വരം
ഒരിക്കൽ ഒരു രാജ്യത്ത് ഒരു ഭരണാധികാരി തന്റെ രാജ്യത്ത് എന്നും സമാധാനം ഉണ്ടാകാൻ ദൈവത്തിനോട് ഒരു വരം ചോദിക്കാൻ തീരുമാനിച്ചു. എങ്ങനെയാണ് വരം ചോദിക്കേണ്ടതെന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാമായിരുന്നു.
അങ്ങനെ ദൈവം പ്രത്യക്ഷപ്പെട്ടു. ദൈവം ചോദിച്ചു : "നിനക്ക് എന്താണ് വേണ്ടത്?"
ഭരണാധികാരി തന്റെ ആവശ്യം പറഞ്ഞു : "ആര് എന്ത് ചിന്തിച്ചാലും അത് പരസ്യമാകണം."
"വിചിത്രമായ ഈ വരം എന്തിനാണ്?! നിനക്ക് ഇതുകൊണ്ട് എന്താണ് ഗുണം?!!" ദൈവം ചോദിച്ചു.
ഭരണാധികാരി മറുപടി പറഞ്ഞു : "എന്റെ നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ്. ഉദാഹരണത്തിന്... ഏതെങ്കിലും ഒരു കള്ളൻ മോഷ്ടിക്കാൻ തീരുമാനിച്ചാൽ ഉടനെ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള വീട്ടിലോ സ്ഥാപനത്തിലോ ഉള്ളവർ അറിയുകയും, അത് അവർക്ക് മുൻകരുതൽ എടുക്കാനും, അങ്ങനെ മോഷണവും അതുവഴിയുണ്ടാകുന്ന അക്രമത്തിൽ നിന്ന് അവർക്ക് സ്വയം രക്ഷപ്പെടാനും സാധിക്കുന്നു. മാത്രമല്ല കള്ളൻ മനസ്സിൽ ചിന്തിക്കുമ്പോഴേക്കും പോലീസുകാർക്ക് അയാളെ പിടിക്കാനും കഴിയുന്നു.
കള്ളം പറയുന്ന സ്വഭാവം ഇല്ലാതാകും. നമ്മുടെ കൂടെ കൂട്ടുകൂടി ഇരിക്കുന്ന ആൾ എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാകും. തങ്ങളെ അപമാനിക്കാൻ പോകുന്നവരെ മുൻകൂട്ടി മനസ്സിലാക്കാം."
അങ്ങനെയങ്ങനെ കുറേ ഉദാഹരണങ്ങൾ അദ്ദേഹം ദൈവത്തോട് പറഞ്ഞു.
അങ്ങനെയാവട്ടെ എന്ന് ദൈവം അരുളി ചെയ്തു. തന്റെ നാടിന്റെ നന്മയ്ക്കുവേണ്ടി താൻ എന്തോ വലിയ കാര്യം ചെയ്തെന്ന അഭിമാനത്തോടെ അദ്ദേഹം വീണ്ടും ഭരണം തുടങ്ങി.
അന്നുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് പിന്നീട് ആ നാട്ടിൽ നടന്നത്. ആളുകൾ മിക്കവരും പരസ്പരം വിദ്വേഷികൾ ആയി മാറി. അന്നുവരെ മനസ്സിലാക്കാൻ പറ്റാതിരുന്ന പലരുടെയും മുഖം മൂടികൾ അഴിഞ്ഞു വീണു. വിരോധികൾ സൗഹൃദത്തിലായി. പ്രണയം എളുപ്പമായി. പക്ഷേ ഒളിച്ചോടാൻ പറ്റാതായി. അവിഹിതബന്ധങ്ങൾ ഇല്ലാതായി. കൊലപാതകങ്ങൾ കുറഞ്ഞു. ചീത്ത വാക്കുകൾ മനസ്സിൽ പോലും ആർക്കും പറയാൻ പറ്റാതായി. മിണ്ടാൻ പറ്റാതെ ശരീരം തളർന്നു പോയവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവരെ ശുശ്രൂഷിക്കുന്നവർക്ക് എളുപ്പമായി. ഇതുപോലെ പല മാറ്റങ്ങളും ഉണ്ടായി.
സ്കൂളുകളിൽ ചെന്നാലോ - അവിടെയും ഉണ്ടായി ചില മാറ്റങ്ങൾ. കുട്ടികളുടെ കുരുത്തക്കേടുകൾ കുറഞ്ഞു. പരസ്പരം തല്ലു കൂടാൻ പറ്റുന്നില്ല. പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ പറ്റുന്നില്ല. പക്ഷേ, ഏതെല്ലാം ചോദ്യങ്ങൾ ആണ് പരീക്ഷയ്ക്ക് വരുന്നത് എന്ന് മുൻകൂട്ടി മനസ്സിലാക്കുന്നത് കൊണ്ട് കുട്ടികൾ ആ ചോദ്യങ്ങൾ മാത്രം പഠിച്ച് പരീക്ഷയ്ക്ക് വരുന്നു. ബാക്കി ഒന്നും അവർ പഠിക്കാത്തതു കൊണ്ട് അവരുടെ അറിവുകൾ കുറയുന്നു.
ഭരണാധികാരിക്കും ഉണ്ടായി ചില കുഴപ്പങ്ങൾ. അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് പുറത്ത് പറയുന്നതിനു മുമ്പ് തന്നെ അത് മുടക്കി പ്രതിപക്ഷം മുന്നേറുന്നു. പ്രതിപക്ഷത്തെ എതിർത്ത് വീണ്ടും മുന്നോട്ടു പോകാൻ ശ്രമിച്ചാലോ പാരയായി കൂടെ തന്നെ പ്രതിപക്ഷം ഉണ്ടാകും. തിരിച്ച് പ്രതിപക്ഷത്തിന്റെ അവസ്ഥയും ഇതുതന്നെ. അവർക്ക് പാരയായി ഭരണപക്ഷം. അങ്ങനെ പരസ്പരം എപ്പോഴും വഴക്ക്.
എന്തായാലും ഭരണാധികാരിയുടെ സമാധാനം നഷ്ടപ്പെട്ടു. അദ്ദേഹം വീണ്ടും ദൈവത്തെ കാണാൻ തീരുമാനിച്ചു. ആദ്യത്തെ ടോക്കൺ തന്നെ കിട്ടി. വൈകാതെ ദൈവം വന്നു. എത്രയും പെട്ടെന്ന് തന്റെ വരം തിരിച്ചെടുക്കണമെന്ന് അദ്ദേഹം ദൈവത്തോട് ആവശ്യപ്പെട്ടു. കൂടുതൽ ഒന്നും ചോദിക്കാതെ ദൈവം ആ വിചിത്ര വരം തിരിച്ചെടുത്തു.!!
Good
ReplyDeleteThankyou 🙏
Deleteസൂപ്പർ
ReplyDelete🙏🙏
ReplyDelete