ഞാനെന്ന തെണ്ടി

ആരെയെങ്കിലും തെണ്ടിയെന്ന് വിളിച്ചാൽ ആക്ഷേപം. ദേഷ്യം വന്നാൽ മിക്കവരും വിളിക്കുന്ന വാക്ക്. ചിലർ തമാശയ്ക്കും വിളിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ആരാണ് തെണ്ടി? എത്ര പണമുള്ളയാൾ ആണെങ്കിലും ചില നേരത്ത് അത്യാവശ്യമായി വരുന്നതെന്താണെങ്കിലും, ഉടനെയോ അല്ലാതെയോ മറ്റൊരാളിൽ നിന്നും അയാൾക്ക് അത് വാങ്ങിക്കേണ്ടി വരുന്നു. അങ്ങനെ ചെയ്യുന്നയാൾ ആരോ ആ നേരത്ത് അയാൾ തെണ്ടി. പണമില്ലാത്ത ദരിദ്രനായ ഒരാൾ അന്നത്തിനായി ജീവൻ നിലനിർത്താനായി, മറ്റൊരാളുടെ മുന്നിൽ കൈ നീട്ടി യാചിച്ചാൽ അയാൾ തെണ്ടി. അങ്ങനെ ആണെങ്കിൽ, ഒരാളുടെ ജീവൻ നിലനിർത്താൻ വേണ്ടി അവയവത്തിനായ് മറ്റുള്ളവരോട് യാചിക്കുന്ന ആളും തെണ്ടി അല്ലേ? അന്നം കഴിക്കാതിരുന്നാലും, അവയവം കിട്ടാതിരുന്നാലും ജീവൻ നഷ്ടപ്പെടും. എന്നിട്ട് അന്നം ചോദിക്കുന്നവൻ മാത്രം തെണ്ടി! ലോകത്തിലെ എല്ലാ മനുഷ്യരും ഒരുതരത്തിൽ പറഞ്ഞാൽ തെണ്ടികൾ ആണ്. ഉദാഹരണത്തിന്, ഒരു പരീക്ഷാഹാളിൽ എഴുതാൻ പേനയോ അതുപോലുള്ള സാധനങ്ങളോ കൊണ്ടുചെല്ലാതിരുന്നാൽ എത്ര പണമുള്ളവന്റെ മക്കളായാലും പരീക്ഷാ സമയത്ത് എഴുതാനായി മറ്റുള്ളവരുടെ മുന്നിൽ തെണ്ടും. വോട്ടിനായി തെണ്ടുന്ന രാഷ്ട്രീയക്കാർ, പിന്നീട് എന്തെങ്കിലും കാര്യം നടക്കണമെ...