ഇങ്ങനെയും ഒരു സ്വപ്നം

രാവിലെ എഴുന്നേൽക്കുമ്പോഴേ ഇമ്പത്തിലുള്ള എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കാതിൽ മുഴങ്ങി കേൾക്കണമെങ്കിൽ അടുത്ത് അമ്പലം വേണം. ഇല്ലെങ്കിൽ നമ്മുടെ വീടുകളിൽ പാട്ട് വെയ്ക്കണം. ഒരു പ്രത്യേക സുഖമാണ്  സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേൾക്കാൻ.

പണ്ട് ഞാൻ നടക്കാത്ത കുറേ സ്വപ്‌നങ്ങൾ കാണാൻ ശ്രമിച്ചിരുന്നു. വർത്തമാന കാലത്തിന്റെ മുന്നോട്ടല്ല എന്റെ സ്വപ്‌നങ്ങൾ പോയത്. ഭൂതകാലത്തിലേക്കായിരുന്നു സഞ്ചാരം.

സ്വപ്‌നത്തിൽ മിക്കപ്പോഴും ഉള്ളത് കൊട്ടാരങ്ങളും അമ്പലങ്ങളും രാജാവും പരിവാരങ്ങളും കൂട്ടത്തിൽ അന്നത്തെ ഞാനും. അന്ന് ഏതോ കൊട്ടാരത്തിലെ അടുക്കളക്കാരിയായിരിക്കും ഞാൻ. അതായിരിക്കും കൊട്ടാരങ്ങൾ കാണാൻ ഇത്ര ഇഷ്ടം. മട്ടാഞ്ചേരി പാലസും തൃപ്പൂണിത്തുറ ഹിൽപ്പാലസും മൈസൂർ പാലസും അങ്ങനെ അങ്ങനെ ഏത് കൊട്ടാരവും എത്ര കണ്ടാലും മതിയാവില്ല.

മണിച്ചിത്രത്താഴിൽ നാഗവല്ലിയെ ആദ്യമായി കണ്ടപ്പോൾ ഗംഗ ചെയ്തതുപോലെ ഞാനും കൊട്ടാരങ്ങളിൽ കാണുന്ന ഛായാചിത്രങ്ങളിലെ രാജാവും രാജ്ഞിയും തോഴിയും മന്ത്രിയും ഭടനും പ്രജകളും എല്ലാം ഒരു നിമിഷം കൊണ്ട് ആകും. എല്ലാത്തിനും സെക്കന്റുകളുടെ ആയുസ്സേയുള്ളൂ. അപ്പോഴേക്കും എന്റെ കൂടെയുള്ളവർ എന്നെ വിളിക്കും അടുത്തത് കാണാൻ.

മൈസൂർ പാലസിൽ പോയപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അത്ഭുതവും അന്നുണ്ടായി. അവിടെ ചെന്നപ്പോൾ മുതൽ ഏതോ മായാ ലോകത്തായിരുന്നു. പെട്ടെന്ന് ഞാൻ രാജാഭരണ കാലത്തിലേക്കു പോയി. ഓരോ കാഴ്ചകളും കാണുമ്പോൾ എന്റെ വായ ഇംഗ്ലീഷ് അക്ഷരമാലയിലെ "o" പോലെ ആകും.

അവിടത്തെ രാജകുടുംബങ്ങളുടെ ജീവൻ എടുക്കാൻ വരുന്ന കാലനോട് അവർ എന്തായിരിക്കും പറഞ്ഞിരിക്കുക? ഇതെല്ലാം വിട്ട് വെറും കൈയോടെ കാലനൊപ്പം പോകാൻ വിസ്സമ്മതിച്ചു കാണും!!

അവിടെ കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിക്കുവാൻ ഉള്ള സ്ഥലം കണ്ടപ്പോൾ ഞാനും അവരിൽ ഒരാളായി. മനസ്സുകൊണ്ട് ഞാൻ ഡാൻസ് കളിച്ചു. ഡാൻസ് കഴിഞ്ഞപ്പോൾ കച്ചേരി നടത്താനായി ഒരു കൂട്ടം ആളുകൾ വന്നു. ഞാനും അവരിലൊരാളായി. പാട്ടുകാരിയുടെ വേഷമായി ഞാനെടുത്തത് പ്രശസ്തയായ എം എസ് സുബ്ബലക്ഷ്മിയെയാണ്. ആ കൊട്ടാര സദസ്സിന് ചേർന്ന രൂപം അന്നേരം സുബ്ബലക്ഷ്മിയിൽ മാത്രമേ കണ്ടുള്ളൂ.

രാജാവിന്റെ കൈയിൽ നിന്നും നിറയെ സമ്മാനങ്ങളുമായി തിരികെ സന്തോഷത്തോടെ വന്നപ്പോൾ അതാ.. അവിടെ കുറച്ചു പേർ എന്തൊക്കെയോ സാധനങ്ങൾ വിൽക്കുന്നു. അതൊക്കെ വാങ്ങിക്കാനായി വേഗം അവരുടെ അടുത്തെത്തി.

കാണുന്നതൊക്കെ വാങ്ങിക്കാൻ വില പേശി. മനസ്സില്ലാമനസ്സോടെ അവർ സമ്മതിച്ചു. ആർക്കും കാണാൻ പറ്റാത്ത വിലപിടിപ്പുള്ള സമ്മാനങ്ങൾ മാത്രമേ എന്റെ കൈയിൽ ഉള്ളൂ. അവർക്ക് പൈസ കൊടുക്കാനായി വേഗം അമ്മയെ നോക്കി.

അമ്മ ബാഗ് തുറന്നതും പിന്നെ ഒന്നും മനസിലായില്ല. അതുവരെ അമ്മയുടെ ബാഗിൽ ഉണ്ടായിരുന്ന പേഴ്‌സ് കാണുന്നില്ല. ആ പേഴ്‌സ് എങ്ങനെ പോയെന്ന് ആർക്കും അറിയില്ല. അവിടെ പരിശോധകന്റെ മുന്നിൽ ബാഗ് തുറന്നു കാണിച്ചത് മാത്രം എല്ലാവർക്കും അറിയാം. ഇപ്പോ ഇതാണാവസ്ഥ.!

എന്നെപ്പോലെ എല്ലാവരും മതിമറന്നു നിന്നുകാണും. ഒരു കാര്യം വ്യക്തമായി. ഏതു കൊട്ടാരത്തിലേക്കു ചെന്നാലും ചുറ്റിനും ഉള്ള കാഴ്ചകളിൽ മാത്രം നോക്കി കണ്ണിനെ ബോധം കെടുത്താതെ ഇടയ്ക്ക് കൈയിലുള്ളതിനെയും ഗൗനിക്കണം.

അന്ന് അമ്മയുടെ ഓഫീസിലുള്ളവർ കൂടെ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ സുബ്ബലക്ഷ്മിക്ക് കച്ചേരിക്കു പകരം വയറ്റത്തടിച്ചു പാടേണ്ടി വന്നേനെ.!

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )