ശപഥം
എന്റെ കഴുത്തിൽ ഒരു കുഞ്ഞു മുഴയുണ്ടായിരുന്നു. ഞാൻ ജനിച്ചപ്പോഴേ ഉള്ളതാ. 'അന്ന് അവിടെ ചെറിയ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ' എന്ന് അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ വളരുന്തോറും മുഴയും ചെറുതായി വളർന്നു. എന്നെ പല ഡോക്ടറേയും കാണിച്ചു. പേടിക്കാനൊന്നും ഇല്ലെന്ന് എല്ലാവരും പറഞ്ഞു. കൂട്ടത്തിൽ ഒന്നൂടെ പറഞ്ഞു - "ഒരിക്കലും ഓപ്പറേഷൻ ചെയ്യരുത്." കാരണം ഓപ്പറേഷൻ ചെയ്താൽ എന്റെ ജീവന് ആപത്താണ്. അതിനാൽ ആ വശത്തേക്കു പിന്നീട് പോയില്ല. എന്നാലും, ഹോമിയോയും ആയുർവേദവും എല്ലാം നോക്കി. പല നേർച്ചകളും നേർന്നു. പ്രത്യേകിച്ചു 'ഓച്ചിറയിലും ശബരിമലയിലും'. ഈ മുഴ കാരണം ശബരിമലയിൽ പോകാനുള്ള ഭാഗ്യം കിട്ടി. പിന്നെ അച്ഛന്റെ ഓഫീസിലെ ഒരു അങ്കിൾ പറഞ്ഞിട്ട് കാഞ്ഞിരമറ്റം പള്ളിയിലും പോയി. ഇനി ഞാൻ അറിയാത്ത എത്ര നേർച്ചകൾ എന്റെ മാതാപിതാക്കൾ നേർന്നിട്ടുണ്ടെന്നു എനിക്കറിയില്ല.
കുട്ടിക്കാലത്ത് എനിക്ക് ഈ മുഴ ഒരഹങ്കാരം ആയിരുന്നു. വീട്ടിൽ ആരു വന്നാലും ആദ്യം എന്റെ കഴുത്തിലെ മുഴയുടെ വളർച്ച എങ്ങനെയുണ്ടെന്ന് നോക്കും. പിന്നെ സ്കൂളിൽ ചെന്നാലോ ( ചെറിയ ക്ലാസ്സിൽ ) അവിടെയും ടീച്ചർമാരെല്ലാം എന്നെ എപ്പോഴും വിളിച്ച് ഈ മുഴ നോക്കും... കുറഞ്ഞോ എന്ന്. ഞാൻ അഭിമാനത്തോടെ കാണിച്ചു കൊടുക്കും. വേറെ കുട്ടികൾക്ക് ഇല്ലാത്തതാണല്ലോ!. പിന്നെ എന്നെ കൊണ്ട് അവർ ഡാൻസ് കളിപ്പിക്കും. സ്കൂൾ ആനിവേഴ്സറി വരുമ്പോൾ ഡാൻസ് പ്രാക്ടീസിന് എന്നെ വിളിക്കാൻ വരുന്നവർ എന്റെ പേരിനേക്കാൾ കഴുത്തിൽ മുഴയുള്ള കുട്ടിയെ വേണം എന്നാണ് ക്ലാസ് ടീച്ചറോട് പറയുക.
ഹൈസ്കൂൾ ആയപ്പോഴേക്കും കൂട്ടുകാരികളിൽ ഒരാൾ എന്റെ മുഴയെ കളിയാക്കിക്കൊണ്ട് സംസാരിച്ചു. അതിനു മറുപടി എന്റെ മറ്റു കൂട്ടുകാരികൾ കൊടുത്തു. പക്ഷേ, അന്നു തുടങ്ങി ഞാൻ മനസ്സിലാക്കി ഈ മുഴ അഭംഗി ആണെന്ന്. ഞാൻ വീട്ടിലും വന്നു പറഞ്ഞു. അമ്മ എന്നെ സമാധാനിപ്പിച്ചു.
പുതിയതായി കാണുന്ന എല്ലാവരുടെയും 'ഇതെന്താണ് ഇതെന്താണ് ' എന്ന ചോദ്യം കേട്ടു കേട്ടു മടുത്തു.
ഞങ്ങൾ എപ്പോഴും പോകുന്ന ഒരു അമ്പലമുണ്ട് - ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രം. എന്റെ നാവിൽ എപ്പോഴും വരുന്ന വിളിയാണ് "എന്റെ കൃഷ്ണാ". ഒരിക്കൽ അവിടെ നിന്നു പ്രാർത്ഥിച്ചപ്പോൾ എന്റെ മനസ്സിൽ അപ്പോൾ തോന്നി - കുറെ നാളായല്ലോ ഈ രീതി തുടങ്ങിയിട്ട്.. ഒന്ന് മാറ്റി പിടിച്ചാലോ? അവിടെ ആ നടയിൽ വച്ച് ഞാൻ ഒരു ശപഥം എടുത്തു. ( മുടിക്ക് അത്യാവശ്യം നീളം ഉള്ളതുകൊണ്ട് ) മുടി എടുത്ത് മുഴ കാണാൻ പറ്റാത്ത രീതിയിൽ മറച്ചു. എന്നിട്ട് കൃഷ്ണനോട് പറഞ്ഞു : " എന്ന് എന്റെ മുഴ മാറുന്നുവോ അന്ന് മാത്രമേ എന്റെ കഴുത്തിന്റെ വലതുവശത്തെ മറ നീക്കുകയുള്ളൂ."
അന്ന് തുടങ്ങി എന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കഴുത്തിലെ മുഴ തൊട്ടു ആരും കാണാതെ ഞാൻ പ്രാർത്ഥിക്കും. അങ്ങനെ ഒരു വർഷത്തോളം. ഒരു അത്ഭുതവും നടന്നില്ല.🙄😔
അന്നുമുതൽ പുതിയതായി ആരെന്നെ പരിചയപ്പെട്ടാലും അവർ ഈ മുഴ കണ്ടില്ല. മുടി മുന്നോട്ട് ഇടുന്നത് ഫാഷൻ ആണെന്ന് അവർ വിചാരിച്ചിട്ടുണ്ടാവും. എന്തായാലും ചോദ്യം ചോദിച്ച് അവർക്കും ഉത്തരം പറഞ്ഞു എനിക്കും ബുദ്ധിമുട്ടുണ്ടായില്ല.
മരണം വരെ അച്ഛന് ഈ ഒരു ദുഃഖം ഉണ്ടായിരുന്നു. അമ്മ എങ്ങിനെയോ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് അറിഞ്ഞു. ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആയ അങ്കിളാണ് ആ ഡോക്ടറെ പരിചയപ്പെടുത്തി തന്നത്. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റിലെ അറിയപ്പെടുന്ന ഡോക്ടറാണ്. ഞാനും അമ്മയും ആ ഡോക്ടറെ പോയി കണ്ടു. ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു: "കുഴപ്പമില്ല. സർജറി ചെയ്യാം. തൊലിപ്പുറത്താണ് ചെയ്യുന്നത്. പേടിക്കേണ്ട. രാവിലെ ഹോസ്പിറ്റലിൽ വന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് വൈകിട്ട് തിരിച്ചു പോകാം." ഇതുകേട്ടപ്പോൾ അമ്മയും ഞാനും ഹാപ്പിയായി. ഓപ്പറേഷൻ തീയതിയും ഉറപ്പിച്ചാണ് ഞങ്ങൾ അവിടെ നിന്നും മടങ്ങിയത്.
ഓപ്പറേഷന്റെ തലേദിവസം എന്നിൽ ഉണ്ടായ മാറ്റം ആരും അറിഞ്ഞില്ല. ഒരിക്കലും തിരിച്ചു വരാത്ത യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. എല്ലാവരെയും കൺകുളിർക്കെ കാണുകയായിരുന്നു. അവരെ മാത്രമല്ല, എന്റെ വീട്ടിലെ ഓരോ സാധനങ്ങളെയും. എന്തിനു പറയുന്നു - പാത്രം കഴുകിയപ്പോൾ ഞാൻ എന്റെ മനസ്സിൽ പറഞ്ഞത്: "ഇത് എന്റെ അവസാനത്തെ പാത്രം കഴുകൽ"😄😃
പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് ഒരുപാട് സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി - ഞാൻ ഇവിടെ ഇനി ഏത് ഷേപ്പിൽ ആയിരിക്കും വരുന്നത് എന്ന ചിന്തയിൽ?!
ഹോസ്പിറ്റലിൽ ഒപ്പിടാൻ വേണ്ടി ഒരു ബുക്ക് കൊണ്ടുവന്നു. അമ്മ അതിൽ ഒപ്പിട്ടപ്പോൾ എനിക്ക് പേടി തോന്നിയില്ല. പക്ഷേ അമ്മയുടെ പേടി ഞാൻ കണ്ടു. എന്താണെന്ന് എനിക്കറിയില്ല - ആശുപത്രിയിൽ എത്തിയപ്പോൾ എന്റെ പേടിയൊക്കെ മാറി. അവർ എന്നെ രാവിലെതന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി.
ഞാൻ ചിരിച്ചു കൊണ്ടാണ് തിയേറ്ററിലേക്ക് പോയത്. നേഴ്സ് എന്നോട് ചോദിച്ചു: പേടിയുണ്ടോ? ഞാൻ പറഞ്ഞു: "ഇല്ല ". അത്ഭുതത്തോടെയാണ് ഓപ്പറേഷൻ തിയേറ്ററിന്റെ ഓരോ ഭാഗവും ഞാൻ നോക്കി കണ്ടത്. അവിടെ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. രണ്ട് ഡോക്ടറും , പിന്നെ രണ്ടോ മൂന്നോ നേഴ്സും ഉണ്ടായിരുന്നു. എന്നോട് പലതും അവർ ചോദിച്ചതിനുള്ള മറുപടി പറയുന്നതിനിടയിൽ ആദ്യത്തെ ഇഞ്ചക്ഷൻ തന്നു - കഴുത്തിൽ. നല്ല സുഖം. അപ്പോൾ തന്നെ വീണ്ടും കഴുത്തിൽ ഒന്നുകൂടെ തന്നു. അത് അതിലും സുഖം ഉള്ളതായിരുന്നു (ജഗതിയുടെ കഴുത്തിൽ വെടിയുണ്ട ഏറ്റത് പോലെ). അപ്പോൾ തന്നെ എന്റെ വലതുകൈ വരെ മരവിച്ചു. അവർ മുഴ നീക്കം ചെയ്യാൻ തുടങ്ങി. ഞാനറിഞ്ഞില്ല. പക്ഷേ, അവസാനം ഞാൻ അറിഞ്ഞു. അവിടെ മരവിച്ചില്ലായിരുന്നു. അന്നേരം ചെറുതായി ഒച്ച എടുത്തു. നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു. ബ്ലീഡിങ് നിൽക്കുന്നില്ലല്ലോ എന്ന് ഡോക്ടർമാർ പറയുന്നത് ഞാൻ കേട്ടു. "ഞാൻ ഉറപ്പിച്ചു... ചോര വാർന്നുള്ള എന്റെ മരണം."😃😃
ഓപ്പറേഷൻ എന്തായാലും കഴിഞ്ഞു. പിന്നെ ഐസിയുവിൽ കിടത്തി. അവിടെ കണ്ട കാഴ്ചകൾ എന്റെ മനസ്സ് മരവിപ്പിച്ചു. ഭൂമിയിലെ മാലാഖ നേഴ്സ് ആണെന്ന സത്യം അവിടെവെച്ച് ഞാൻ മനസ്സിലാക്കി.
ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്തുള്ള അമ്മയെ ഓർത്തു എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. എനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് അമ്മയോട് പറയാൻ ഞാൻ നേഴ്സ്സിനോട് പറഞ്ഞു. അവർ പോയി പറഞ്ഞോന്ന് എനിക്കറിയില്ല. ഇടയ്ക്കിടെ ഡോക്ടർ വന്നെന്നെ നോക്കുന്നുണ്ട് - ബ്ലീഡിങ് നിന്നോന്ന് അറിയാൻ.
ഓപ്പറേഷൻ തിയേറ്ററിൽ നടന്നു പോയ ഞാൻ തിരിച്ചു കിടന്നു വന്നു. കരഞ്ഞിരിക്കുന്ന അമ്മയേയും ഫാമിലി ഫ്രണ്ട് ആയ അങ്കിളിനെയും കണ്ടു. അപ്പോഴാ എനിക്ക് മനസിലായത് സമയം രാത്രിയായെന്നു. അനങ്ങാൻ പറ്റാത്ത എന്നെ കണ്ടു അമ്മ പേടിച്ചു. എന്തായാലും അന്ന് തന്നെ ഞങ്ങൾ വീട്ടിൽ എത്തി.
കണ്ണാടിയിൽ എന്റെ കഴുത്തു കണ്ടപ്പോൾ ഒരു സിനിമയിൽ ജഗതി ശ്രീകുമാർ ചെയ്ത കഥാപാത്രത്തെ ആണ് ഓർമ വന്നത്. അദ്ദേഹം അഭിനയിച്ചു.. ഞാൻ അനുഭവിച്ചു.😆
കുറച്ചു നാൾ എനിക്ക് പരസഹായം വേണ്ടി വന്നു. അങ്ങനെ എന്തായാലും കഴുത്തിലെ മുഴ മാറി. ആരോടൊക്കെ ആണ് ഞാൻ നന്ദി പറയേണ്ടത്? ആദ്യം എന്റെ അമ്മയോടാണ്. പിന്നെ അങ്കിൾ, ഡോക്ടർ, നേഴ്സ്, അവസാനം ദൈവത്തോടും.
ഞാൻ വീണ്ടും കലാഭവനിൽ പോകാൻ തുടങ്ങി. ആദ്യമൊക്കെ ഡാൻസ് കളിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നീട് മാറി.
ഞങ്ങൾ വീണ്ടും ചിറ്റൂർ അമ്പലത്തിൽ ചെന്നു. ഭഗവാന്റെ നടയിൽ വെച്ച് ഞാൻ എന്റെ കഴുത്തിന്റെ വലതു ഭാഗം ആദ്യമായി ഭഗവാനെ കാണിച്ചു. എന്റെ ശപഥം ഞാൻ നിറവേറ്റി. അവിടെ വെച്ചാണ് ഈ ശപഥത്തിന്റെ കാര്യം അമ്മയോടും അനിയത്തിയോടും പറയുന്നത്. അവർ ചിരിച്ചു തള്ളി.
പിന്നീട് ആരും മുഴയെക്കുറിച്ച് ചോദിച്ചില്ല. പകരം ചോദ്യം ഒന്ന് മാറ്റി. ഇതെന്താ സ്റ്റിച്ചിട്ട പാട്? മറുപടി: "അവിടെ ഒരു മുഴയുണ്ടായിരുന്നു."🤗

Super.....
ReplyDelete👏👏👌
ReplyDelete🙏🙏🙏
Delete🙏😊
ReplyDelete