പറന്ന് പറന്ന്
ഞാൻ ഒറ്റക്കാണ് യാത്ര. മലകളും പുഴകളും അങ്ങനെ എല്ലാം കണ്ടുകൊണ്ട് ഞാൻ പറക്കുകയാണ്. ഇടയ്ക്ക് നോക്കിയപ്പോൾ കാഴ്ചകൾ മങ്ങുന്നതുപോലെ തോന്നി. പിന്നെയാ മനസിലായത് - ഞാൻ കൂടുതൽ ഉയരങ്ങളിലേക്കാണ് പോകുന്നത് എന്ന്. ഭൂമിയെ ഗോളാകൃതിയിൽ കണ്ടു.
കുട്ടികളുടെ കാർട്ടൂൺ കഥാപാത്രമായ ഓഗി പൂച്ച പോയപോലെ ഞാനും ഭൂമി വിട്ട് ദൂരേക്ക് പറന്നു. പോയി പോയി അവസാനം ഞാൻ വേറൊരു ഗ്രഹത്തിൽ എത്തി. അവിടെ ഞാൻ സാവധാനം ഇറങ്ങി. ചുറ്റിലും നോക്കി. ആരുമില്ല. എങ്ങും മരുഭൂമി പോലെ തോന്നിക്കുന്ന ഒരിടം. അസഹ്യമായ പൊടിക്കാറ്റ്. എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നോക്കി നിന്നപ്പോൾ ഒരു ആരവം കേട്ടു. അവിടേക്ക് നോക്കിയപ്പോൾ കുറെ രൂപങ്ങൾ!! അവർ എന്റെ അടുത്തേക്ക് വരികയാണ്. എവിടെയോ കണ്ടു പരിചയിച്ച മുഖങ്ങൾ!!
ഞാൻ ഭയന്നിരിക്കുകയാണെന്ന് അവർക്ക് മനസ്സിലായി. അതിലൊരാൾ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു : " പേടിക്കണ്ട, വഴിതെറ്റി വന്നതാണെന്ന് മനസ്സിലായി. ഞങ്ങൾ നിങ്ങളെ തിരിച്ചു കൊണ്ടാക്കാം." എന്റെ പേടി കുറച്ചു കുറഞ്ഞു. എന്നാലും ഇവർക്ക് എങ്ങനെ മലയാളം അറിയാം? ഞാൻ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ... "ഞങ്ങൾക്ക് ഏതു ഭാഷയും സംസാരിക്കാൻ ഉള്ള കഴിവുണ്ട്." നിങ്ങളെ കണ്ടപ്പോഴേ മനസ്സിലായി മലയാളിയാണെന്ന്."
ഹോ! ഈ മലയാളികളുടെ കാര്യം...
ഞാൻ എന്റെ വാ തുറക്കാൻ ആരംഭിച്ചു. " ഇത് ഏതാ ഗ്രഹം? " ഞാൻ അവരോട് ചോദിച്ചു. ചൊവ്വാഗ്രഹം ആണെന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവർ അതിശയത്തോടെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു : "ഭൂമിയിൽ നിന്നും മനുഷ്യരെ ഇവിടെ കൊണ്ടുവരാനുള്ള ദൗത്യത്തിലാണ് അവിടത്തെ ശാസ്ത്രജ്ഞർ. ഇവിടെ താമസിക്കാൻ ആഗ്രഹമുള്ളവർ ഇപ്പോഴേ ബുക്ക് ചെയ്തു കഴിഞ്ഞു. ഇവിടെ വെള്ളമുണ്ടോ എന്നറിയാൻ ഓരോ പരീക്ഷണങ്ങൾ നടത്തുകയാണ്. അതുവഴി ജീവന്റെ സാന്നിധ്യം ഇവിടെ ഉണ്ടോ എന്നും അറിയണം. അപ്പോ ഞാനല്ലേ ചൊവ്വാഗ്രഹത്തിൽ ആദ്യമായി കാലുകുത്തിയ ആൾ! ഹോ... എന്റെ പേരും പ്രശസ്തി ആകും! നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ ആണെങ്കിൽ ഞാൻ ചൊവ്വയിലും!!! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. പക്ഷേ എനിക്കിവിടെ എന്റെ വേണ്ടപ്പെട്ടവർ ഇല്ലാതെ താമസിക്കുന്നതിനോട് താൽപര്യമില്ല. എന്നെ ഭൂമിയിലേക്ക് അയക്കണേ. അവിടെ ചെന്നിട്ട് ഇവിടത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് അവരെയും കൂട്ടി ഞാൻ വീണ്ടും വരാം."
ഞാൻ പറഞ്ഞു നിർത്തുന്നതിനു മുൻപ് തന്നെ എല്ലാവരുടെയും മുഖത്തെ ഭാവം മാറുന്നത് ഞാനറിഞ്ഞു. ഇത്രയും നേരം സൗമ്യതയോടെ നിന്നവരുടെ രൗദ്രഭാവം ആണ് പിന്നീട് ഞാൻ കണ്ടത്. കൂട്ടത്തിൽ പ്രധാനി എന്ന് തോന്നിയ ആൾ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു : " ഇപ്പോ ഇവിടെ വന്ന് ഇക്കാര്യം പറഞ്ഞു തന്നതിന് ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പക്ഷേ, ഭൂമിയിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ചൊവ്വയുടെ മണ്ണിൽ കാലുകുത്തി പോകരുത്. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും സുന്ദരമായ ഭൂമിയെ നശിപ്പിക്കുന്ന അഹങ്കാരിയായ മനുഷ്യാ..... നിങ്ങൾ കരുതിയിരുന്നോ... നിങ്ങളുടെ വംശനാശം അടുത്തിരിക്കുന്നു."
ഞാൻ പേടിയോടെ അവരോട് ചോദിച്ചു : " അയ്യോ!.. ഞങ്ങൾ എന്തു ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നത്?"
അവർ പറഞ്ഞു : " നിനക്കൊന്നും അറിയില്ലേ? ദൂരെ നിന്ന് നോക്കുമ്പോൾ ഭൂമി ഒരു സുന്ദരമായ ഗ്രഹം. അകത്തു വന്നാലോ... പല രാജ്യങ്ങൾ... രാജ്യങ്ങളെ വേർതിരിക്കാൻ അതിർത്തികൾ. ഒരു രാജ്യത്തിൽ തന്നെ പല സംസ്ഥാനങ്ങൾ. അവിടെയും വേർതിരിക്കാൻ അതിർത്തികൾ. പിന്നെ ഓരോ വീടിനും അതിർത്തി. എന്നിട്ട് ഈ അതിർത്തികളെ ചൊല്ലി എല്ലായിടത്തും എപ്പോഴും വഴക്ക്."
തല കുനിച്ചിരുന്ന ഞാൻ ഇടയ്ക്ക് കഴിഞ്ഞോ എന്ന ഭാവത്തിൽ അവരെ നോക്കി. അവർക്കു നിർത്താനുള്ള ഭാവം ഇല്ല.
അവർ തുടർന്നു : "പല മതങ്ങൾ. അതിൽ തന്നെ പല ജാതികൾ. ആ പേരിൽ പരസ്പരം എപ്പോഴും വഴക്ക്. ലജ്ജയില്ലേ? രാജ്യം ഭരിക്കാൻ മത്സരം. ആ മത്സരത്തിൽ പങ്കെടുക്കാൻ കുറേ പാർട്ടികൾ. ഇടയ്ക്കിടെ പുതിയ പുതിയ പാർട്ടികൾ ഉണ്ടാകുന്നു. എവിടെ നോക്കിയാലും അവിടെയെല്ലാം പാറിപറക്കുന്ന കൊടികൾ മാത്രം. അധികാരമോഹികൾ ആയ ഇക്കൂട്ടർ അതിനു വേണ്ടി കലാപം ഉണ്ടാക്കുന്നു. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല. ഉറക്കം നടിക്കുന്നവർ ധാരാളം. ഉണർന്നു പ്രവർത്തിച്ചാലോ അവരെ ഇല്ലാതാക്കും. ഇടയ്ക്ക് നിങ്ങൾ പക്ഷികളേയും മൃഗങ്ങളേയും കണ്ടു പഠിക്കണം.
ഒന്നേ പറയാനുള്ളൂ. ഇവിടെ എല്ലാവരും തുല്യർ. ഇവിടെ അവിടത്തെപ്പോലെ സുന്ദരമായ കാഴ്ചകൾ ഒന്നും ഇല്ല. പക്ഷെ സമാധാനം ഉണ്ട്. ഇവിടെ 'രാജ്യം, മതം, ജാതി' ഇത്യാദി ഒന്നും ഇല്ല. ഞങ്ങൾ ചൊവ്വയിലെ താമസക്കാർ മാത്രം. അതുകൊണ്ട് ഇവിടേയ്ക്കു ആരും വരണ്ട. ഇങ്ങോട്ട് വരാനുള്ള പരീക്ഷണങ്ങൾ അവസാനിപ്പിച്ചോള്ളൂ. ഇല്ലെങ്കിൽ ഞങ്ങൾ കൂട്ടത്തോടെ അവിടെ വന്ന് നിങ്ങളുടെ നാശം കണ്ടിട്ടേ മടങ്ങുകയുള്ളൂ."
" തലയ്ക്കകത്ത് വലിയ ആൾത്താമസമില്ലാത്ത ആളാണെന്ന് മനസ്സിലായി. അതുകൊണ്ട് നിന്നെ ഞങ്ങൾ വെറുതെ വിട്ടേക്കാം."
ഞാൻ പറഞ്ഞു : "നിങ്ങൾക്ക് തോന്നുന്ന സ്ഥലത്ത് എന്നെ വിട്ടേക്കരുത്. എത്ര ഭാഷയുള്ള ഭൂമിയാ.... നിങ്ങളെപ്പോലെ എല്ലാ ഭാഷയും അവിടെ എല്ലാവർക്കും അറിയില്ല - പ്രത്യേകിച്ച് എനിക്ക്.
വണ്ടിയിൽ പോകാൻ എന്റെ കൈയിൽ പൈസയും ഇല്ല.
അതുകൊണ്ട് എന്നെ എന്റെ വീടിന്റ അടുത്ത് തന്നെ ആക്കണം."
എന്റെ അഹങ്കാരം നിറഞ്ഞ വാക്കുകൾ കേട്ടു അവർക്കു കൂടുതൽ ദേഷ്യം ഉണ്ടായി. പിന്നെ ഒന്നും ആലോചിച്ചില്ല. അവരുടെ കുന്തത്തിൽ ലുട്ടാപ്പി ഇരിക്കുന്നതുപോലെ എന്നെ ഇരുത്തി. പിന്നെ അർജുനൻ അമ്പെയ്യുന്നത് പോലെ എന്നെയും!! ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നതും, വേഗത കൂടി. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. പൊടുന്നനെ താഴേക്കു വീണു. കൈയും കാലും നന്നായിട്ട് അനങ്ങി. പെട്ടെന്ന് കണ്ണു തുറന്നു... സ്നേഹം ഉള്ളവരാണ് ചൊവ്വാവാസികൾ, എന്റെ കട്ടിലിൽ തന്നെ കൊണ്ടു വിട്ടല്ലോ!!..

very good, nice ,superb, interesting .....
ReplyDelete😍🤩🥰
DeleteGood
ReplyDeleteThankyou 😊
DeleteSuper...
ReplyDelete🙏😍
Delete