വരും.. വരാതിരിക്കില്ല (അവസാന ഭാഗം )
(ഭാഗം 5)
" ഭഗവാനേ... ഇതിനുള്ള മറുപടി ഞാൻ നേരത്തെയും തന്നതാ."
" എന്ത്? നീ വേഗം പറയുന്നുണ്ടോ? "
" പറയുകയാണല്ലോ.. ഇടതൂർന്ന കാടുകൾ കാണുമ്പോൾ ചില മനുഷ്യർക്ക് ഒരു പ്രത്യേക അസുഖം വരും. ഫുട്ബോൾ ആരാധകർ അവരുടെ തലയിൽ ചിത്രങ്ങൾ പണിയുന്നത് പോലെ, ഈ കാടുകൾ കാണുമ്പോൾ അവർക്ക് തോന്നും അവിടെ ചിത്രങ്ങൾ വരയ്ക്കാൻ. "
"അതായത്?"
" അത് തന്നെ. മരം മുറിച്ചു കളഞ്ഞ് അവിടെ മരുഭൂമിയാക്കി ആഹ്ലാദിക്കുന്നവരുടെ കാര്യം തന്നെയാ.."
" അങ്ങനെയായാൽ മരങ്ങൾക്ക് ഓടാനേ നേരമുണ്ടാവുകയുള്ളൂ. ഒരു സ്ഥലത്തും അടങ്ങി ഒതുങ്ങി നിൽക്കാൻ നിന്നെ പോലുള്ളവർക്ക് പറ്റുന്നില്ല. ഇനി അവരെയും കൂടി അങ്ങനെയാക്കണോ?"
" എന്നാ വേണ്ട. പകരം ചില സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്. അതായാലും മതി. "
" എന്താണ്?"
" അവരെ ഉപദ്രവിക്കാൻ ആരു വരുന്നുവോ... അവരെ യമലോകത്തേക്ക് പറഞ്ഞു വിടാൻ ഈ മരങ്ങൾക്ക് കഴിയണം. "
" ചുരുക്കിപ്പറഞ്ഞാൽ മരങ്ങളെ തൊട്ടാൽ... മരങ്ങളാൽ അവർ യമലോകത്ത് എത്തണം. അല്ലേ? "
"അതുതന്നെ... ഇനി പറ. എനിക്ക് വട്ടാണോ? "
" വട്ടാണോ എന്ന് എന്നോ...ട് ചോദിച്ചാൽ...."
" ശോ...! കുതിരവട്ടം പപ്പു ആകാൻ അല്ല ഞാൻ പറഞ്ഞത്. ചോദിച്ചതിനു ഉത്തരം വേഗം താ. "
" ഞാനൊരു വട്ടവും ആയില്ല. നീ കാണുന്ന സിനിമകളൊക്കെ കണ്ടിട്ട്, ഞാനെന്തെങ്കിലും പറയാൻ തുടങ്ങിയാൽ അത് സിനിമയിലെ സംഭാഷണവും.?! "
" മനുഷ്യരായാൽ സിനിമകളൊക്കെ കണ്ടിരിക്കും. ചില സംഭാഷണങ്ങൾ മനസ്സിന്റെ മടിത്തട്ടിൽ ഉറങ്ങാതെ കണ്ണുമിഴിച്ച് ഇരിക്കും. അതുകൊണ്ട് മനുഷ്യരായ ഞങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന... അല്ല ഉറങ്ങാതെ കിടക്കുന്ന ഇത്തരം സംഭാഷണങ്ങൾ പൊങ്ങി വരും. അത് ഞങ്ങളുടെ തെറ്റാ? പറ... പറ..? "
" പറയും പനയും എടുക്കാൻ എനിക്ക് സൗകര്യമില്ല. നിന്റെ വരത്തിന്റെ എണ്ണം അവസാനിക്കാറായി... അല്ല ഇനി ഒരെണ്ണം കൂടിയേ തരാൻ പറ്റൂ. സമയം കഴിഞ്ഞു. വേഗമാകട്ടെ."
" അയ്യോ... അങ്ങനെ പറയല്ലേ. എനിക്ക് ഒരുപാട് ചോദിക്കാനുണ്ട്. "
" അതു പറ്റില്ല. ഞാൻ നിനക്ക് തന്ന സമയം കഴിഞ്ഞു. "
" അയ്യോ പോകല്ലേ...!"
" എന്റെ ജാനകി... ഒന്ന് വേഗം പറ. "
" ഹോ..! എന്റെ പേര് അറിയാല്ലോ.! ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു?"
" നിനക്ക് എന്നെ പുച്ഛം അല്ലേ? നിന്റെ സകല കാര്യവും വള്ളിപുള്ളി തെറ്റാതെ പറയണോ? "
" ആരു പറഞ്ഞു പുച്ഛം ആണെന്ന്? അങ്ങനെയാണെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് ഞാൻ ഇവിടേക്ക് വരുമോ? "
" പക്ഷേ നിന്റെ സംസാരത്തിൽ ഒരു ബഹുമാനക്കുറവ്. "
" നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നവരോട്, അല്ലെങ്കിൽ വേണ്ട... എന്റെ സ്വന്തം ആളാണെന്ന തോന്നലിൽ കുറിച്ച് കൂടുതൽ സ്വാതന്ത്ര്യം എടുത്തു പോയതാ. ക്ഷമിക്കണേ.. അറിവില്ലായ്മയാണ്. "
" ഇത് അറിവില്ലായ്മ അല്ല. ഇതിന് അഹങ്കാരം എന്ന് പറയും. "
" അഹങ്കാരം എന്ന് അങ്ങ് പേരിട്ട സ്ഥിതിക്ക്, ഒരു വരം കൂടി ചോദിക്കാമെന്ന് നേരത്തെ പറഞ്ഞല്ലോ? അതുകൊണ്ട് വളരെ വിനയത്തോടു കൂടി ഞാൻ ചോദിക്കുന്നു ആ ഒരു വരം കൂടി തന്നാലും ഭഗവാനെ.. "
"ഹ... ഹ... അത്രയ്ക്ക് വിനയമൊന്നും വേണ്ട കുഞ്ഞേ.. നീ ചോദിച്ചോളൂ."
" ആണോ..!! എനിക്ക് ഇപ്പോഴാ സമാധാനമായത്. എന്റെ മനസ്സിലെ ഒരു ആഗ്രഹമാണ്, കുഞ്ഞുന്നാൾ മുതൽ എന്റെ ഉള്ളിൽ ഉണ്ടായതാണ്, അത് വളർന്നു പന്തലിച്ചു."
" നീ പന്തല് കെട്ടാതെ പറയൂ."
" ഒന്നുമല്ല. എനിക്ക് ഒരാളെ കാണണം.
" ആരെ? "
" രാധയുടെ കണ്ണനെ."
" നിനക്ക് പരിചയമുള്ള രാധമാരുടെ കണ്ണനെയെല്ലാം തപ്പുന്നതല്ലേ എന്റെ പണി.!"
" അയ്യോ അല്ല. ഈ രാധയെ എല്ലാവർക്കും അറിയാവുന്നതാണ്. വൃന്ദാവനത്തിലെ രാധയുടെയും കൃഷ്ണന്റെയും കാര്യമാ ഞാൻ പറഞ്ഞത്."
" കൃഷ്ണനെ കണ്ടിട്ട് എന്തിനാ? "
" ഒരാളോട് ആരാധന തോന്നുന്നത് തെറ്റാണോ? "
" അല്ല. പക്ഷേ നടക്കുന്ന കാര്യമല്ലേ ചോദിക്കേണ്ടത്. വളരെ ബുദ്ധിമുട്ടുള്ള വരങ്ങളുടെ ലിസ്റ്റുമായിട്ടാണ് നീ വന്നിട്ടുള്ളത്. ചോദിച്ചതെല്ലാം എങ്ങിനെ നടപ്പാക്കണമെന്ന ആലോചനയിലാണ് ഞാനിപ്പോ. "
" അപ്പോൾ ഞാൻ ചോദിച്ചത് ഒന്നും തരില്ലേ?!"
" തരില്ല എന്ന് ഞാൻ തീർത്തു പറയുന്നില്ല. "
" പിന്നെ..? "
" നോക്കട്ടെ.. "
" നോക്കിയാൽ പോര. തരണേ.."
" കണ്ണനോട് നിനക്ക് സത്യമായിട്ടും ആരാധനയും ഉണ്ടോ? "
" ഇനി എങ്ങനെയാ ഞാൻ പറയേണ്ടത്? ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കാണുന്ന രൂപമാണ്. ചെറുതിലെ എന്റെ കളിക്കൂട്ടുകാരനായും, മുതിർന്നപ്പോൾ എന്റെ കാമുകനായും, ചില സമയത്ത് കുഞ്ഞുവാവയായും, മറ്റു ചില സമയത്ത് എന്റെ രക്ഷകനായും, ചിലപ്പോൾ സഹോദരനായും... അങ്ങനെയങ്ങനെ ആരെല്ലാമൊക്കെയോ ആകും എന്റെ കണ്ണൻ എനിക്ക്. ഏതു രൂപത്തിലും എനിക്ക് ഒരുപാട് ഇഷ്ടം."
" എന്തിനാ ഇത്രയും രൂപത്തിൽ കാണുന്നത്? ഏതെങ്കിലുമൊരു രൂപത്തിൽ കണ്ടു കൂടെ? "
" ഏതു രൂപത്തിലായാലും കണ്ണനു കുഴപ്പമില്ലെന്ന് ആരോ.. എവിടെയോ പറഞ്ഞു വെച്ചിട്ടുണ്ട്. "
" അത് അവരുടെ വിവരമില്ലായ്മയായിരിക്കും. അത് വിശ്വസിച്ചത് നിന്റെ തെറ്റ്. "
" ഏതു രൂപത്തിലായാലും എനിക്ക് ജീവനാണ് കണ്ണനെ. തർക്കിക്കാൻ ഞാനില്ല. പറ്റുമോ എന്റെ കണ്ണനെ എനിക്ക് കാണിച്ചു തരാൻ? ദൈവമാണ് പോലും ദൈവം..! ചോദിച്ച ഒരു വരം പോലും തരാൻ പറ്റില്ലെന്ന് പറയുന്നു..!!
" നീ കരയണ്ട. ഞാൻ ശ്രമിക്കാം. "
" ശ്രമിച്ചാൽ പോര... കണ്ണൻ വരുമോ? "
" വരും വരാതിരിക്കില്ല. ഞാൻ അപേക്ഷ കൊടുക്കാം. "
" ഇവിടെയും അപേക്ഷ കൊടുക്കണോ?"
"പിന്നെ കൊടുക്കണ്ടേ? വലിയ തിരക്കുള്ള ആളാ. പലരുടെയും അപേക്ഷകൾ കെട്ടുകണക്കിനു ഉണ്ട്.! ആദ്യമാദ്യം തന്നവരെയല്ലേ പരിഗണിക്കേണ്ടത്. തീർച്ചയായും നിന്റെ അപേക്ഷ കണ്ണൻ കാണും. അന്ന് നിന്നെ തേടി വൃന്ദാവനത്തിലെ കണ്ണൻ വരും."
" അപ്പോ വരുമല്ലേ..!? എന്നെ കാണാൻ വരുമല്ലേ..?! "
"ഉറപ്പായും നിന്റെ കണ്ണൻ വരും... വരാതിരിക്കില്ല. എന്നാ ഞാൻ ഇനി പോകട്ടെ ജാനകി?"
" ഒരുപാട് നന്ദിയുണ്ട് ഭഗവാനേ.. എന്നെ സഹിച്ചതിന്, എന്റെ ആഗ്രഹങ്ങളെല്ലാം കേട്ടതിന്.. ഒരുപാട് നന്ദി."
" നിന്റെ ആഗ്രഹങ്ങൾ എല്ലാം എന്നെങ്കിലും നടക്കും. നടക്കാതിരക്കില്ല. നിനക്ക് നല്ലത് വരട്ടെ."
പൊടുന്നനെ കൺമുന്നിലെ പ്രകാശം മാഞ്ഞു പോയി. ജാനകിക്ക് ഒരേസമയം ഭഗവാൻ പോയതിൽ വിഷമവും, ചോദിച്ച വരം കിട്ടുമെന്നുള്ള സന്തോഷവും ഉണ്ടായി. ഉടൻ തന്നെ അവൾ വീട്ടിലേക്കു പോയി.
വീട്ടിൽ അവളുടെ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.
അവളെ കണ്ടപാടെ അമ്മ : " തപസ്സു ചെയ്യാൻ പോയ ആള് വന്നല്ലോ..! പോയ കാര്യം എന്തായി.? "
" നടക്കും നടക്കാതിരിക്കില്ല "
" എന്ത്?!"
ജാനകി നടന്നതെല്ലാം അമ്മയോട് വിവരിച്ചു. എല്ലാം കേട്ട് കണ്ണു തള്ളിയ അമ്മ വീണ്ടും :" എന്റെ കുട്ടിക്ക് ഒന്നുമില്ല. നമുക്ക് ഒരു ഡോക്ടറെ കാണാം."
" എന്തിന്.? "
" അല്ല... ഞാൻ നിന്നെ കൊണ്ടു പോയില്ലെങ്കിൽ നാട്ടുകാർ ആരെങ്കിലുമൊക്കെ ഇവിടെ വരും.. വരാതിരിക്കില്ല."
"വരും... വരാതിരിക്കില്ല" പക്ഷേ ആരായിരിക്കും? എന്നായിരിക്കും? എങ്ങനെയായിരിക്കും?.. എന്ന ചിന്തയിൽ അവൾ ഓരോ ദിനവും എണ്ണാൻ തുടങ്ങി.
( അവസാനിച്ചു )
✍️ഷൈനി
വരും വരണം വരാതെ
ReplyDeleteപറ്റുമോ
🥰🙏
Deleteനന്നായി എഴുതി 🌹ഇയാളുടെ നൃത്തച്ചുവടും 👍
ReplyDelete🥰🙏
DeleteGood
ReplyDelete🥰🙏
DeleteVarum varathirikkillaaa .. a touching article
ReplyDelete🥰🙏
Delete👍👍
ReplyDeleteഒരു എഴുത്തുകാരിക്കുവേണ്ട മിക്ക ഗുണങ്ങളും താങ്കൾക്കുണ്ട് ഭാവന, ആർദ്രത,സഹജീവികളോടുള്ള സ്നേഹം ഹൃദയവിശാലത,അറിവ്,അരക്ചഇറഉക്ക് എല്ലാ മെല്ലാം
ReplyDelete