റേഷൻ കാർഡ്


സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ ഞാനും അനിയത്തിയും കൂടി ഞങ്ങളുടെ ബന്ധുവായ ആന്റിയുടെ വീട്ടിലേക്കു പോയി. അവരുടെ കൈയിൽ ആയിരുന്നു ഞങ്ങളുടെ റേഷൻകാർഡ്. അത് വാങ്ങിക്കാനാണ് പോയത്. റേഷൻകാർഡുമായി തിരികെ വന്നപ്പോൾ എന്റെ ഒരു കൂട്ടുകാരിയെ കണ്ടു. അപ്പോൾ ചെറുതായി മഴ പെയ്തു തുടങ്ങി. രാഷ്ട്രീയക്കാർ ഡയറി കക്ഷത്ത് വയ്ക്കുന്നതു പോലെ ഞാനും റേഷൻ കാർഡ് അവിടെ വെച്ചിട്ട് കുട നിവർത്തി. ആ കുടക്കീഴിൽ ഞങ്ങൾ മൂന്നുപേരും എന്തൊക്കെയോ നിന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

 ഞാനും അനിയത്തിയും വീട്ടിൽ എത്തി. അച്ഛൻ എന്നോട് റേഷൻകാർഡ് ചോദിച്ചു. കൊടുക്കാനായി ഞാൻ എന്റെ കൈ ഉയർത്തി നോക്കിയപ്പോൾ അവിടെ റേഷൻകാർഡ് ഇല്ല. ഞാൻ എന്തു മറുപടി പറയും? അനിയത്തി എന്തായാലും സുരക്ഷിതയാണ്. ഞാൻ ഡെയിഞ്ചർ സോണിലും ആയി.

 തേവരയിലെ ഒരു ലൈൻ കെട്ടിടത്തിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ നേവൽ ബേസിലും ഷിപ്യാർഡിലും എയർപോർട്ടിലും ജോലി ഉള്ളവരാണ് താമസിക്കുന്നത്. എല്ലാവരും നല്ല സ്നേഹത്തോടെയാണ് അവിടെ കഴിയുന്നത്. എന്റെ അച്ഛനും നേവൽ ബേസിൽ ആയിരുന്നു ജോലി.

 അവിടെയാണ് മുൻകോപത്തിന്റെ മൂർത്തിയായ എന്റെ അച്ഛൻ സടകുടഞ്ഞെഴുന്നേറ്റത്!!. പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അടി കിട്ടിയ ദിവസമായിരുന്നു അന്ന്. ഒരറ്റത്ത് എന്റെ അമ്മ ഇരുന്നു കരയുന്നു. എന്നെ അടിക്കുന്നത് കണ്ട അടുത്ത വീട്ടിലെ ആന്റി അച്ഛനെ പിടിച്ചു മാറ്റാൻ ഓടി വന്നു. തീർന്നില്ല!, കാർഡ് തപ്പാനായി എന്നെയും കൊണ്ട് അച്ഛൻ പുറത്തു പോയി. അതിസൂക്ഷ്മമായി തന്നെ തിരഞ്ഞു. എങ്ങും കണ്ടില്ല. അവിടെ വെച്ച് എനിക്ക് ഒരു അടി കൂടി കിട്ടി. പകലും നക്ഷത്രങ്ങളെ കാണാൻ പറ്റും എന്ന് ഞാൻ മനസ്സിലാക്കി!!

 പിന്നെ റേഷൻ കടയിൽ ചെന്ന് കടക്കാരനോട് കാര്യം പറഞ്ഞു. കാർഡ് കിട്ടുന്ന കാര്യത്തിൽ അയാൾ ഉറപ്പൊന്നും പറഞ്ഞില്ല. നിരാശരായി വീട്ടിലേക്ക് നടന്നു. ഇടയ്ക്ക് ഒരു കടയിൽ കയറി കുറെ സാധനങ്ങൾ വാങ്ങി. അത് കണ്ടപ്പോൾ എനിക്ക് സന്തോഷം വന്നു.

 ഇനിയാണ് അച്ഛന്റെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്. വീട്ടിൽ വന്നു സാധനങ്ങൾ ഓരോന്നായി എടുത്തു വെച്ചു. കുറേ പലഹാരങ്ങൾ. "എല്ലാം എന്നെ നോക്കി പുഞ്ചിരിച്ചു". പിന്നീട് അമ്മയും സഹോദരങ്ങളും നോക്കി നിൽക്കേ... എന്നെ അച്ഛന്റെ മടിയിലിരുത്തി. എന്നിട്ട് ഓരോ പലഹാരവും തരാൻ തുടങ്ങി. 

 ഞാൻ കൊതിയോടെ ഓരോന്നും കഴിച്ചു. കഴിക്കുന്നതിനിടയിൽ എന്റെ ദേഹം നനയുന്നത് ഞാനറിഞ്ഞു. "അച്ഛന്റെ കണ്ണുനീരായിരുന്നു അത് ". എനിക്ക് അടി തന്ന ഭാഗത്തെല്ലാം തടവിക്കൊണ്ടാണ് കരയുന്നത്. എനിക്കും കരച്ചിൽ വന്നു. മക്കളുടെ മുന്നിൽ ഇങ്ങനെ കരയുന്നതിനെപ്പറ്റി അമ്മ അച്ഛനെ വഴക്കു പറഞ്ഞു.

 ഒരാഴ്ചയ്ക്കുള്ളിൽ റേഷൻ കടയിൽ നിന്നും കളഞ്ഞു പോയ റേഷൻകാർഡ് കിട്ടി. ഏതോ ഒരു നല്ല മനുഷ്യൻ കാർഡ് കടയിൽ കൊടുത്തു. ഇപ്പോഴും റേഷൻകാർഡ് കാണുമ്പോഴോ, ആ വാക്ക് കേൾക്കുമ്പോഴോ അച്ഛൻ തന്ന അടിയുടെ ചൂടും അച്ഛന്റെ കണ്ണുനീരും എന്റെ ഓർമ്മയിൽ വരും. 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )