ചോദിക്കാതെയും, പറയാതെയും, പ്രത്യേകിച്ച് സമയം നോക്കാതെയും ഓടിക്കളിക്കാൻ ഓടി വരും. വരണ്ടാന്ന് പറഞ്ഞാൽ കേൾക്കില്ല. വാതിൽ തുറന്ന് ചാടി വരും. നല്ലതാണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിലോ മറക്കാൻ ആഗ്രഹിച്ചതെല്ലാം കണ്മുന്നിൽ കാണിച്ചു തരും. മനുഷ്യന്റെ സമാധാനം കളയുമ്പോൾ ഓർമ്മയ്ക്ക് സമാധാനമാകും. എന്നാലോ ചില സമയത്ത് ആവശ്യം വരുമ്പോൾ,.. കാത്തിരുന്നാൽ പോലും എത്തി നോക്കില്ല. അന്നേരം കൂടുതലും ഒളിച്ചു കളിയാണ് . പ്രത്യേകിച്ച് പല ബില്ലുകളും അടിയ്ക്കേണ്ട ദിവസം, ഏതെങ്കിലും സാധനം എടുക്കാൻ നോക്കിയാൽ അത് വെച്ച സ്ഥലം, പരീക്ഷ എഴുതുകയാണെങ്കിൽ... പലതും തലയിൽ ഒളിച്ചിരിക്കും (പ്രത്യേകിച്ച് വർഷം ചോദിച്ചാൽ), കണക്ക് പരീക്ഷയാണെങ്കിൽ പിന്നെ കണക്കാ... ശിഷ്ടം വരുന്നവരെയും, അങ്ങനെ പലരെയും ഒളിപ്പിച്ചു വയ്ക്കും. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇതെല്ലാം കൃത്യമായി ഓർമിപ്പിക്കുകയും ചെയ്യും.! സമയത്ത് വരാതെയും വേണ്ടാത്ത സമയത്ത് വരികയും ചെയ്യുന്നയാൾ ആരോ അത് ഓർമ്മയായിരിക്കും.!!