ഭയം

എന്നും പേടി എന്റെ കൂടെ നിഴലായി ഉണ്ട്. പലപ്പോഴും പല ഭാവത്തിലായിരിക്കും ആ പേടി അവസാനിക്കുന്നത്. കോമഡി, ദുഃഖം, അനുഗ്രഹം ഇവയിൽ ഏതെങ്കിലും ആയിരിക്കും ഉണ്ടാവുക.
പലരും വിചാരിക്കും എനിക്ക് ഭയങ്കര ജാഡയാണെന്നു. അതെ, 'ധൈര്യമില്ലായ്മയാണ് എന്റെ ജാഡ'. 
പണ്ട് അമ്മയുടെ ഓഫീസിൽ നിന്നും ഞങ്ങൾ ബാംഗ്ലൂരിൽ പോയി. അവിടെ ഒരു മത്സരത്തിൽ (തിരുവാതിരക്കു ഫസ്റ്റ് കിട്ടി) പങ്കെടുക്കാനാണ് പോയത്. സ്റ്റാഫ്‌ അംഗങ്ങളും അവരുടെ ഫാമിലിയും ആയി ഒരു ബസിൽ ആണ് പോയത്. ബസിൽ വെച്ചു ഇടക്ക് അന്താക്ഷരി കളിച്ചു. അന്താക്ഷരിക്ക് നേതൃത്വം വഹിച്ചത് ജെയിംസ് അങ്കിൾ ആയിരുന്നു. ഓരോരുത്തരുടെ കയ്യിലും മൈക്കു വന്നു. കൂട്ടത്തിൽ എന്റെ കയ്യിലും വന്നു. ഞാനും പാടി. 
ഞങ്ങൾ ബാംഗ്ലൂരിൽ എത്തി. ഡാൻസും മറ്റെല്ലാ പ്രോഗ്രാമും രാത്രിയിൽ ആണ്. അവിടെ രാവിലെ കുറച്ചു പരിപാടി സ്റ്റേജിൽ ഉണ്ടായിരുന്നു. കൂട്ടത്തിൽ പാട്ടുപാടാൻ കഴിവുള്ളവരെ വിളിച്ചു പാടിച്ചു. അതിൽ ഒരു കുട്ടിയുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അത് ഞാൻ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അടുത്ത ആളുടെ പേര് വിളിച്ചു.
ആ പേര് എവിടെയോ കേട്ട പരിചയം. അതെ എന്റെ പേരാണല്ലോ!!  എന്റെ പേര് കൊടുത്ത ജെയിംസ് അങ്കിൾ വന്ന്..... അന്തംവിട്ടിരുന്ന എന്നെ സ്റ്റേജിലേക്ക് കൊണ്ടു പോയി. പോകുന്നതിനിടെ എന്നോട് പറഞ്ഞു 'പിച്ചു' പോകാതെ ശ്രദ്ധിക്കണമെന്ന്. എന്റെ കുരുത്തക്കേടിനു അമ്മ തരുന്ന പിച്ചല്ലാതെ വേറൊരു പിച്ചും എനിക്കറിയില്ല. വിറച്ചു വിറച്ചു ഞാൻ സ്റ്റേജിൽ എത്തി. അവിടെ ഒരു മാഡത്തിന്റെ കൈയിൽ പേപ്പറും തോക്ക് പോലെ മൈക്കും ഉണ്ടായിരുന്നു. യാതൊരു ദയയും ഇല്ലാതെ എന്റെ നേർക്കു മൈക്ക് നീട്ടി. ഞാൻ വാങ്ങി. ഏതു പാട്ട്? സ്റ്റേജിൽ നിന്ന് ഞാൻ ആലോചിച്ചു. മുന്നിൽ ഒരുപാട് ആളുകൾ!!. ഒന്നേ നോക്കിയുള്ളൂ. അവർ എല്ലാവരും എന്നെത്തന്നെ നോക്കിയിരിക്കുന്നു. മൈക്ക് എന്റെ വായുടെ നേരെ പിടിക്കാൻ  ബുദ്ധിമുട്ടിയതിനാൽ എന്റെ ഇടതു കൈ ഞാൻ സ്റ്റാന്റ് ആക്കി. എന്നാലും ഒരു സ്റ്റാന്റ് തരാമായിരുന്നു. തന്നില്ല.. ദൈവത്തെ വിളിക്കാനുള്ള സമയവും കിട്ടിയില്ല. ''അച്ഛാ എന്നെ കാത്തോണേന്ന്..." പറഞ്ഞു ഞാൻ തുടങ്ങി. മാധുരിയുടെ ഒരു ലളിതഗാനമാണ് പാടിയത്. പാടുമ്പോൾ താളം ഇടുന്നതുപോലെ എന്റെ കാൽ മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ആരും കണ്ടില്ല. എങ്ങനെയോ പാടിക്കഴിഞ്ഞപ്പോൾ എല്ലാവരും കൈയടിച്ചു. ഞാൻ അവിടെ നിന്നും പുറത്തു ഇറങ്ങി. നന്നായി പാടിയെന്നു ജെയിംസ് അങ്കിൾ പറഞ്ഞു. സമാധാനം ആയി.
അന്ന് കിട്ടിയ പേടി എനിക്ക് പിന്നീട് അനുഗ്രഹമായി മാറി. ജെയിംസ് അങ്കിൾ അമ്മയോട് പറഞ്ഞതിന്റെ ഫലമായി എനിക്ക് കലാഭവനിൽ ചേർന്ന് പാട്ട് പഠിക്കാനുള്ള ഭാഗ്യം കിട്ടി. എൻ പി ഒ എൽ -ലെ സയന്റിസ്റ്റ് ആയിരുന്ന അദ്ദേഹം ഇന്നില്ല. അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്.

എൻ. പി.ഒ എൽ - ലെ പല പ്രോഗ്രാമിലും പാടാനും ഡാൻസ് കളിക്കാനുമുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. ഡാൻസ് കളിക്കുമ്പോൾ മാത്രം എല്ലാവരും എന്റെ മുഖം കാണും.  പാട്ടു പാടുമ്പോൾ എന്റെ മുഖം ആരും കാണില്ല. മൈക്ക് സ്റ്റാൻഡിൽ വെക്കും, കൈയിലുള്ള പാട്ടിന്റെ പേപ്പർ കൊണ്ട് ഞാൻ എന്റെ മുഖം മറയ്ക്കും. എന്നിട്ടും എന്റെ മുഖം ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞു. അതെങ്ങനെയെന്നു ഇപ്പോഴും അജ്ഞാതം!!...

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )