അച്ഛന്റെ പെട്ടിയിലെ നിധി!
അച്ഛൻ ഞങ്ങളെ വിട്ടുപോയ നാളിൽ അറിഞ്ഞു ഒരു സത്യം. പട്ടിണിയാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന്.
അച്ഛൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ. നെവൽ ബേസിൽ ജോലിയുള്ള അച്ഛന്റെ സ്വത്തായിരുന്നു ഞങ്ങൾ. പലരെയും അച്ഛൻ സാമ്പത്തികമായും ശാരീരികമായും പ്രതിഫലം മോഹിക്കാതെ സഹായിച്ചു. ഒരു ആത്മാർത്ഥ സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി അച്ഛൻ ജാമ്യം നിന്നു. സുഹൃത്ത് തിരികെ നന്ദി സൂചകമായി പണം തിരിച്ചടയ്ക്കാതെ അച്ഛനെ സഹായിച്ചു.
അച്ഛന്റെ ശമ്പളത്തിൽ നിന്നും ഈ തുക തിരിച്ചു പിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ വീട്ടിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉണ്ടായി. പക്ഷേ അന്നും ഞങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നട്ടില്ല.
ഒരു നാളിൽ പെട്ടെന്ന് ദൈവം അച്ഛനെ അങ്ങ് വിളിച്ചു. തന്റേടമില്ലാത്ത അമ്മ എട്ടും പൊട്ടും തിരിയാത്ത കുട്ടികളായ ഞങ്ങളെയും കൊണ്ട് ജോലി വേണ്ടെന്ന് പറഞ്ഞു നാട്ടിലേക്ക് പോയി. പക്ഷേ അവിടെ നിന്നും അച്ഛന്റെ നല്ലവരായ സുഹൃത്തുക്കൾ നിർബന്ധിച്ചു തിരികെ കൊണ്ടു വന്നു. അച്ഛന്റെ ജോലി എത്രയും പെട്ടെന്ന് അമ്മയ്ക്ക് കിട്ടാനുള്ള ശ്രമം അവർ നടത്തി.
ജോലി കിട്ടുന്നതുവരെ അതുവരെ ജീവിതത്തിൽ അനുഭവിക്കാത്ത പലതും നേരിടേണ്ടി വന്നു. അച്ഛനില്ലാത്ത എറണാകുളത്തെ ഞങ്ങളുടെ വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾക്ക് - അച്ഛന്റെ മരണശേഷമുള്ള പൈസ കിട്ടി തുടങ്ങിയിട്ടില്ല, അമ്മയ്ക്ക് പകരം ജോലിയും ആയിട്ടില്ല. പട്ടിണി എന്താണെന്ന് അറിഞ്ഞ നാളുകൾ.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് അഭിമാനം കൂടുതലുള്ളതിനാൽ വീട്ടിൽ കഴിക്കാൻ ഒന്നുമില്ലെന്ന് ബന്ധുക്കളോട് പോലും പറയാൻ മടി.
എങ്ങനെ ആങ്ങളമാരോട് ചോദിക്കും? അവർക്ക് ഇഷ്ടമല്ലല്ലോ അച്ഛനില്ലാതെ ഞങ്ങൾ ഒറ്റയ്ക്ക് എറണാകുളത്ത് താമസിക്കുന്നത്. അതിന് കാരണം അമ്മയുടെ തന്റേടമില്ലായ്‌മയാണ്.
നല്ലവരായ അയൽക്കാർ അറിഞ്ഞില്ല ഞങ്ങളുടെ പട്ടിണി. അവരെ അറിയിച്ചില്ല. ഭക്ഷണം കൊടുത്തു ശീലിച്ചവർക്ക് ചോദിക്കാൻ മടി. വീട്ടിൽ അരി ഇട്ടു വെയ്ക്കുന്ന ഒരു തടി പെട്ടിയുണ്ട്. അതിൽ അരി ഒരു തരിയില്ല. ആ സമയത്ത് നാട്ടിൽ നിന്നും ഒരു കത്ത് വന്നു. അത് വായിക്കാനായി പൊട്ടിച്ചപ്പോൾ അതിലൊരു നൂറു രൂപ! അപ്പച്ചിയുടെ മോൻ ഞങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിച്ചു അയച്ച കത്തായിരുന്നു. അത് ഒരിക്കലും മരണം വരെ മറക്കാൻ കഴിയില്ല.
ആ നൂറു രൂപയുടെ കാലാവധിയും തീർന്നു. വീണ്ടും ഇനി എങ്ങനെ എന്ന ചോദ്യം. അന്നേരമാണ് എനിക്ക് ഓർമ വന്നത്. അച്ഛന് ഒരു കുഞ്ഞു തടിപ്പെട്ടിയുണ്ട്. അതിൽ നിധി പോലെ കാത്തു സൂക്ഷിക്കുന്ന കുറച്ചു ബുക്കുകൾ ഉണ്ട്. കൂടെ പണ്ട് അച്ഛൻ പഠിച്ച ബുക്കുകളും.
ആ പെട്ടിയിൽ അച്ഛൻ പൈസ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. വേഗം ഞാൻ ആ പെട്ടിയെടുത്തു. അവിടെ കുമാരനാശാന്റെ നളിനിയും, ലീലയും, ചിന്താവിഷ്ടയായ സീതയും, ചണ്ഡാലഭിക്ഷുകിയും, ദുരവസ്ഥയും, ചങ്ങമ്പുഴയുടെ വാഴക്കുലയും എല്ലാം എന്നെ സ്വീകരിച്ചു. അച്ഛൻ അവരെ ഏൽപ്പിച്ച കുറച്ചു പണം എനിക്ക് തിരികെ തന്നു.
അതുംകൊണ്ട് എന്റെ ഇളയവർ വേഗം കടയിൽ പോയി കുറച്ചു കപ്പ വാങ്ങി വന്നു. അന്ന് ഒരു കിലോ കപ്പയ്ക്ക് അഞ്ച് രൂപയാണ്. അടിപൊളി കപ്പ പുഴുങ്ങിയതും കൂടെ മുളക് ചമ്മന്തിയും ഏറെ സ്വാദോടെ ഞങ്ങൾ കഴിച്ചു. കുറച്ച് നാൾ ഞങ്ങൾക്കായി നല്ല പുട്ട് പോലെ പുഴുങ്ങുന്ന കപ്പ കടയിൽ കാത്തിരുന്നു.
ഇപ്പോഴും എനിക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം കപ്പയും കൂടെ കാന്താരി മുളകും ഉള്ളിയും ചേർത്ത ചമ്മന്തിയും.
അന്ന് ഇടയ്ക്ക് വീട്ടിൽ വരുന്ന ബന്ധുക്കളും അച്ഛന്റെ സുഹൃത്തുക്കളും ഞങ്ങൾക്ക് അരിയും മറ്റ് സാധനങ്ങൾ ചോദിക്കാതെ തന്നെ കൊണ്ടു തന്നിരുന്നു.
ആരെയും മറക്കാൻ കഴിയില്ല. എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി.
✍️ഷൈനി
Comments
Post a Comment