ചായക്കട




അച്ഛനും അമ്മയും ഞാൻ ചെറുതായിരുന്നപ്പോൾ എപ്പോഴും പറയുമായിരുന്നു: "നീ മൂത്തകുട്ടിയാണ്. ഞങ്ങളെപ്പോലെ തന്നെ നിനക്കും നിന്റെ സഹോദരങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്." ആ ഉത്തരവാദിത്തം എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാനൊരു ചേച്ചിയമ്മ ആയിരുന്നു. എന്നു വിചാരിച്ച് ഞാൻ ഇരിക്കുമ്പോൾ അവരുടെ ഉള്ളിൽ ഞാൻ വെറും ചേച്ചി. അവരെ കുറ്റം പറയാൻ പറ്റുമോ? അതിമോഹം ആയിരുന്നു എനിക്ക്. പലപ്പോഴും ഞാൻ എന്നിലെ ചേച്ചിയമ്മയെ പുറത്തെടുക്കും. ഇടയ്ക്ക് ഞാൻ അവരുടെ ടീച്ചറും ആകും.

 ഒരിക്കൽ ഞങ്ങൾ കൂട്ടുകാരും കൂടി സ്കൂളിൽ നിന്നും വൈകുന്നേരം തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ മറക്കാനാവാത്ത ഒരു സംഭവമുണ്ടായി. ഞങ്ങൾ പ്രൈവറ്റ് ബസ്സിൽ ആണ് വരുന്നത്. ഞങ്ങളുടെ സ്റ്റോപ്പ് എത്തി. അവിടെ ഞങ്ങളുടെ കൂടെ ഇറങ്ങാൻ കുറച്ച് അധികം ആളുകൾ ഉണ്ടായിരുന്നു. ഞങ്ങളാണ് ആദ്യം ഇറങ്ങിയത്. ആദ്യം എന്റെ സഹോദരങ്ങളും അവരുടെ പിറകെ ഞാനും നടന്നു. ഞങ്ങൾ കൂട്ടുകാരോടൊത്ത് നിർത്താതെ വർത്തമാനം പറഞ്ഞ് മുന്നോട്ട് നടക്കുകയാണ്.

 ബസ് സ്റ്റോപ്പിനടുത്ത് ഒരു ചായക്കടയുണ്ട്. ചായക്കടയിൽ അത്യാവശ്യം ആളുകളുണ്ട്. കുറേ ആളുകൾ ബസ്‌സ്റ്റോപ്പിലും ഉണ്ട്. റോഡിന്റെ വലതുവശം നല്ല താഴ്ചയാണ്. ബസ് റൂട്ട് നല്ല ഉയരത്തിൽ ആകുമ്പോൾ സ്വാഭാവികമായും അവിടെ താഴ്ച ഉണ്ടാകുമല്ലോ. ഞങ്ങൾ ആ വശം ചേർന്ന് നടക്കുകയാണ്. ആ റോഡിന്റെ അരികിൽ ആരോ വിറക് ഉണക്കാനിട്ടിരിക്കുന്നു. മഴ പെയ്തു കുറച്ചു പായലും അവിടെയുണ്ട്. അതുകണ്ടപ്പോൾ എന്നിലെ ചേച്ചിയമ്മ ഉണർന്നു.

 അവിടെ ചവിട്ടാതിരിക്കാൻ മുന്നിൽ നടക്കുന്ന സഹോദരങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തു. പക്ഷേ ഞാൻ നോക്കിയപ്പോൾ അനിയത്തി ആ പായലിൽ ചവിട്ടാൻ പോകുന്നു. അവളെ തള്ളി മാറ്റി. പകരം ഞാൻ അറിയാതെ അവിടെ ചവിട്ടിപ്പോയി. പിന്നീട് ഞാൻ ഒന്നും ചെയ്യേണ്ടി വന്നില്ല. എല്ലാം പായൽ ചെയ്തു. എന്നെ അവിടെ നിന്നും തട്ടി താഴേക്ക് ഇട്ടു. ആ റോഡിന്റെ വലതുവശത്തെ താഴ്ചയിലേക്ക് ഞാൻ സ്കൂൾ ബാഗുമായി "അമ്മേ" എന്ന വിളിയോടെ വീണു!!

 കൊക്കയിലേക്ക് വീണതു പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ വീണത് ബസ്സിലും ചായക്കടയിലും ബസ്സ്റ്റോപ്പിലും നിന്നവർ കണ്ടു.  താഴെ വീണതും എന്റെ ബോധം അപ്പോൾ തന്നെ പോയി.   ബോധം വന്നപ്പോൾ ഞാൻ ചായക്കടയിൽ ആണ്. ചായക്കടയിൽ നിറയെ ആളുകൾ. ഞാൻ പതിയെ എഴുന്നേറ്റു. അന്നേരം വേദനയൊന്നും തോന്നിയില്ല. അപ്പോൾ എന്റെ അടുത്തേക്ക് ചായയും പിന്നെ ഏതോ പലഹാരവും കൊണ്ട് കടക്കാരൻ വന്നു. എന്നോട് പറഞ്ഞു : "മോളിതു കുടിക്കൂ". ഞാൻ ചമ്മലോടെ വാങ്ങി കുടിച്ചു. ആരുടേയും മുഖത്തു നോക്കാനുള്ള മനക്കട്ടിയില്ല. ആരായിരിക്കും എന്നെ എടുത്ത് ഇവിടെ കിടത്തിയത്? ഏതോ ഒരാൾ അപ്പോൾ അവിടെയിരുന്ന് പറയുന്നത് കേട്ടു. "ഭാഗ്യത്തിന് ആ കരിങ്കല്ലിൽ തല ഇടിച്ചില്ല." എന്റെ ബാഗും ആരോ അവിടെ നിന്നും എടുത്തു വച്ചിട്ടുണ്ട്.

 കുറച്ചുകഴിഞ്ഞപ്പോൾ അമ്മയെയും കൊണ്ട് സഹോദരങ്ങളും വന്നു. അമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു. ശരീരത്തിന് വേദന വന്നപ്പോൾ പിറ്റേന്ന് ആശുപത്രിയിൽ പോകേണ്ടി വന്നു. സ്കൂളിൽ പോകാനും പറ്റിയില്ല. അവിടെയും ഞാൻ വീണത് അറിഞ്ഞു. ആ പരിസരത്ത് എന്റെ വീഴ്ച അറിയാത്തവർ ആരുമില്ല. 

പിന്നീട് അതുവഴി പോയപ്പോൾ അനിയത്തി കാണിച്ചു തന്നു "എന്നെ എടുത്ത ആളെ". ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം അടുത്തു വന്നു ചോദിച്ചു : "മോൾക്ക് എങ്ങനെയുണ്ട്?" അപ്പോഴും ആ ചായക്കടയുടെ പരിസരത്ത് ആ ദിവസം ഉണ്ടായിരുന്ന  കുറച്ചാളുകൾ നിൽക്കുന്നു. നാണക്കേട് കൊണ്ട് ഞാൻ തല കുനിച്ചു കുഴപ്പമില്ലാന്ന്  മറുപടി പറഞ്ഞു.

ഫാമിലി ഫ്രണ്ട്സ് ആയ കുറച്ച് ചേട്ടൻമാർ "എന്നും ഞാൻ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ആ ചായക്കടയിലെ പലഹാരത്തിലായിരുന്നു എന്റെ കണ്ണെന്നും, അത് കഴിക്കാൻ വേണ്ടി ഞാൻ എടുത്ത അടവാണെന്നും" പറഞ്ഞു അവരെന്നെ കളിയാക്കാൻ തുടങ്ങി. ഇപ്പോഴും ചായക്കട കാണുമ്പോൾ എന്റെ ഉള്ളിൽ ചിരി വരും.


Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )