കാവൽക്കാരൻ
എവിടെപ്പോയാലും ഒരു കുട എപ്പോഴും എന്റെ കൈയിൽ ഉണ്ടാകും. അതെനിക്ക് ഒരു ധൈര്യമാണ്. തനിച്ചല്ല എന്നൊരു തോന്നൽ ഉണ്ടാകും.
വീടിനടുത്ത് ആയിരുന്നു "ചൈത്രം " ഇൻസ്റ്റിറ്റ്യൂട്ട്. അവിടെയാണ് ഞാൻ ഡ്രോയിംഗ് പഠിച്ചത്. പൊതുവേ 'പുറത്താരോടും മിണ്ടാത്ത' എന്റെ ആ സ്വഭാവം കുറെയൊക്കെ മാറ്റി തന്നത് ഡ്രോയിംഗ് ക്ലാസിലെ കുട്ടികളാണ്. വീട്ടിൽ പോയാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത്. രാവിലെയും വൈകിട്ടും എനിക്ക് ആരെങ്കിലും കൂട്ട് ഉണ്ടാകും. ഉച്ചയ്ക്ക് ഞാൻ തനിച്ചു പോകണം.
ഒരു ദിവസം ഞാൻ ഊണ് കഴിച്ച് തിരിച്ച് ഡ്രോയിംഗ് ക്ലാസ്സിലേക്ക് നടന്നു. കുറച്ചു നടന്നു വന്നപ്പോഴേക്കും ക്ലാസിലെ കുട്ടികളെ വഴിയിൽ വെച്ച് കണ്ടു. അവർ കടയിൽ നിന്നും എന്തൊക്കെയോ വാങ്ങുന്നു. നടക്കുന്നതിനിടയിൽ അവരെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ ക്ലാസ്സിൽ എത്തുന്നതിനു മുമ്പ് അവർ ക്ലാസ്സിൽ എത്തി. നടത്തത്തിൽ ഞാൻ ആമയാണ്.
അങ്ങനെ എന്തായാലും ഞാനും ഇൻസ്റ്റിറ്റ്യൂട്ട് അടുക്കാറായി. ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു, ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ ചെറിയ ആൾക്കൂട്ടം. അടുത്തു വന്നപ്പോൾ മനസിലായി സാറും കുട്ടികളും ആണെന്ന്. അവർ ഞാൻ വരുന്ന വഴിയെ നോക്കുകയാണ്. ഇവർ ആരെയാണ് നോക്കുന്നത് എന്ന് അറിയാൻ എനിക്കും ആകാംക്ഷയായി.
ഞാൻ ഗെയ്റ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ, സർ എന്നോട് പറഞ്ഞു : " ഷൈനിയെ ഇപ്പൊ ഇവിടെ കൊണ്ടു വന്നാക്കിയ ആളെ കാണണ്ടേ!? "
സാറിനെ ഞാൻ അതിശയത്തോടെ നോക്കി! എന്റെ കൂടെ ആരായിരുന്നു? അങ്ങനെയൊരാളെ കണ്ടില്ലല്ലോ!
എന്റെ മുഖഭാവം കണ്ട് ക്ലാസ്സിൽ എല്ലാവരും കൂട്ടച്ചിരിയിൽ പങ്കെടുത്തു. കാര്യം മനസ്സിലാക്കാതെ ഞാനും ചെറുതായി ചിരിച്ചു. കൂടെ സാറ് കാണിച്ചു തന്നു എന്നെ സുരക്ഷിതമായി എത്തിച്ചയാളെ. ആളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി! വാലുള്ള ആൾ!! ഒരു ശുനകൻ!
കടയിൽ സാധനം വാങ്ങാൻ നിന്ന കുട്ടികൾ എന്നോട് പറഞ്ഞു : "ഞങ്ങൾ കടയിൽ നിൽക്കുമ്പോൾ തന്നെ കണ്ടിരുന്നു,... പട്ടി പുറകെ വരുന്നത്. പറഞ്ഞാൽ പേടിക്കുമല്ലോ. അതാ പറയാതിരുന്നത്. പക്ഷേ, ആ പട്ടി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുവന്നാക്കും എന്ന് കരുതിയില്ല". അവർ വീണ്ടും ചിരിച്ചു.l എനിക്ക് കരയാൻ തോന്നി. നന്നായി അവർ എന്നോട് പറയാതിരുന്നത്. ഇല്ലെങ്കിൽ നാട്ടുകാർ ഞങ്ങളുടെ രണ്ടുപേരുടെയും ഓട്ടമത്സരം കണ്ടേനെ!.
പിന്നെ ഞാൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിൽ പോയില്ല. എന്റെ കുടയുടെ നിഴൽപറ്റി എന്റെ ഉത്തരവാദിത്വം വീണ്ടും ആ ശുനകൻ ഏറ്റെടുക്കണ്ടാന്ന് തോന്നിയതുകൊണ്ട്, ഉച്ചക്കുള്ള ഭക്ഷണം ഞാൻ ക്ലാസ്സിൽ കൊണ്ടുവരാൻ തുടങ്ങി.
Nice , comedy, interesting....
ReplyDelete🥰🤩
DeleteThankyou 🥰🙏
ReplyDelete