അമളി

 

അമളി

 ' അമളി ' സ്കൂളിൽ പഠിക്കുമ്പോൾ പഠിച്ച വാക്ക്. ഈ വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ തന്നപ്പോൾ എനിക്ക് എഴുതാൻ അറിയില്ലായിരുന്നു. പക്ഷേ, ഇപ്പോ തന്നിരുന്നെങ്കിൽ നൂറെണ്ണം എഴുതിയേനെ. അത്രയ്ക്കുണ്ട് എന്റെ അനുഭവത്തിൽ. കുറേ മറന്നുപോയി. എന്നാലും മറക്കാത്ത ചിലതുണ്ട്.

 ചെറുതിലെ ഞാൻ നല്ല വായാടി ആയിരുന്നു. ഒരു ചമ്മലും ഉണ്ടായിരുന്നില്ല. ഡാൻസ്, കഥാപ്രസംഗം, പിന്നെ തോൽ‌വിയിൽ ഫസ്റ്റ് നേടുമെന്നറിഞ്ഞുകൊണ്ട് ഓട്ടത്തിനും ചാട്ടത്തിനും അങ്ങനെ എല്ലാത്തിനും ചേരുമായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അടുത്തുള്ള വീടുകളിൽ ചെന്ന് അവർ ആവശ്യപ്പെടാതെ തന്നെ കഥാപ്രസംഗവും ഡാൻസുമെല്ലാം അവതരിപ്പിച്ചു അവർക്കു സ്വസ്ഥത കൊടുക്കില്ല. ആറേഴ് ക്ലാസ്സ് ആയപ്പോഴേക്കും പതിയെ പതിയെ എന്റെ സ്വഭാവം മാറി തുടങ്ങി. അപ്പോഴും ഡാൻസ് എന്റെ ജീവനാണ്.

 ഒമ്പതാം ക്ലാസ്സൊക്കെ എത്തിയപ്പോഴേക്കും ഞാൻ പുറത്തിറങ്ങിയാൽ ആരോടും സംസാരിക്കില്ല. മിണ്ടാത്തത് കൊണ്ട് അച്ഛൻ എന്നെ വഴക്കു പറയുമായിരുന്നു. ഭയമായിരുന്നു മിണ്ടാൻ. വീട്ടിൽ പുലിയും നാട്ടിൽ പൂച്ചയും. ആരെങ്കിലും വീട്ടിൽ വന്നാൽ (പരിചയക്കാർ വന്നാൽപോലും) 'ഞാൻ അകത്തേക്ക് ഓടി പോകും'. ഈ കാര്യത്തിൽ എപ്പോഴും അമ്മയും വഴക്കുപറയും. വഴിയിൽവെച്ച് പരിചയക്കാരെ ആരെയെങ്കിലും കണ്ടാൽ ഞാൻ മിണ്ടാത്തത് കൊണ്ട് - അവർ വീട്ടിൽ വരുമ്പോൾ അമ്മയോട് എന്റെ കുറ്റം പറയും. ഞാൻ കാരണം അവരോട് അമ്മയ്ക്ക് സോറി പറയേണ്ടിവരും. അനിയത്തി ഉൾപ്പെടെ എല്ലാവരും എന്നെ വഴക്കുപറയാൻ തുടങ്ങി. എന്റെ ധൈര്യമില്ലായ്മ കാരണം - ഞാൻ എന്നെത്തന്നെ വെറുത്തു. അവസാനം ഞാൻ അത് എങ്ങനെയെങ്കിലും മാറ്റാൻ ശ്രമിച്ചു.

 ഒരിക്കൽ ഒരു കല്യാണത്തിന് ഞങ്ങൾ പോയി. അവിടെ കല്യാണത്തിന് വന്നവരോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ദൂരെ ഒരാളെ കണ്ടു. നല്ല പരിചയം. അപ്പോഴാ മനസ്സിലായത്, ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന ചേട്ടൻ. ഞാനാ ചേട്ടനെ നോക്കി ചിരിച്ചു. അപ്പോ അനിയത്തി എന്നെ നോക്കി. കാരണം, പരിചയമില്ലാത്ത ഒരാളെ നോക്കി ഞാൻ ചിരിക്കുന്നു!. എനിക്ക് എന്തു പറ്റി എന്ന് അത്ഭുതത്തോടെ അമ്മയും നോക്കി എന്നെ. ആ ചേട്ടന്റെ അടുത്ത് വേറെ കുറച്ചു പേർ ഉണ്ട്. ആ ചേട്ടന്റെ കൂട്ടുകാരാണ്. ഞാനാ ചേട്ടനെ നോക്കി ചിരിച്ചപ്പോൾ അതിശയത്തോടെ ആ ചേട്ടനും എന്നെ നോക്കി ചിരിച്ചു. പിന്നെ ഞാൻ ആംഗ്യഭാഷയിൽ എന്റെ അമ്മയെയും അനിയത്തിയേയും പരിചയപ്പെടുത്തി. ആ ചേട്ടൻ തലകുലുക്കി. അപ്പൊ അടുത്തിരുന്ന അവരോട് എന്തൊക്കെയോ പറഞ്ഞ് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു. അമ്മയോടും അനിയത്തിയോടും നമസ്കാരം ഒക്കെ പറഞ്ഞിട്ട് എന്നോട് ചോദിച്ചു. " സോറി, ഒന്നും തോന്നരുത്... കുട്ടി ആരാണെന്ന് മനസ്സിലായില്ല "!!!

 ഇതുപോലൊരു നാണക്കേട് വേറെ ഉണ്ടോ?! അപ്പോൾ എനിക്ക് തോന്നി എന്റെ പഴയ സ്വഭാവം തന്നെ മതിയായിരുന്നെന്ന്. ഹോ.. എന്റെ വീട്ടുകാരുടെ പോട്ടെ, അവിടെ കൂടി നിന്നവരുടെ ആരുടെയും മുഖത്ത് നോക്കാനുള്ള ധൈര്യം ഉണ്ടായില്ല.  

പിന്നീട് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. ആ ചേട്ടന്റെ കല്യാണത്തിന് ഞങ്ങൾ എല്ലാവരും പോയി. ഈ കഥ ഞാൻ മറന്നാലും അവര് മറക്കില്ല. എപ്പോ ഒരുമിച്ചു കാണുന്നുവോ അന്നേരമെല്ലാം ഇതാണ് ആദ്യം പറയുക. അല്ലെങ്കിൽ പിരിയുന്നതിനു മുൻപ് പറഞ്ഞിരിക്കും. എന്തു സന്തോഷമാ.. ഒരാൾക്ക് പറ്റിയ അബദ്ധം പറഞ്ഞു ചിരിക്കാൻ.!🤗

 സ്കൂളിൽ 'വാക്യത്തിൽ പ്രയോഗിക്കാൻ ' പറ്റിയില്ലെങ്കിലും എന്റെ ജീവിതത്തിൽ പ്രയോഗിച്ചു. ഒരു കല്യാണ വീട്ടിൽ എനിക്ക് പറ്റിയ അമളി.!!!
 


Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )