സ്വപ്നത്തിലെ മൂന്നാടുകൾ
ഞാൻ ജ്യോൽസ്യൻ ആണെന്ന് വിചാരിച്ചു ആരെങ്കിലും എന്നോട് 'സ്വപ്നത്തിൽ മൂന്ന് ആടുകളെ കണ്ടാൽ എന്തായിരിക്കും' എന്നു ചോദിച്ചാൽ?
ഞാൻ പറയും : "നിങ്ങൾ കണ്ടത് മൂന്നാടുകളെ അല്ല. പകരം മൂന്നു മനുഷ്യരെയാണ്. അതിൽ രണ്ടു പേർ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം.
രണ്ടുപേർക്ക് ആടിന്റെയും മറ്റേയാൾക്ക് ചെന്നായയുടെയും സ്വഭാവം ആണ്. അതിൽ ഒരാട് നിങ്ങൾ ആണ്. ചെന്നായ ആട്ടിൻത്തോൽ ഇട്ടിരിക്കുകയാണ്. അതാണ് മൂന്നാടായി കണ്ടത്.
പണ്ട് ഒരു കഥയുണ്ടായിരുന്നു. മുട്ടനാടുകളെ തമ്മിൽ യുദ്ധത്തിന് പ്രേരിപ്പിച്ചിട്ട് ആ യുദ്ധത്തിന്റെ നടുക്ക് നിന്ന് ചോര കുടിക്കുന്ന ആട്ടിൻത്തോലിട്ട ചെന്നായയുടെ കഥ.
ഇന്ന് പലരും ആട്ടിൻത്തോൽ അണിഞ്ഞ ചെന്നായയാണ്. അതുകൊണ്ട് താങ്കളെ ചതിക്കാൻ ആരോ പുറപ്പെട്ടിരിക്കുന്നു. എപ്പോഴും ഒരു പട്ടാളക്കാരനെപ്പോലെ ഇരിക്കുക. ചാരൻ എപ്പോൾ വേണമെങ്കിലും കടന്നു വരാം. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. നിങ്ങൾ സ്വപ്നം കണ്ടാലും ഇല്ലെങ്കിലും ജാഗ്രത!
പണ്ട് ആട്ടിൻത്തോൽ അണിഞ്ഞ ഒരു ചെന്നായ എന്റെ അച്ഛന്റെ അടുത്തും വന്നിരുന്നു. ആ ആടിന്റെ മുഖമ്മൂടി അഴിഞ്ഞു വീണപ്പോഴേക്കും വലിയൊരു ചതിക്കുഴിയിൽ അച്ഛൻ വീണു. അവിടെ നിന്നും കരകയറാൻ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. അച്ഛനെ പരിചയമുള്ള എല്ലാവർക്കും ഈ ആട് ചെന്നായയാണെന്ന് അറിയാമായിരുന്നു.
പക്ഷേ, അയാൾ ചെന്നായയാണെന്നു അച്ഛൻ വിശ്വസിച്ചില്ല. അച്ഛന്റെ അവസാന നാളുകളിൽ അച്ഛൻ അറിഞ്ഞു ആ ആട്ടിൻത്തോൽ അണിഞ്ഞ ചെന്നായയെ. പിന്നെ എന്നും ഉറക്കത്തിൽ അച്ഛൻ പറയുന്നത് ഒന്നുമാത്രമായിരുന്നു. "അവനെ ഞാൻ കൊല്ലും". എന്നാൽ എന്റെ അച്ഛനെ ചതിച്ച ആ ചെന്നായ ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്നു..!!
അച്ഛൻ ഒരു പാവമായിരുന്നു. സാമ്പത്തികമായി ആ ചെന്നായ അച്ഛനെ ചതിച്ചു. കേന്ദ്രഗവണ്മെന്റ് ജീവനക്കാരനാണെന്നു പറഞ്ഞിട്ടെന്താ കാര്യം. ഒരു രൂപ പോലും ശമ്പളം കിട്ടാത്ത മാസങ്ങൾ ഉണ്ടായി. അതിൽ നിന്നെല്ലാം എങ്ങനെയോ കരകയറി.
ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത്. സ്വന്തം നിഴലിനെപ്പോലും. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങൾ ആണ്. ആ പാഠങ്ങൾ വീണ്ടും പഠിക്കാൻ ശ്രമിക്കരുത്."
Comments
Post a Comment