സദ്യ


അല്ലെങ്കിലും അങ്ങനെയാ,
എന്തിനും മുൻപന്തിയിൽ നില്കുന്നവർക്കേ എല്ലാം കിട്ടുള്ളൂ. അതല്ലേ സദ്യയ്ക്കു പോകുമ്പോൾ എല്ലാവരും ആദ്യം ഇരിക്കാൻ ശ്രമിക്കുന്നത് . അതാകുമ്പോൾ നമ്മുടെ മുന്നിൽ ഇല കാണാൻ പറ്റാതെ വിഭവങ്ങൾ ഉണ്ടാകും. ഇല്ലെങ്കിൽ  വിഭവങ്ങൾ കാണാൻ കൊതിക്കുന്ന ഇലയുണ്ടാകും.!!

 ഒരിക്കൽ മുൻപന്തിയിൽ ഇരിക്കാൻ ഞങ്ങളും ഒരു ശ്രമം നടത്തി. ഞങ്ങളുടെ അടുത്ത് താമസിക്കുന്ന രണ്ടു കുടുംബമായിട്ടു ചക്കുളത്തുകാവ്  അമ്പലത്തിൽ പോയി. അതിരാവിലെയാണ് പോയത്. അമ്പലത്തിൽ സമാന്യം നല്ല   തിരക്കുണ്ടായിരുന്നു. ഞങ്ങൾ എന്തായാലും അകത്തുകയറി. എല്ലായിടത്തും തൊഴുതു,   വഴിപാടുകൾ എല്ലാം നടത്തി സമാധാനമായി എല്ലാവരും പുറത്തിറങ്ങി.

 എല്ലാവർക്കും വിശക്കുന്നു. എന്നാൽ ഇനി ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകാമെന്ന് പറഞ്ഞു നോക്കിയപ്പോൾ, അവിടെ ഒരു പന്തലിട്ടിരിക്കുന്നത് കണ്ടു. "ഹായ് .. അമ്പലത്തിൽ അന്നദാനവും ഉണ്ടല്ലോ..!" എന്നു പറഞ്ഞ് ഞങ്ങൾ എല്ലാവരും അവിടേക്ക് നടന്നു.

 ഞങ്ങൾ പന്തലിന്റെ അകത്തു കടന്നു. ചുറ്റിനും നോക്കി. ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഏതു സീറ്റിൽ ഇരിക്കണമെന്ന ആശങ്കയിൽ ഞങ്ങൾ നിന്നു. അപ്പോൾ എന്റെ ആങ്ങള മുന്നിട്ടിറങ്ങി. അവൻ കാണിച്ച തന്ന വഴിയേ ഞങ്ങളെല്ലാവരും നടന്നു.  വെയിൽ  കൊള്ളാത്തതും ഒരുമിച്ച് ഇരിക്കാൻ പറ്റുന്ന  സീറ്റുകളാണ് അവൻ കണ്ടുപിടിച്ചത്. ആദ്യത്തെ പന്തിയിൽ തന്നെ സദ്യ കഴിക്കാൻ പോകുന്ന ആവേശത്തോടെ എല്ലാവരും ഇരുന്നു.

 ഞങ്ങൾ ഇരുന്ന സീറ്റിന്റെ എതിർവശത്ത് കുറച്ചുപേർ ഇരിക്കുന്നുണ്ടായിരുന്നു. അവർ ഞങ്ങളെ എല്ലാവരെയും നോക്കി. ഞങ്ങളും നോക്കി. അത് സ്വാഭാവികം ആണല്ലോ. അവർ പരസ്പരം എന്തൊക്കെയോ പറയുന്നു. കുറച്ചുകഴിഞ്ഞ് അതിലൊരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹം ചോദിച്ചു: "നിങ്ങൾ  ആരുടെ കൂടെ വന്നവരാണ്? ചെറുക്കന്റെയാണോ? പെണ്ണിന്റെയാണോ?"
ഹോ..! കൂട്ടത്തോടെ ഇങ്ങനെ പറ്റുന്നത് ആദ്യം!!!

പിന്നെ അവിടെ ഇരുന്നില്ല. ഓടുകയായിരുന്നു. വന്ന വഴിയല്ല. എങ്ങനെ വന്നവഴി പോകാൻ പറ്റും? കാരണം, അവിടെയുള്ളവരുടെ മുഖത്ത് നോക്കാൻ പറ്റുമോ? ഞങ്ങൾ ഇരുന്ന സീറ്റുകളുടെ അടുത്ത് മറച്ചു വെച്ചിരുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. അവിടെ നോക്കിയപ്പോൾ കുറച്ച് വിടവ്. ആ വിടവ് നിമിഷനേരം കൊണ്ട് വലുതായി. ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി.

 പിന്നെയാ പരിസരത്ത് നിന്നില്ല. അങ്ങനെ വിളിക്കാത്തിടത്ത് സദ്യ ഉണ്ണാൻ പോയി എന്നുള്ള പേരുദോഷവും കിട്ടി. പക്ഷേ അറിഞ്ഞുകൊണ്ടല്ലല്ലോ !?

മിക്ക അമ്പലങ്ങളിലും അന്നദാനം ഉണ്ട്. പ്രത്യേകിച്ച്  വലിയ അമ്പലങ്ങളിൽ വെച്ച് കല്യാണ സദ്യ നടത്തുമ്പോൾ കുറഞ്ഞത് പന്തലിന് അടുത്ത് എവിടെയെങ്കിലും പെണ്ണിന്റെയും ചെറുക്കന്റെയും പേര് എഴുതി വെച്ചില്ലെങ്കിൽ ഇതായിരിക്കും പലരുടെയും അവസ്ഥ.!!

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )