ചെരുപ്പ്
അന്ന് ഒരു ശനിയാഴ്ച. ഞാൻ പതിവുപോലെ കലാഭവനിൽ നിന്നും ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു നടക്കുകയായിരുന്നു. രാവിലെ ബസ്സ്റ്റോപ്പിലേക്കു പോകുമ്പോൾ വഴിയരികിൽ കുറേ ചേട്ടന്മാർ ഉണ്ടാകും. പൂവാലന്മാർ എന്നും വിളിക്കാം. തിരിച്ചു ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴും ഇതേ കൂട്ടർ അവിടെ നിൽക്കുന്നുണ്ടാകും.
അവരുടെ അടുത്തെത്തുമ്പോൾ മിക്കപ്പോഴും അവർ പാട്ട് പാടും. എപ്പോഴും എന്റെ കൈയിൽ കുടയുണ്ടായിരിക്കും. അതെന്റെ ആയുധമാണ്. ഇതുപോലുള്ളവരുടെ മുഖം കാണാതിരിക്കാൻ ഞാൻ ഈ കുട ഉപയോഗിക്കും. ഒരിക്കൽ അവർ പറയുകയാ : "ഈ കൊച്ചാണ് മഴ കൊണ്ടുവരുന്നത്."
ദൂരേന്നു തന്നെ ഞാൻ കണ്ടു അവരെ. എന്തുചെയ്യാം? പതിവുപോലെ കുട തന്നെ ശരണം. നടന്നു നടന്നു ഞാൻ അവരുടെ അടുത്തെത്തി.
അവർ പാടി : "മുൻകോപക്കാരീ...."
അപ്പോൾ ഞാൻ കുട ആ വശത്തേക്ക് മറച്ചു.
അവർ വീണ്ടും പാടി : "മുഖം മറയ്ക്കും നിന്റെ മനസ്സൊരു...."
ദേഷ്യം വന്നിട്ട് ഞാനെന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ആ വേഗത എന്റെ ചെരുപ്പിന് ഇഷ്ടപ്പെട്ടില്ല. അവരുടെ മുന്നിൽ വെച്ച് ചെരുപ്പ് പൊട്ടി. എന്തൊരു നാണക്കേടാ!.. ആ ചെരിപ്പും കൊണ്ട് നടക്കാൻ ഒട്ടും പറ്റുന്നില്ല. എനിക്ക് ദേഷ്യവും സങ്കടവും ഒപ്പം വന്നു.
ഞാൻ നോക്കിയപ്പോൾ അവിടെ അടുത്ത് ഒരു പെട്ടിക്കട. അവിടേക്ക് ചെന്നു. കടക്കാരനോട് പറഞ്ഞു : "ചേട്ടാ ഒന്ന് സഹായിക്കണം. എന്റെ ചെരുപ്പ് പൊട്ടി." ഭാഗ്യം,.. സ്നേഹമുള്ള കടക്കാരൻ ആയിരുന്നു. അദ്ദേഹം എന്റെ ചെരുപ്പ് വാങ്ങി അവിടെ ഉണ്ടായിരുന്ന മുട്ടുസൂചി ചെരുപ്പിൽ അടിച്ചുകയറ്റി. തൽക്കാലം വീടുവരെ പോകാം.
ഞാൻ ചെരുപ്പ് വാങ്ങി കാലിൽ ഇട്ടു. ഇതെല്ലാം കണ്ട് ആ പൂവാലന്മാർ ഇത്രയും നേരം ഇരിക്കുകയായിരുന്നു. ഒന്നേ ഞാൻ അവരെ നോക്കിയുള്ളൂ. ദേഷ്യത്തോടെയുള്ള എന്റെ നോട്ടം കണ്ട് അവർ വീണ്ടും പാടി.
"പൂവിനു കോപം വന്നാൽ അത് മുള്ളായി മാറുമോ തങ്കമണി...." മുള്ളല്ല മൊട്ടുസൂചി ആണെന്ന് പറയാൻ തോന്നി അപ്പോൾ. എന്റെ പേര് അറിയാത്തതുകൊണ്ട് അവർ "തങ്കമണി" യിൽ ഒതുക്കി.
അങ്ങനെ ചെരുപ്പിലാണോ അതോ എന്റെ കാലിലാണോ മൊട്ടുസൂചി എന്ന സംശയത്തോടെ ഞാൻ വീട്ടിലെത്തി.
Thankyou
ReplyDeletegood and intersting......
ReplyDelete🥰😊
DeleteThankyou 🙏
ReplyDelete