ഇത്രയ്ക്ക് വേണ്ടായിരുന്നു!

എല്ലാ കുട്ടികളേയും പോലെ എന്റെ മോനും വെള്ളിയാഴ്ചയാകുമ്പോൾ സന്തോഷമാണ്. ഇനി രണ്ടു ദിവസം സ്കൂളിൽ പോകേണ്ട. ഞായറാഴ്ച ഉച്ച കഴിയുമ്പോൾ സന്തോഷം മാറി സങ്കടമാകും. പിറ്റേന്ന് സ്കൂളിൽ പോകണ്ടേ...!!

'ഓണത്തിനും ക്രിസ്തുമസ്സിനും അവധി പത്ത് ദിവസം' എന്നതിനോട് അവന് തീരെ താല്പര്യം ഇല്ല. പിന്നെ രണ്ട് മാസം വെക്കേഷൻ - അതിനും ചെറിയ വിഷമം ഉണ്ട്. കാരണം ഈ അവധികൾ എല്ലാം പെട്ടെന്ന് പോകുന്നു.!
അവധിയെക്കുറിച്ചുള്ള അവന്റെ അഭിപ്രായമാണ് "ആറുമാസം പഠിത്തം...ആറുമാസം അവധി" - അത്രയേയുള്ളൂ.!!

ഇത്രയും മടിയുള്ളയാൾക്ക് സ്കൂളിൽ പഠിത്തം ഉണ്ടെങ്കിൽ ഒരു ദിവസം പോലും പോകാതിരിക്കാൻ പറ്റില്ല. പഠിത്തത്തിൽ ഒന്നോ രണ്ടോ മൂന്നോ സ്ഥാനത്തായിരുന്നു ഇതുവരെ. സ്കൂളിൽ അധ്യാപകർക്ക് അവൻ നന്നായി പഠിക്കുന്ന, കുരുത്തക്കേട് അധികം ഇല്ലാത്ത പാവം കുട്ടി.!

അധ്യാപകർ മിക്ക മത്സരത്തിനും, കാണുന്ന എല്ലാ സ്കോളർഷിപ്പ് പരീക്ഷക്കും അവനെ ചേർക്കും. ഒന്നിനും അവൻ അധ്യാപകരോട് 'നോ' പറയില്ല. അവസാനം എല്ലാം എന്റെ തലയിൽ. പിന്നെ വിശ്രമമില്ലാത്ത ഓരോ ദിവസങ്ങൾ. എന്റെ മാത്രമല്ല, എല്ലാ അമ്മമാരുടെയും അവസ്ഥ ഇതുതന്നെ.!
രാവിലെ തുടങ്ങുന്ന 'യുദ്ധം' കിടക്കുന്നതുവരെ തുടരും. ഇപ്പോൾ എല്ലാ വീട്ടിലും സ്കൂളിൽ പഠിത്തം ഉള്ളതിനേക്കാൾ ഭീകരമായ അവസ്ഥയാണ്.

പതിനെട്ടടവും പയറ്റിയിട്ടാണ് അമ്മമാർ ഈ യുദ്ധക്കളത്തിൽ നിന്നും വിജയിച്ചു മുന്നേറുന്നത്. ഈ അമ്മമാർക്ക് ക്ഷമയ്ക്കുള്ള അവാർഡ് കൊടുക്കേണ്ടതാണ്. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്.!
കുട്ടികളെ കുറ്റം പറയാൻ പറ്റുമോ? അവരുടെ മനോഹരമായ കുട്ടിക്കാലമാണ് ഈ ദുഷ്ടനായ കോവിഡ് തട്ടിയെടുക്കുന്നത്. ദരിദ്രനെന്നോ സമ്പന്നനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും വിലപ്പെട്ട ഒന്നാണ് അവരുടെ കുട്ടിക്കാലം.

എന്റെ മോനോട് ഞാൻ ഇപ്പോൾ ചോദിച്ചു : "നീ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ ഇപ്പോൾ അവധി കിട്ടിയില്ലേ?"
അവധിയെ കൂടുതൽ സ്നേഹിച്ചിരുന്ന എന്റെ മോൻ : "എന്നാലും അമ്മേ ഇത്രയ്ക്ക് വേണ്ടായിരുന്നു....!!!"





Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )