വിശ്വാസം


വിശ്വാസങ്ങൾ പലതരം

"കാണാൻ പറ്റാത്ത കൊറോണയെ നീ പേടിക്കുന്നുവെങ്കിൽ കാണാൻ പറ്റാത്ത ദൈവത്തെ നീ എന്തു കൊണ്ട് വിശ്വസിക്കുന്നില്ല?" ഈ കോവിഡ് കാലഘട്ടത്തിൽ ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള കാർട്ടൂൺ  സംഭാഷണമാണിത്. ഇതു  കാണുമ്പോൾ കുറേ ആളുകൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറയും.

എനിക്ക് പറയാനുള്ളത് പലരും പറഞ്ഞിട്ടുണ്ടാകും. എന്നാലും ഞാൻ പറഞ്ഞോട്ടെ... അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയിൽ ഉണ്ടല്ലോ. ഞാൻ പറയുന്നത് കേൾക്കാൻ ആരും ഇല്ല. പക്ഷെ ഞാൻ എഴുതുന്നത് വായിക്കാൻ ആരെങ്കിലും ഉണ്ടാകും.. ഇല്ലേ?

എന്റെ മാത്രം അഭിപ്രായം അതിൽ ആർക്കും പങ്കില്ല.

ചെറിയ കുട്ടിയായിരുന്നപ്പോ എപ്പോഴും "അതെന്താ അങ്ങനെ, ഇതെന്താ ഇങ്ങനെ " എന്നീ ചോദ്യങ്ങളാ ഞാൻ സ്ഥിരം എന്റെ മാതാപിതാക്കളോട് ചോദിക്കുന്നത്. എന്റെ ചോദ്യങ്ങൾക്ക് അതിരു വിടുമ്പോൾ അമ്മ വഴക്കു പറയും. അച്ഛൻ ഒരു പരിധിവരെ എന്റെ ചോദ്യങ്ങൾക്കു  ഉത്തരം തരും. ഇപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും... അന്നേരം ചില ഉത്തരങ്ങൾ കിട്ടും -  ചിലർക്കു മണ്ടത്തരം ആയിരിക്കും. എന്നാൽ എന്റെ അനുഭവം ആണ് ഈ കിട്ടിയ ഉത്തരങ്ങൾ.

"കാണാൻ പറ്റാത്ത കൊറോണ" ഇതെങ്ങനെ ശരിയാകും? നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ല, അത് ശരിയാണ്. പക്ഷേ സൂഷ്മദർശിനിയിൽ കൂടി  (microscope) കാണാൻ പറ്റില്ലേ.. ? അങ്ങനെ കണ്ടത് കൊണ്ടല്ലേ അതിനെതിരെ വാക്സിൻ കണ്ടുപിടിക്കാൻ ഈ ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. കിരീടം ഉള്ള രൂപമാണ് നാം കണ്ട വൈറസിൻ്റെത്. പകരം വേറൊരു രൂപവും കോവിഡിൻ്റെത് എന്ന് പറഞ്ഞ് ഞാൻ കണ്ടില്ല.

ദൈവത്തെ ആരെങ്കിലും കണ്ടിട്ടുണ്ടോ? 
ഉണ്ടെന്ന് പലരും പറയുന്നു. കൃത്യമായിട്ടുള്ള ഒരു രൂപം ആർക്കെങ്കിലും പറയാമോ? ഓരോ മതത്തിലും ഓരോ രൂപം. കോടാനുകോടി രൂപങ്ങളിലാണ് ദൈവം ഉള്ളത്. ഓരോ മതത്തിലുള്ളവർ പറയും - ഞങ്ങളുടെ മതത്തിലാണ് യഥാർത്ഥ ദൈവത്തിൻ്റെ രൂപം ഉള്ളത്. അങ്ങനെ എല്ലാ മതത്തിലുള്ളവരും  പരസ്പരം തർക്കിക്കും.  ദൈവത്തിനു വേണ്ടി യുദ്ധങ്ങൾ പോലും ഉണ്ടാക്കും.  ദൈവത്തിന്റെ പേരിൽ എല്ലാ മതത്തിലും ഓരോ ആചാരങ്ങൾ മനുഷ്യൻ ഉണ്ടാക്കിവെച്ചു. എന്നിട്ട് ആ പേരിലും കലഹങ്ങൾ. എങ്ങും കലഹങ്ങൾ മാത്രം....!!

എനിക്ക് ദൈവത്തെക്കുറിച്ചും  അറിയാനുള്ള ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. എല്ലാ മതങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെയാണ് എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഓം, കുരിശ്, ചന്ദ്രക്കല, നക്ഷത്രം തുടങ്ങിയവയുടെ ചിഹ്നങ്ങൾ  ഞാൻ എന്റെ നെറ്റിയിൽ വരയ്ക്കുന്നത്. സ്നേഹം, ദയ, ത്യാഗം, ധർമ്മം.... ഇതൊക്കെ തന്നെയാണ് ഓരോ മതഗ്രന്ഥത്തിലും ഉള്ളത്. ഒരു മതവും മോശമല്ല. മനുഷ്യനെ നേർവഴിക്കു നയിക്കാനായി ഓരോ മതങ്ങളും ഉണ്ടായി. പക്ഷെ....?!

ഞാൻ പള്ളിവക സ്‌കൂളിലാണ് പഠിച്ചത്. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ക്രിസ്ത്യാനിയാണ്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് മിക്കപ്പോഴും സ്കൂളിൽ  നിന്നും വീട്ടിലേക്കു പോകുന്നത്. പോകുന്ന വഴിക്കു ഒരു പള്ളിയുണ്ട്. ഞങ്ങൾ പള്ളിയുടെ പുറത്തുനിന്നും പ്രാർഥിക്കും. അവിടെ  കത്തുന്നതും കത്തിത്തീർന്നതുമായ ധാരാളം മെഴുകുതിരികൾ കാണാം. അതിൽ  കത്തിത്തീർന്ന മെഴുകുതിരിയുടെ കുറച്ചെടുത്തു എൻ്റെ കൂട്ടുകാരി കഴിക്കും. അതുകണ്ട് ഞാനും എടുത്തു കഴിക്കും. എത്ര ചവച്ചാലും അതു തൊണ്ടയിൽ നിന്നും ഇറങ്ങില്ല. കൂട്ടുകാരി പറഞ്ഞിരിക്കുന്നത് അത് തുപ്പി കളയാൻ പാടില്ലാന്ന്, കാരണം ദൈവം കോപിക്കും.   അതുകൊണ്ട് എങ്ങനെയെങ്കിലും കുറച്ചിറക്കും. ഇതൊരു പതിവായിരുന്നു. ഒരിക്കൽ ഞങ്ങളുടെ ഈ പ്രവൃത്തി ഒരു കന്യാസ്ത്രീയുടെ കണ്ണിൽപെട്ടു. അവർ വന്ന് ഞങ്ങളെ ഒത്തിരി വഴക്ക് പറഞ്ഞു. അതോടുകൂടി മെഴുകുതിരി തീറ്റ അവസാനിച്ചു. അറിവില്ലാത്ത പ്രായത്തിൽ അമിതമായ ഭക്തിയിൽ ചെയ്ത ഒരു തെറ്റ് ആയിരുന്നു. പക്ഷേ ഇന്ന്  മുതിർന്നവർ അതിനെക്കാളും വലിയ തെറ്റുകൾ ചെയ്യുന്നത് ഞാൻ കാണുന്നു. വിദ്യാഭ്യാസം ഉണ്ടായിട്ടും ഭക്തി അവരെ വിവേകം ഇല്ലാത്തവരാക്കുന്നു.

ഞാൻ മനസ്സിലാക്കിയിടത്തോളം അരൂപിയായ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ദൈവത്തിനെ നമുക്കിഷ്ടമുള്ള രൂപത്തിൽ ആക്കി പലയിടത്തും ബന്ധിച്ചു. എന്നിട്ട് യുക്തിക്കു നിരക്കാത്ത കുറെ ആചാരങ്ങളും  ഉണ്ടാക്കിയിട്ട്  ബന്ധനത്തിൽ ആയ ദൈവത്തിന്റെ പേരിൽ കലഹങ്ങളും. ഇതെന്തു ഭക്തിയാണ്?!

ആൾദൈവങ്ങളുടെ പുറകെയും കുറേ ആളുകൾ . ഈ ആൾദൈവങ്ങൾ എല്ലാം ഇപ്പൊൾ  എവിടെയാണ്? കൊറോണക്കെതിരെ വാക്സിൻ എന്തിനാ കണ്ടുപിടിക്കുന്നത്? ഓരോ മുക്കിലും മൂലയിലും ആൾദൈവങ്ങൾ ഇരിക്കുകയല്ലേ. ഇപ്പോഴല്ലേ അവരുടെ ശക്തി തെളിയിക്കേണ്ടത്. അതെങ്ങനെയാ -  അവരും ഈ വാക്സിനു വേണ്ടി കാത്തിരിക്കുകയല്ലേ..!! എന്നിട്ട് വേണം അവർക്ക് അടുത്ത തട്ടിപ്പിന്റെ തിരക്കഥ ഉണ്ടാക്കാൻ.  ഇപ്പൊ  ഒരു ആൾദൈവം'സ്വന്തം രാജ്യം' തന്നെ ഉണ്ടാക്കി. അവിടെ പ്രത്യേകം കറൻസിയും  ഉണ്ടാക്കി....!!! ഇനി എന്തൊക്കെ ഉണ്ടാക്കുമോ എന്തോ!!

"ഭക്തി" അതൊരു ലഹരിയാണ്...
ആ ലഹരി മനുഷ്യനെ നല്ലതും ചീത്തയും ചെയ്യിക്കുന്നു. ഒരു കൂട്ടർ തങ്ങളുടെ ജീവിതം തന്നെ ലോകനന്മക്കായി നീക്കിവെക്കുമ്പോൾ അതിനെ ഇല്ലാതാക്കാൻ മറ്റൊരു കൂട്ടർ സംഘം ചേരുന്നു.. എന്നിട്ട്‌ പറയും ദൈവത്തിന്റെ കല്പനയാണെന്നു...!!!!  ചിന്തിക്കാൻ കഴിവില്ലായിരുന്നെങ്കിൽ ഒട്ടുമിക്ക പൊട്ടത്തരങ്ങൾക്കും കൂട്ടു നിന്നേനെ.

നിങ്ങൾ ഇപ്പൊ വിചാരിക്കും ഞാൻ ദൈവവിശ്വാസി അല്ലെന്നു... പക്ഷേ, ഞാൻ ഈശ്വരവിശ്വാസി തന്നെയാണ്. ആ വിശ്വാസം തന്നെയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആരോടും പറയാൻ പറ്റാത്ത ദുഃഖത്തിന്റെ ഭാണ്ഡക്കെട്ട് തുറക്കാൻ പറ്റിയ ഒരു ഇടം ആണ് എന്റെ ദൈവം. എന്റെ ദൈവത്തെ ഞാൻ പല രൂപത്തിലും കാണുന്നു. ദൈവത്തെ വിളിക്കാൻ പ്രത്യേകം സ്ഥലം  വേണമെന്നില്ലെന്ന് എല്ലാവരെയും പോലെ എനിക്കും ഇന്ന്  മനസ്സിലായി. എവിടെ നിന്ന് വിളിച്ചാലും വിളി കേൾക്കുന്ന അദൃശ്യനായ ശക്തി, അങ്ങനെ ഞാൻ വിശ്വസിക്കുന്നു.  എന്നും കൂടെയുണ്ട് എന്നൊരു തോന്നൽ. അതൊരു അനുഭവമാണ്.

