മനുഷ്യ ജന്മം
ഓരോ അമ്മമാരും മക്കളെക്കുറിച്ചു വാതോരാതെ സംസാരിക്കും. ആ സംസാരത്തിൽ എല്ലാം എന്റെ മക്കൾ തെറ്റ് ചെയ്യില്ല എന്ന ആത്മവിശ്വാസം ഉണ്ട്. അമ്മമാരുടെ ഈ വിശ്വാസത്തെ എത്ര മക്കൾ സംരക്ഷിക്കുന്നു? പഠിച്ചു എത്ര വലിയ നിലയിൽ എത്തിയാലും മക്കൾ ഏതെങ്കിലും മോശപ്പെട്ട സാഹചര്യത്തിൽ കണ്ടാലോ കേട്ടാലോ ആ മനസ്സ് തകരുന്നത് ഈ മക്കൾ അറിയില്ല. അറിഞ്ഞാലും അവർക്കു അത് അത്രയ്ക്ക് വലിയ തെറ്റായി തോന്നുകയും ഇല്ല. അതിനു മനസാക്ഷി എന്നത് ഈ കൂട്ടർക്ക് ഇല്ലല്ലോ.
ഏതൊരു പെണ്ണിലും, അത് ആരും ആയിക്കോട്ടെ പ്രായവ്യത്യാസം ഇല്ലാതെ തോന്നുന്ന കാമം അവനെ മനുഷ്യനല്ലാതെയാക്കുന്നു. മൃഗം എന്നു പറയാൻ പറ്റില്ല. മൃഗത്തിനും അതിന്റെതായ അന്തസ്സുണ്ട്. ഇത്തരം ആൾക്കാരോടു സഹതാപം മാത്രമേ ഉള്ളൂ. അവനെയും പെറ്റത് ഒരു സ്ത്രീയാണല്ലോ എന്നോർത്ത്.
ഇപ്പൊ എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. ഏതിനും നല്ലതും ചീത്തയും ഉണ്ട്. കുറ്റവാളികൾക്കു കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരം മൊബൈൽഫോൺ ചെയ്തു കൊടുക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിഞ്ഞു അതിൽ നല്ലത് മാത്രം ചെയ്യാനുള്ള കഴിവ് ഫോണിനും ഉണ്ടായിരുന്നെങ്കിൽ!!... ഒരുപാട് പേരുടെ മനസ്സ് വേദനിക്കുന്നത് അവസാനിക്കുമായിരുന്നു. പലരും മെസ്സേജുകൾ കൈമാറും. അത് കിട്ടുന്ന ആൾക്ക് സന്തോഷമാണോ സങ്കടമാണോ എന്നു അറിയാൻ ഉള്ള സാമാന്യ ബോധം ഉള്ളവർ ആയിരിക്കുമല്ലോ അയക്കുന്നത്. എന്തിനാ ഇങ്ങനെ മറ്റുള്ളവരെ വേദനിപ്പിച്ചു കിട്ടുന്ന സുഖം?
എല്ലാവരെയും ഒരേ കണ്ണുകൊണ്ടു കാണരുത്. മോശം ആളുകളും ഉണ്ടാകുമായിരിക്കാം. അങ്ങനെ അല്ലാത്തവർക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട്.
എനിക്കും ഒരു മോനാണ് ഉള്ളത്. അവൻ ഒരു ഡോക്ടറോ എഞ്ചിനീയറോ ഐ പി എസ് ഓഫീസറോ ഒന്നും ആകാനല്ല ഞാൻ ആഗ്രഹിക്കുന്നത്. അവൻ ഒരു നല്ല മനുഷ്യൻ ആകണം. അവന്റ അമ്മയാണ് എന്നു പറഞ്ഞു എനിക്ക് അഭിമാനിക്കണം. സ്ത്രീത്വത്തെ അപമാനിക്കാത്തവൻ ആയിരിക്കണം. അവിടെയാണ് ഞാൻ എന്ന അമ്മ തല ഉയർത്തി നിൽക്കുകയുള്ളൂ. ഇല്ലെങ്കിൽ എന്റെ ആത്മഹത്യയാണ് ഉചിതം.
അവനോട് എപ്പോഴും പറഞ്ഞു കൊടുക്കാറുണ്ട് - "നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ സ്പർശനം കൊണ്ടോ ഒരു സ്ത്രീയെയും അപമാനിക്കരുത്. നീ അങ്ങനെ ചെയ്താൽ അത് നിന്റെ അമ്മയെത്തന്നെയാണ് അപമാനിക്കുന്നത്. നിന്റെ അമ്മയുടെ അഭിമാനം നിന്റെ കൈയിൽ ആണ്."
ഓരോ വ്യക്തിയും വിചാരിച്ചാൽ മതി ഈ സമൂഹം നന്നാവാൻ. പക്ഷെ, അങ്ങനെ വിചാരിക്കില്ലല്ലോ!! അടുത്തൊരു ജന്മം ഉണ്ടെങ്കിൽ... അയ്യോ!! മനുഷ്യജന്മം വേണ്ടേവേണ്ട....

good
ReplyDeleteThankyou
DeleteSuper
ReplyDeleteThankyou
DeleteGood
ReplyDeleteThankyou
Delete