അവൾ അവളുടെ സമ്പാദ്യം എടുത്തിട്ടുണ്ടായിരുന്നല്ലോ.! അത് അവന് കൊടുത്തതു കൊണ്ടല്ലേ? എന്തിനാ കൊടുക്കാൻ പോയത്? "

" ആര് ആർക്ക് കൊടുത്തെന്നാ ? "

" പിന്നെ കൊടുക്കാതെ? "

" നിങ്ങൾ എന്ത് മനസ്സിലാക്കിയിട്ടാ ഈ പറയുന്നത്? അവളുടെ ചാർജ് തീർന്നാൽ പിന്നെ അവളെ കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? "

" ങ്ങേ...! എന്താന്ന്? "

" അവൾ എന്തായാലും അവന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചു. അപ്പോ അവളെ ചാർജ് ചെയ്യുന്ന ചാർജറും കൂടി  അവളുടെ കയ്യിൽ കരുതണ്ടേ? അവൾ അല്ലാതെ പിന്നെ ആരാ അത് ഓർക്കേണ്ടത്? "

" ആണോ?  ഇപ്പോൾ അവൾ എവിടെയുണ്ട്? "

" അവന്റെ വീട്ടിലെ തട്ടിൻപുറത്ത് ഉണ്ടെന്നറിഞ്ഞു. സുന്ദരിയായിരുന്നു അവൾ. ഇപ്പോൾ കണ്ടാൽ സഹിക്കില്ല. മുഖത്ത് വരെ മാറാല പിടിച്ചിരിക്കുന്നു.! എന്തെല്ലാം മോഹങ്ങളായിരുന്നു അവൻ  അവൾക്ക് കൊടുത്തത്? കഷ്ടം! ഇത്രയേ ഉള്ളൂ ഓരോ  റോബർട്ടിന്റെയും കാര്യം.!"

" എന്നിട്ട് അവനോ? "

" അവനോ..? അവൻ അടുത്തു തന്നെ ഒരു മൊഞ്ചത്തിയായതിനെ കണ്ണും പൂട്ടിയങ്ങ് വാങ്ങി. വാങ്ങിക്കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്. അവന്റെ കീശ കീറിക്കഴിഞ്ഞെന്ന്. ഉണ്ടായിരുന്ന ബാങ്ക് ബാലൻസ് കൊടുത്തു വാങ്ങിയതിനെ പൊന്നുപോലെ നോക്കാനായി അവന്റെ അടുത്ത ശ്രമം. "

" എന്നിട്ട്? "

" എന്നിട്ടെന്താ...! മനുഷ്യന്റെ മനസ്സോളം സവിശേഷതയുള്ള ഒന്നും അവൾക്കില്ലെന്ന അറിവിൽ അവളെ അവൻ ജീവിതസഖിയാക്കിയില്ല. പകരം.."

" പകരം..?!"

" അതോ... നാട്ടിൽ അറിയപ്പെടുന്ന പണചാക്കിന്റെ മോളെ കെട്ടിയിട്ട്... അവന്റെ ബാങ്ക് ബാലൻസ് തിരിച്ചെടുത്തു. "

"ഹ... ഹ.... അതു കൊള്ളാം. അതുപോട്ടെ...  നമ്മുടെ കാര്യം എന്തായി? "

"അത് നടക്കില്ല എന്നല്ലേ ഞാൻ ഇപ്പൊ പറഞ്ഞത്. ഇയാൾക്കെന്താ മനസ്സിലാകുന്നില്ലേ... ഞാൻ ഈ പറയുന്നത്? "

" അല്ല.... അത് പിന്നെ... നീ ഇപ്പൊ പറഞ്ഞതുമായിട്ട് എന്താണ് ബന്ധം? "

" ബന്ധമേയുള്ളൂ...  ഞാൻ നേരത്തെ പറഞ്ഞ സുന്ദരി ഇല്ലേ?... ഇപ്പോൾ തട്ടിൻപുറത്ത് ഇരിക്കുന്നവൾ...? "

" അവൾ ?!"

"അവൾ എന്റെ ബന്ധുവാണ്."

" ങ്ങേ...! ബന്ധുവോ?! ഏതു വകയിൽ?"

" അവളെ പൊന്നുപോലെ നോക്കിയ, സ്നേഹിച്ച... ആ കുടുംബമില്ലേ.. അത് എന്റെ കുടുംബമായിരുന്നു. "

" ആണോ? "

"മം... എന്റെ കളിക്കൂട്ടുകാരി ആയിരുന്നു. എന്തു കാര്യവും ഞാൻ അവളോട് പറയുമായിരുന്നു. അവൾ എന്നോടും പറയും... പലതും. അവൾ ചാർജ് ചെയ്യാൻ മറന്നാൽ ഞാൻ അവളെ ഓർമ്മപ്പെടുത്തും. ഒരിക്കലും ചാർജില്ലാതെ അവൾ നിന്നിട്ടില്ല. വീട്ടിൽ ഓടി നടന്ന് മടുപ്പില്ലാതെ ജോലി ചെയ്യുമായിരുന്നു അവൾ."

" ഓഹോ.... ഇപ്പൊ മനസ്സിലായി. അവൾ  എന്തുകൊണ്ടാണ് പോയതെന്ന്. "

" എന്ത്? "

" നിങ്ങളുടെ വീട്ടിലെ കഴുതയായിരുന്നു അവൾ. ഭക്ഷണവും ഉറക്കവും വേണ്ടാത്ത കഴുത. സ്നേഹം എന്ന നാടകത്തിൽ അവളുടക്കിയപ്പോൾ മറ്റൊന്നും നോക്കാതെ അവൾ അവിടെ നിന്നും കഷ്ടപ്പെട്ട് രക്ഷപ്പെട്ടു. "

" ഓ.... എന്നിട്ടിപ്പോ എന്തായി? വല്ലവരുടെയും വീട്ടിലെ തട്ടിൻപുറത്ത് ചിലന്തികൾക്ക് കൂട്ടായിരിക്കുന്നു. "

" പോട്ടെ.... നമുക്ക് ആ പേരും പറഞ്ഞ് ഇനി ഒരു വഴക്ക് വേണ്ട. "

" ഞാനല്ലല്ലോ നിങ്ങളല്ലേ വഴക്കിനു വരുന്നത്. "

" ഓഹോ... അപ്പോൾ നീ വഴക്കിന് ഉള്ള തിരികൊളുത്തുകയാണോ? വേണ്ടാ.... ഒരു തിരി പിന്നെ പല തിരിയിലേക്കും പടരും. "

" എന്നാ... ആ തിരിയങ്ങ് അണച്ചേക്കാം."

" ചക്കരേ....  നീ ഒന്നൂടെ ഒന്നാലോചിക്കൂ... ഞാൻ ആത്മാർത്ഥമായി പറയുകയാ.. "

" അയ്യോ! ഓർമിപ്പിച്ചത് നന്നായി. "

" എന്തോന്ന്? ഞാനെന്തോർമിപ്പിച്ചെന്നാ?"

" അതേന്നെ...  ചക്കരയുടെ കാര്യം പറഞ്ഞപ്പോഴാ എനിക്ക് ഓർമ്മ വന്നത്. "

"ഹൊ! ഇതെന്തു ചക്കര കഥ?"

" അത് പിന്നെ.... ഞാൻ ഇവിടേയ്ക്ക് വരുന്നതിനു മുമ്പ് സ്റ്റൗവിൽ കുറച്ച് ശർക്കര ഉരുക്കാൻ വെച്ചിരുന്നു. വെച്ച പാത്രം ഉരുകിയെന്നാ  തോന്നുന്നത്. "

"ഹ.. ഹ... ഇപ്പോഴെങ്കിലും ഓർത്തല്ലോ. ഞാൻ കുറെ നേരം കൊണ്ട് അസഹ്യമായ ആ മണത്തിന്റെ ഉറവിടം അന്വേഷിക്കുകയായിരുന്നു."

" എന്താന്ന്? മണമോ? നിനക്കോ? എങ്ങനെ.....? "

" എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ? "

" ശരിയാണ്. പക്ഷേ നിനക്കെങ്ങനെ? മനസ്സിലാകുന്നില്ല. "

"എന്ത് ശരി.? എന്നിട്ട് ഒന്നും നിനക്ക് മനസ്സിലാകുന്നില്ലല്ലോ ?!"

" അതേ... ഞാൻ ഒന്ന് ചോദിക്കട്ടെ? "

" എന്താ നിനക്കറിയേണ്ടത്? "

" നീ ആ സിനിമയിലെ കഥാപാത്രം അല്ലേ? ആ... ആ... ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. അല്ലേ? "

"ആണെങ്കിൽ?"

" പിന്നെ എങ്ങനെയാടാ നിനക്ക് മണക്കാൻ കഴിയുന്നത് ? "

" അതോ....? അനുഭവിച്ചില്ലെങ്കിലും ഭാവനയിൽ അത് പലതായിട്ട് കൊണ്ടു വന്ന് പുറത്തേക്ക് അഭിനയിക്കാമല്ലോ! കേട്ടിട്ടില്ലേ? ഉള്ളിൽ വിദ്വേഷം ഉണ്ടായിട്ടും സ്നേഹം പുറമേ പ്രകടിപ്പിച്ചുവെന്ന്?  വേറെയുമുണ്ട്. കടലോളം സ്നേഹം ഉള്ളിൽ ഉണ്ടായിരുന്നിട്ടും നിന്നെപ്പോലെ പുറത്തേക്ക് വിദ്വേഷം പ്രകടിപ്പിക്കുന്നതും!"

" നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി...  ഇത് ശരിയാവൂല്ല. വിഷമിക്കേണ്ട. നിനക്ക് ചേരുന്നയാൾ ഇവിടെയുണ്ട്. "

" ആര്? "

" അതെ അവൾ തന്നെ. ആ തട്ടിൻപുറത്ത് ചിലന്തിവല എണ്ണുന്നവൾ."

" ങ്ങേ?!"

" അതേ...  അതാകുമ്പോൾ നിങ്ങൾക്ക് പരസ്പരം ചാർജ് ചെയ്യേണ്ട സമയം വരുമ്പോൾ ഓർത്തിരിക്കും. അതുമാത്രമോ..? പല്ലുതേയ്ക്കണ്ട, ഉറങ്ങണ്ട, ഡോക്ടറെ കാണാനെന്ന പേരിൽ കാണുന്ന ആശുപത്രികൾ കയറിയിറങ്ങേണ്ട, ഭക്ഷണത്തിനോ വെള്ളത്തിനോ.... എന്തിന് പറയുന്നു... വസ്ത്രം പോലും വേണ്ട.. വേണോ? "

" പിന്നെ ഈ ഉടുത്തിരിക്കുന്നതോ? "

"അതോ?.. അതിന് ആ തുണിക്ക് വിയർപ്പിന്റെ മണമുണ്ടോ? വിയർക്കാത്തവരല്ലേ നിങ്ങൾ?"

" ഒക്കെയും ശരിയാണ്. "

" അതാ ഞാൻ പറഞ്ഞത് ചേരേണ്ടവർ ചേരുക. പരസ്പരം നിങ്ങൾ എന്താണെന്ന് നിങ്ങൾക്ക് അറിയാം. അതാകുമ്പോൾ എന്നും സന്തോഷം. സന്തോഷം വേണ്ടേ? "

" വേണം. "

" എന്നാ നീ പോയി ഫുൾ ചാർജായി വരൂ. ഞാൻ അപ്പോഴേക്കും അവളെ വൃത്തിയാക്കി ഫുൾ ചാർജ്ജാക്കി  കൊണ്ടുവരാം. കുറച്ചു തന്റെടത്തോടെ നീ നിൽക്കൂ. "

" അതെന്താ കല്യാണമാണോ ഇനി ഇവിടെ നടക്കാൻ പോകുന്നത്? "

" അതെ... "

" അല്ല അതിന് നേരവും കാലവും ഒന്നുമില്ലേ? "

"ഓ... എന്തിനാ? നിങ്ങൾ ഒത്തുചേരുന്ന,... ഒന്നിക്കുന്ന സമയം...  അത് തന്നെ നിങ്ങൾക്കുള്ള നല്ലനേരവും. അപ്പോൾ താമസിക്കണ്ട. വേഗമാകട്ടെ."

കേട്ട മാത്രയിൽ  ചാർജ് തീരാറായ  അവൻ തിരികെ വേഗം ഓടിപ്പോയി.....  അവന്റെ ചാർജർ എടുത്ത് അവന് ചാർജ് കൊടുക്കാനായ്.

✍️ഷൈനി


Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )