അച്ഛന്റെ പെട്ടിയിലെ നിധി!
അച്ഛൻ ഞങ്ങളെ വിട്ടുപോയ നാളിൽ അറിഞ്ഞു ഒരു സത്യം. പട്ടിണിയാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന്. അച്ഛൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ. നെവൽ ബേസിൽ ജോലിയുള്ള അച്ഛന്റെ സ്വത്തായിരുന്നു ഞങ്ങൾ. പലരെയും അച്ഛൻ സാമ്പത്തികമായും ശാരീരികമായും പ്രതിഫലം മോഹിക്കാതെ സഹായിച്ചു. ഒരു ആത്മാർത്ഥ സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി അച്ഛൻ ജാമ്യം നിന്നു. സുഹൃത്ത് തിരികെ നന്ദി സൂചകമായി പണം തിരിച്ചടയ്ക്കാതെ അച്ഛനെ സഹായിച്ചു. അച്ഛന്റെ ശമ്പളത്തിൽ നിന്നും ഈ തുക തിരിച്ചു പിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ വീട്ടിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉണ്ടായി. പക്ഷേ അന്നും ഞങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നട്ടില്ല. ഒരു നാളിൽ പെട്ടെന്ന് ദൈവം അച്ഛനെ അങ്ങ് വിളിച്ചു. തന്റേടമില്ലാത്ത അമ്മ എട്ടും പൊട്ടും തിരിയാത്ത കുട്ടികളായ ഞങ്ങളെയും കൊണ്ട് ജോലി വേണ്ടെന്ന് പറഞ്ഞു നാട്ടിലേക്ക് പോയി. പക്ഷേ അവിടെ നിന്നും അച്ഛന്റെ നല്ലവരായ സുഹൃത്തുക്കൾ നിർബന്ധിച്ചു തിരികെ കൊണ്ടു വന്നു. അച്ഛന്റെ ജോലി എത്രയും പെട്ടെന്ന് അമ്മയ്ക്ക് കിട്ടാനുള്ള ശ്രമം അവർ നടത്തി. ജോലി കിട്ടുന്നതുവരെ അതുവരെ ജീവിതത്തിൽ അനുഭവിക്കാത്ത പലതും നേരിടേണ്ടി വന്നു. ...