എല്ലാം  പ്രാർത്ഥനയിലൂടെ നേടാമെന്ന് ഞാൻ വിചാരിച്ചു. പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട് മനസിലായി. ഒരു ജീവൻ നിലനിർത്താൻ പ്രാർത്ഥനയിലൂടെ പറ്റുമോ? അങ്ങനെയാണെങ്കിൽ എന്റെ അച്ഛൻ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നു.   അച്ഛൻ ഇല്ലാതെ വന്നപ്പോഴുള്ള ദുരിതങ്ങൾ ഒന്നും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. പക്ഷെ, ആ ദുഃഖത്തിൽ നിന്നും കരകയറാനുള്ള ശക്തി പ്രാർത്ഥനയിലൂടെ കിട്ടി.
എന്റെ പ്രാർത്ഥനയുടെ 90% വും നടന്നിട്ടില്ല. ഇനി നടക്കുകയും ഇല്ല. അപ്പൊ എന്തിനാ പ്രാർത്ഥിക്കുന്നത് എന്നു തോന്നും. പ്രാർത്ഥന എന്റെ മനസിന്‌ എന്ത് ദുഃഖവും താങ്ങാനുള്ള ശക്തി തരുന്നു. എന്നാൽ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരുപാട് നല്ലതും  എന്റെ ജീവിതത്തിൽ നടക്കുന്നു. പ്രാർത്ഥനയിൽ കൂടി എല്ലാം നേടാം എന്നുള്ള വാശി ഇന്നെനിക്കില്ല, കാരണം അത് നടക്കില്ല എന്നതാണ്  ഞാൻ മനസിലാക്കിയ സത്യം.

ദൈവമില്ല എന്നു പറയുന്നവരോട് വാദിക്കാൻ ഞാനില്ല. ജീവിതം അവസാനിച്ചു എന്ന് കരുതുന്ന സമയത്തു പ്രാർത്ഥന തരുന്ന ഊർജം, പ്രത്യേകിച്ച് മനസിന് തീരെ കട്ടിയില്ലാത്തവർക്കു അതൊരനുഗ്രഹം ആണ്. ദൈവം സ്നേഹമാണ്. ഞാൻ പലപ്പോഴും ദൈവത്തെ സ്വപ്നം കണ്ടിട്ടുണ്ട്. പല രൂപത്തിൽ - കൃഷ്ണനായും യേശുവായും ഗണപതിയായും... എല്ലാം സ്വപ്നത്തിൽ ആണേ. അപ്പോഴെല്ലാം എനിക്ക്  സന്തോഷമാണ് ഉണ്ടാവുക. മനസിന് എന്തെന്നില്ലാത്ത ഒരു ധൈര്യം കിട്ടും. ദൈവത്തെ നേരിട്ടും കണ്ടിട്ടുണ്ട്. ഒത്തിരി വിഷമിച്ചിരിക്കുന്ന സമയത്തു എന്റെ മനസിന്‌ ധൈര്യം തരുന്നതാരോ അവരിൽ ഞാൻ ദൈവത്തിന്റെ സാന്നിധ്യം അറിയുന്നു. അത് ചിലപ്പോൾ എന്റെ കൂട്ടുകാരോ വീട്ടുകാരോ ആയിരിക്കാം... നമ്മുടെ കൺകണ്ട ദൈവം മാതാപിതാക്കൾ അല്ലെ? ഒരുപാട് വിഷമമുള്ള സമയത്തു അമ്മയോട് ഞാൻ വഴക്കിടാറുണ്ട്. അതുപോലെ തന്നെ ദൈവത്തോടും. അമ്മ എന്നെ വഴക്കുപറയും, അതുകൊണ്ട് മനസിലുള്ള എല്ലാ ദുഃഖങ്ങളും വള്ളിപുള്ളി തെറ്റാതെ ദൈവത്തോട് പറഞ്ഞു വഴക്കിടും. അതുകഴിയുമ്പോൾ മനസിന്‌ വല്ലാത്ത സുഖം കിട്ടും.  പിന്നെ അമ്മയും ദൈവവും ഒരുപോലെയാ... എന്താന്നോ.... എന്നോട് ക്ഷമിക്കും!!

ജീവിതമാകുന്ന വിദ്യാലയത്തിലെ മനസാകുന്ന എന്റെ പുസ്തകം തുറന്നാൽ
അതിൽ നിറയേ എന്റെ ചോദ്യങ്ങളും ഇടയ്ക്കു വല്ലപ്പോഴും കാണുന്ന ദൈവത്തിന്റെ ഉത്തരങ്ങളും!!


വിശ്വാസംവിശ്വാസംവിശ്വാസം
വിശ്വാസം



Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )