സ്വപ്നത്തിൽ പാടണം


പവർകട്ട്  ഉണ്ടായിരുന്ന കാലം. അരമണിക്കൂർ കറണ്ട് ഉണ്ടാവില്ല. ഓരോ ദിവസവും എപ്പോഴാണ് പോകുന്നതെന്ന് മുൻകൂട്ടി അറിയാം. അഥവാ കറണ്ട് പോയില്ലെങ്കിൽ ഞങ്ങൾ മെഴുകുതിരി കത്തിച്ച് കാത്തിരിക്കും.

 ആ അരമണിക്കൂർ ഞങ്ങളുടെ വീട്ടിൽ ഗാനമേളയായിരിക്കും. നിശബ്ദമായിരിക്കുന്ന സമയത്ത് ഞങ്ങളുടെ ഗാനമേള അയൽപക്കത്തുള്ളവർ ആസ്വദിക്കുന്നുണ്ടാകും. ചിലപ്പോൾ ഞങ്ങളോട് നിർത്താൻ എങ്ങനെ പറയും എന്നോർത്ത് വിഷമിക്കുന്നുണ്ടാകും. ഞങ്ങൾ ഇതൊന്നും കാര്യമാക്കിയില്ല.

 പള്ളുരുത്തി കോർട്ടേഴ്സിൽ താമസിക്കുമ്പോൾ ഇതുപോലൊരു ലോഡ്ഷെഡ്ഡിങ് സമയത്ത് കറണ്ട് പോയി. മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നത് മുൻവശത്തെ മുറിയിൽ ആണ്. ഞങ്ങൾ ഇരിക്കുന്ന മുറിയിൽ അരണ്ട വെളിച്ചം മാത്രമേ ഉള്ളൂ. കറണ്ട് പോയ ഉടനെ ഞങ്ങൾ മൂന്നു പേരും ഞങ്ങളുടെ വാ തുറന്നു. ഓരോരുത്തരും പാടാൻ തുടങ്ങി. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ ആണ് പാടുന്നത്.

 ഞങ്ങളങ്ങനെ പാടിക്കൊണ്ടിരുന്ന സമയത്ത് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. ഞങ്ങൾ പരസ്പരം നോക്കി. ഇരുട്ടായതു കൊണ്ട് ഒറ്റയ്ക്കു ചെന്നു വാതിൽ തുറക്കാൻ പേടി. അപ്പോൾ വീണ്ടും മുട്ടുന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് എഴുന്നേറ്റു നടന്നു. വാതിലിന്റെ അടുത്തു വന്നു. പതിയെ വാതിൽ തുറന്നു.

പുറത്തു നല്ല ഇരുട്ട്. ആ മെഴുകുതിരി വെട്ടത്തിൽ ആരെയും അവിടെ കണ്ടില്ല. ഞങ്ങൾ മെഴുകുതിരി എടുത്തു പുറത്തിറങ്ങി വീണ്ടും നോക്കി. ആരും ഇല്ല.

ഇനി ഞങ്ങളുടെ തൊട്ടു താഴത്തെ നിലയിൽ താമസിക്കുന്ന ചേട്ടന്മാർ ആയിരിക്കുമോ എന്നറിയാൻ അവിടെ ചെന്നപ്പോൾ, അവിടെ വാതിൽ തുറന്നു കിടക്കുന്നു. അവരെല്ലാം ഏതോ വലിയ ചർച്ചയിലും ആണ്. അവരും അല്ല. അവരും ഞങ്ങളുടെ കൂടെ വന്നു ആരാണെന്നറിയാനായി.

ടെറസ്സിൽ ഉണ്ടോന്നറിയാൻ അവിടെയ്ക്കു പോയി. പക്ഷേ, ടെറസ്സിലേക്കുള്ള വാതിൽ അടച്ച് കുറ്റിയിട്ടിരിക്കുന്നു.! താഴേക്കു ആരും പോകുന്നത് കണ്ടില്ലാന്നു ആ ചേട്ടന്മാർ പറഞ്ഞിട്ടും ആ നാലുനില കെട്ടിടത്തിന്റെ എല്ലാ മൂലയിലും അന്വേഷിച്ചു. ആരെയും കണ്ടില്ല. ആരായിരിക്കും? ഇപ്പോഴും അറിയില്ല ആരാണെന്ന്..!

ആ കോർട്ടേഴ്സിൽ വന്ന നാൾ മുതൽ ഒരു കഥ കേട്ടിട്ടുണ്ട്. അത് ആ നാട്ടിൽ മിക്കവാറും എല്ലാവർക്കും അറിയാവുന്നതാണ്.

കോർട്ടേഴ്സിനകത്ത് ഒരു കമ്മ്യൂണിറ്റിഹാൾ ഉണ്ട്. അതിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനായി ചെറിയ പാർക്ക് ഉണ്ട്. അവിടത്തന്നെ ഒരു വലിയ മരവും ഉണ്ട്.

രാത്രിയിൽ അവിടെ എല്ലാവർക്കും ഒറ്റയ്ക്ക് പോകാൻ പേടിയാണ്. അസ്സമയത്ത് ആ മരത്തിന്റെ അങ്ങോട്ട്‌ നോക്കാനും ഭയമാണ്.

ആ മരത്തിൽ പണ്ട് ഏതോ ഒരു പെണ്ണ് തൂങ്ങി മരിച്ചിട്ടുണ്ടെന്നും, ആ പെണ്ണിന്റെ പ്രേതം ഇടയ്ക്കിടെ അവിടെ ഊഞ്ഞാലാടാൻ വരുന്നുണ്ടെന്നും, അത് പലരും കണ്ടിട്ടുണ്ടെന്നും ആണ് അവിടെ പ്രചാരത്തിലുള്ള ഒരു കഥ.

പലരുടെയും വാതിൽ ഇതുപോലെ മുട്ടിയിട്ടുണ്ടെന്നും പിന്നീട് ഞങ്ങൾ അറിഞ്ഞു. ഈ വാതിലിൽ മുട്ടുന്ന കഥ അപ്പോൾ പുതിയതായി വന്നതാണോന്ന് അറിയില്ല. ഏതായാലും ഞങ്ങൾ മൂന്നുപേരും പേടിച്ചു.

ഇപ്പോൾ തോന്നുന്നു ഞങ്ങളുടെ പാട്ട് കേട്ടിട്ട് അസഹ്യമായപ്പോൾ ആ ചേട്ടന്മാരിൽ ആരോ വന്നു മുട്ടിയതായിരിക്കും.!! പക്ഷെ അതുകൊണ്ടൊന്നും ഞങ്ങൾ നിന്നില്ല. അല്ലെങ്കിൽ പിന്നെ സ്വപ്നത്തിൽ പാടേണ്ടി വരും. അതാകുമ്പോൾ ആർക്കും ശല്യമാകില്ല..!!



Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )