ആത്മാവിന്റെ ദാഹം

അച്ഛന്റെയും അമ്മയുടെയും വീട്ടിലേക്ക് ഓണാവാധിക്കു പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. ആ സന്തോഷം കാരണം പോകുന്നതിന്റെ തലേ ദിവസം ഉറക്കം വരില്ല. അതിരാവിലെ എഴുന്നേൽക്കാത്ത കുട്ടികളായ ഞങ്ങൾ അന്ന് നേരത്തേ എഴുന്നേൽക്കും.

പിന്നെ ദീർഘമായ യാത്രയ്ക്കുള്ള ഒരുക്കം. ബസ്സിൽ ആണ് മിക്കപ്പോഴും പോകുന്നത്. ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ കാണാനായി ഞങ്ങൾ മത്സരിക്കും. തീരെ ചെറുതായിരുന്നപ്പോൾ കാഴ്ചകൾ കാണുന്ന ഞാൻ എന്റെ വായ്ക്കും അച്ഛന്റെ ചെവിക്കും വിശ്രമം കൊടുക്കില്ല. അമ്മ എന്റെ സംശയങ്ങൾക്ക് ചെവി തരില്ല.

 ഒരിക്കൽ ഒരു ഓണാവധിക്കാലം കഴിഞ്ഞ് വളരെ വിഷമത്തോടെ നാട്ടിൽ നിന്നും തിരിച്ചു വന്നു. അന്ന് വൈകുന്നേരം ആയപ്പോഴേക്കും ഒരു കാര്യം അറിഞ്ഞു. ഞാൻ പോലും അറിയാതെ ഒരു സുഹൃത്ത് എന്നോടൊപ്പം കൂടി. കുറച്ചു പ്രശസ്തിയുള്ള ആളാണ്. പേര് ചിക്കൻ ബോക്സ്. ഡോക്ടർ എന്നോട് പറഞ്ഞു: " കുറച്ചു ദിവസത്തേക്ക് സ്ക്കൂളിലൊന്നും പോകണ്ട ". വീട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞു : " നമുക്ക് ഉടനെ നാട്ടിലേക്ക് പോകാം." അതുകേട്ടതും ഭയങ്കര സന്തോഷം ഉണ്ടായി. അന്ന് തന്നെ ഞങ്ങൾ വീണ്ടും നാട്ടിലേക്ക് പോയി.

 അവിടെ ചെന്ന് അധികം താമസിയാതെ തന്നെ സന്തോഷം മാറി സങ്കടമായി. ഉപ്പിടാത്ത കഞ്ഞി, ശരീരം മുഴുവനും കുമിളകൾ, ആ കുമിളകളിൽ നിന്നുള്ള ചൊറിച്ചിലിൽ നിന്ന് ആശ്വാസം കിട്ടാനായി ആരിവേപ്പിന്റെ ഇലകൊണ്ടുള്ള മെത്തയിലുള്ള കിടപ്പ്, പുറത്ത് ആരെയും കാണാൻ പാടില്ല, കണ്ണാടി നോക്കാൻ പാടില്ല, പഴങ്ങളോടുള്ള വെറുപ്പ്, ഇത്തിരി ചോറും കറികളും കഴിക്കാനുള്ള കൊതിയും... അങ്ങനെയങ്ങനെ.... നാട്ടിലെ കൂട്ടിലേക്ക് ആണ് തിരിച്ചെത്തിയത് എന്ന് മനസ്സിലായി. 

 അമ്മയ്ക്കും ആങ്ങളയ്ക്കും ഞാൻ ചിക്കൻപോക്സ് കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞില്ല. അനിയത്തി പക്ഷെ വേണ്ടെന്ന് തീർത്തു പറഞ്ഞു. അച്ഛന് നേരത്തെ വന്നതുകൊണ്ട് തൽക്കാലം വേണ്ടാന്ന് അച്ഛനും പറഞ്ഞു. സമയം പോകാനായി അന്ന് ബാലരമ, പൂമ്പാറ്റ, തെന്നാലിരാമൻ,.....പോലുള്ള ബുക്കുകൾ വായിച്ചു.

 ആ സമയത്ത് ഞങ്ങളുടെ ഒരു കൊച്ചപ്പൻ അവിടെ മിക്കദിവസവും വരുമായിരുന്നു. നല്ല തമാശക്കാരനാണ്. കഥകൾ പറഞ്ഞു തരും. ബാലരമയിൽ ഒന്നും വരാത്ത കഥകളാണ് മിക്കതും.

 കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഞാൻ ഓരോ ദിവസവും ഓരോ കഥക്കായി കാത്തിരിക്കും. അങ്ങനെ ഒരു ദിവസം രാത്രിയിൽ കൊച്ചപ്പൻ ഒരു കഥ പറഞ്ഞു തന്നു. കഥ പറയുന്നതിനു മുമ്പ് പറഞ്ഞു : "ഇത് വെറും കഥയല്ല. നടന്ന സംഭവമാണ്." അതുകൊണ്ടുതന്നെ ആ ഒരു മുൻവിധിയോടെ കഥ കേൾക്കാനായി കാതുകൾ കൂർപ്പിച്ചു.

 കൊച്ചപ്പൻ പറഞ്ഞു തുടങ്ങി: " ഇപ്പോ നടന്നതൊന്നും അല്ല. പണ്ട് പണ്ട് നടന്ന കഥയാണ്. ഒരിക്കൽ ഒരു വീട്ടിൽ ഒരു കാർന്നോര് ഉറങ്ങാൻ കിടന്നു. അധികം വൈകാതെ അയാൾ സ്വപ്നത്തിലേക്ക് കടന്നു.

 എങ്ങനെയാ സ്വപ്നം കാണുന്നത് ? നമ്മുടെ എല്ലാവരുടെയും ആത്മാവ് ഉറക്കത്തിൽ പുറത്തിറങ്ങും. എന്നിട്ട് പല സ്ഥലത്തും പോകും. പല കാഴ്ചകളും കാണും. അങ്ങനെ കണ്ടു കണ്ടു ഉറക്കത്തിന്റെ അവസാനം ആകുമ്പോഴേക്കും തിരിച്ചു വരാനായി ഒരോട്ടമാണ്. ഓട്ടത്തിന്റെ ക്ഷീണം കാരണം ആദ്യം വെള്ളം അന്വേഷിക്കും. പണ്ട് എല്ലാ വീട്ടിലും ഒരു പാത്രത്തിൽ വെള്ളം നിറച്ചിട്ട് തുറന്നു വെക്കും. അങ്ങനെ വെക്കുന്നത് നമ്മുടെ ആത്മാവിന് വേണ്ടിയാണ്. ഇങ്ങനെ തുറന്നു വച്ചിരിക്കുന്ന വെള്ളം കുടിച്ചതിനു ശേഷം വീണ്ടും ശരീരത്തിലേക്ക് കടക്കും.

 ഇപ്പോൾ നമ്മുടെ കാർന്നോര് നല്ല ഉറക്കത്തിലാണ്. കാഴ്ചകളും മറ്റും കാണാൻ പോയ അയാളുടെ ആത്മാവ് അയാൾക്ക് ഉണരേണ്ട സമയം ആയപ്പോഴേക്കും വേഗം വന്നു. വന്നപാടെ വെള്ളം അന്വേഷിച്ചു.
 വെള്ളമുണ്ടെന്ന് കരുതി അവിടെ കണ്ട ഒരു മൊന്തയിൽ ആത്മാവ് കയറി. പക്ഷേ അതിൽ വെള്ളം ഇല്ലായിരുന്നു. ആത്മാവ് കയറിയ ഉടനെ മൊന്ത പെട്ടെന്ന് കമഴ്ന്നു വീണു. മൊന്തയുടെ തുറന്നിരുന്ന ഭാഗം അടഞ്ഞു പോയതുകൊണ്ട് ആത്മാവിന് മൊന്തയുടെ പുറത്തേക്ക് വരാൻ കഴിഞ്ഞില്ല.

 നേരം വെളുത്തു. കാർന്നോര് എഴുന്നേൽക്കാത്തതിനാൽ എല്ലാവരും അയാൾ മരിച്ചെന്ന് വിധിച്ചു. എല്ലാവരും വന്നു ബോഡി കണ്ടു. ആ സമയം അയാളുടെ ആത്മാവ് ആ ശരീരത്തിൽ കയറാനായി തിടുക്കം കൂട്ടുകയായിരുന്നു.

 ബോഡി കുളിപ്പിക്കാനായി എടുത്തു. ദേഹത്ത് വെള്ളം ഒഴിക്കാൻ വേണ്ടി മൊന്തയെടുത്തതും ഒരു മാത്ര കൊണ്ടു ആത്മാവ് അയാളുടെ ശരീരത്തിൽ കയറി. ജീവൻ തിരിച്ചു കിട്ടിയ അയാൾ വെള്ളം കുടിക്കാനായി ചോദിച്ചു. ചുറ്റിനും ഉള്ളവർ പേടിച്ചു. പിന്നീട് അവരോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

അന്നു തൊട്ട് അവിടെയെല്ലാവരും എന്നും കിടക്കുന്നതിനുമുൻപ് ഒരു പാത്രത്തിൽ  നിറയെ വെള്ളം എടുത്തിട്ട് പാത്രം അടക്കാതെ വെയ്ക്കും. ആത്മാവ് വരുമ്പോൾ പെട്ടെന്ന് എടുത്ത് കുടിക്കണ്ടേ....!"

കൊച്ചപ്പൻ കഥ പറഞ്ഞു അവസാനിപ്പിച്ചു. പക്ഷേ, ഞാൻ അതേറ്റെടുത്തു. അന്നു മുതൽ ഞാൻ എന്നും രാത്രിയിൽ ഒരു കപ്പ് വെള്ളമെങ്കിലും എടുത്ത് തുറന്നു വെയ്ക്കും. ഞങ്ങൾ ആത്മാക്കൾ പുറത്തു പോയി ക്ഷീണിച്ചു വരുമ്പോൾ കുടിക്കാൻ നോക്കുമ്പോൾ വേണ്ടേ!

പിന്നെ പിന്നെ എപ്പോഴോ അതു മറന്നു പോയി. ഇങ്ങനെയൊക്കെ ഒരു കഥ പറയാമോ? ബോധമില്ലാത്ത പ്രായത്തിൽ ഇത്തരം കഥകൾ കേട്ടാൽ എന്നെപ്പോലെയുള്ളത് ഇതല്ല... ഇതിനപ്പുറവും ചെയ്തിരിക്കും. 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )