മരിക്കാനിറങ്ങിയവൻ (കുഞ്ഞിക്കഥ)




 


മരിക്കാൻ ഇറങ്ങിയപ്പോഴാണ് അറിഞ്ഞത് ആത്മഹത്യാക്കുറിപ്പ് എഴുതണമെന്നുള്ളത്. എന്നാപ്പിന്നെ അതിന്റെ ഒരു കുറവ് വേണ്ടാന്ന് വെച്ച് പേപ്പർ എടുത്ത് എഴുതാൻ ഇരുന്നു.

നോക്കിയപ്പോ ബുക്കിലെ പേപ്പർ എല്ലാം എഴുതി തീർന്നിരിക്കുന്നു. നോക്കുന്ന ബുക്കിലെല്ലാം ഒരു പേപ്പർ പോലും ഇല്ല. അവസാനം ദൈവസഹായം കൊണ്ട് ഭാഗ്യത്തിന് ഒരു പേപ്പർ കിട്ടി.

ഹൊ ഇവിടെയിരുന്ന പേന എന്തിയെ? അല്ലേലും ഒരു സാധനവും വെച്ചയിടത്തു കാണില്ല.

അങ്ങനെ തപ്പി തപ്പി അവസാനം തീരാറായത് ഒരെണ്ണം കിട്ടി.

ഈ മഷി മതിയാകും. രണ്ടു വരി മതിയല്ലോ. നല്ല കൈയ്യക്ഷരത്തിൽ എഴുതിയാലെ എല്ലാവർക്കും പെട്ടെന്ന് മനസിലാകൂ. 

"എന്റെ മരണത്തിൽ ആർക്കും പങ്കില്ല."

ഇത് മതി. ഇതിൽ കൂടുതലൊന്നും എഴുതണ്ട. അല്ലേലും കൂടുതൽ വായിക്കാനായി കൊടുക്കേണ്ട ആവശ്യം ഉണ്ടോ? അത് അവരെ ബോറടിപ്പിക്കും.

എന്നാ ശരി തുടങ്ങാം. എന്റെ…. യ്യോ.. എന്റെയിലെ 'എ' എങ്ങനെയാ എഴുതുന്നത്?! അയ്യോ… അടുത്ത അക്ഷരങ്ങളേയും അറിയില്ലല്ലോ.!

"എന്തുപറ്റി?"

"അതെ… പിന്നേ… ഞാൻ… അക്ഷരങ്ങൾ എല്ലാം മറന്നു പോയി."

"അതിന് നീ മറന്നതല്ലല്ലോ."

"അതെ മറന്നതാ."

"ചുമ്മാ കള്ളം പറയല്ലേ."

"കള്ളമല്ല. സത്യം."

"അതുതന്നെയല്ലേ പറഞ്ഞത്… കള്ളം പറയണ്ടാന്ന്."

"അല്ല നിങ്ങൾക്കെന്താ ഇത്ര ഉറപ്പ്?"

"അതോ..? ഞാനേ.. അല്ല ഞാൻ ആരാണെന്ന് നിനക്ക് മനസ്സിലായോ?"

"അത്…"

"വേറെയരുമല്ല. നിന്റെ കാലൻ. നിന്റെ സകല ഉടായിപ്പും എനിക്കറിയാം. "

"എന്നു വെച്ചാൽ?!"

"എന്നു വെച്ചാൽ… നീ സ്കൂളിൽ പോയിട്ടുണ്ട്, പക്ഷേ… ഒരക്ഷരം പോലും പഠിച്ചിട്ടില്ല. അന്നറിയാത്തവന് ഇന്നും ഒരു മാറ്റവും ഇല്ല. ഭാഗ്യം ബുക്കും പേനയും കണ്ടാൽ അറിയാം."

"അയ്യോ… എന്റെ ആത്മഹത്യാക്കുറിപ്പ് എങ്ങനെ എഴുതും.! അതെ എന്തായാലും എന്റെ കാലനല്ലേ."

"ഇപ്പൊ പറഞ്ഞു വരുന്നതെന്താ?"

"ഒന്നുമില്ല ഒരു സഹായം."

"എന്ത് സഹായം?"

"എനിക്ക് വേണ്ടി ആ ആത്മഹത്യാക്കുറിപ്പ് എന്റെ കാലനൊന്നു എഴുതുമോ?"

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )