വൈകിയല്ലോ!(കഥ)
ഒരു കുഞ്ഞു മാലാഖക്കുട്ടി. എല്ലാവരുടെയും കണ്ണിലുണ്ണി. പൊന്നൂ, മുത്തേ, കിളിയേ, തത്തേ അങ്ങനെ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള പേരുകൾ അവൾക്ക് നൽകി. ഏത് പേര് വിളിച്ചാലും അവൾ വിളി കേൾക്കും. പക്ഷേ ഒരു പേരുമാത്രം വിളിച്ചാൽ വിളി കേൾക്കാൻ അല്പം താമസിക്കും. സ്വന്തം പേര്! വല്ലപ്പോഴും കേൾക്കുന്ന ആ പേര് അവൾക്ക് അന്യമാണ്.
പക്ഷേ സ്ക്കൂളിൽ പോയി തുടങ്ങിയതു മുതൽ തന്റെ പേര് വിളിക്കുമ്പോൾ അവൾ ഹാജർ പറയാൻ പഠിച്ചു. മീനാക്ഷി കേൾക്കേ ബന്ധുക്കൾ ഒരിക്കൽ പറഞ്ഞു : "നമ്മുടെ മീനാക്ഷി വെറും മീനാക്ഷിയല്ല.... മധുരമീനാക്ഷിയാണ്."
അവൾ മധുരമീനാക്ഷി ആരാണെന്ന് അന്വേഷിച്ചു. ആരാണെന്ന് അറിഞ്ഞ അവളുടെ തലയിൽ എന്തോ ഒന്ന് കയറി. അതെ... ചെറിയോ.....രു അഹങ്കാരം! പിന്നെ എപ്പോഴും കണ്ണാടിയുടെ മുന്നിലാണ്. കണ്ണാടി നോക്കി നോക്കി നിന്ന മീനാക്ഷിക്ക് താൻ ഏതോ ദിവ്യശക്തിയുള്ള ആളാണെന്ന് തോന്നിതുടങ്ങി. താൻ ദേവിയാണെന്ന് സ്വയം തീരുമാനിച്ചു.
തന്റെ ദിവ്യശക്തി ഒന്നു പരീക്ഷിക്കാൻ തന്നെ മീനാക്ഷി തീരുമാനിച്ചു. കിടക്കാൻ നേരം അവൾ ഉറപ്പിച്ചു. "നാളെ എന്തായാലും ചെയ്തേ പറ്റൂ". തന്റെ ഒരോ ദിവ്യശക്തികളും അവൾ സ്വപ്നം കണ്ടു. വെള്ളത്തിനു മീതെ നടന്ന് താമരപ്പൂവ് എടുക്കുന്നതും, ആകാശത്തിലൂടെ പറന്ന് പക്ഷികളുമായി മത്സരിക്കുന്നതും, അദൃശ്യയായി മറ്റുള്ളവരുടെ മുന്നിൽ വന്നു നിന്ന് കുസൃതികൾ കാണിക്കുന്നതും...... അങ്ങനെ പലതും അവൾ സ്വപ്നം കണ്ടു.
രാവിലെ ഒരുപാട് വൈകി എഴുന്നേറ്റ മീനാക്ഷിയെ അമ്മ വഴക്കു പറഞ്ഞു. "നിനക്ക് ഇന്ന് സ്ക്കൂളിൽ പോകണ്ടേ? ഇന്ന് അസംബ്ലി കഴിഞ്ഞാലും നീ സ്ക്കൂളിൽ എത്തുമോ?"
"എന്റെ ശക്തി ഉപയോഗിച്ച് ഞാൻ ബെല്ലടിക്കുന്നതിനു മുൻപ് തന്നെ സ്ക്കൂളിൽ എത്തും." മോളുടെ മറുപടി കേട്ട അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല.
"ഈ കൊച്ച് എപ്പോ എത്തുമോയെന്തോ!" അവർ മനസ്സിൽ പിറുപിറുത്തു കൊണ്ട് മോൾക്ക് ഭക്ഷണം എടുത്തു വെച്ചു.
പെട്ടെന്ന് തന്നെ റെഡിയായി മീനാക്ഷി വന്നു. അവൾ ബാഗും എടുത്തു ഇറങ്ങി. സാധാരണ രീതിയിൽ എങ്ങനെ നോക്കിയാലും സമയത്തു സ്ക്കൂളിൽ എത്തില്ലെന്നു അവൾക്കറിയാം. പക്ഷേ അവൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. കാരണം അവൾക്ക് ദിവ്യശക്തിയുണ്ടല്ലോ!!
പല ദിവ്യശക്തികളും നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. പിന്നെ ഒന്നും ആലോചിച്ചില്ല. എല്ലാവരുടെയും പൊതുവായിട്ടുള്ള ശക്തിയായ 'ഓട്ടം' പുറത്തെടുത്തു. അതിൽ കുറഞ്ഞത് ഒരു പി. ടി. ഉഷയെങ്കിലും ആകണം. എന്നാലേ വിചാരിച്ചത് നടക്കൂ.
തന്റെ ഓട്ടത്തേക്കാൾ വേഗതയിൽ ആണ് 'സമയം' ഓടുന്നതെന്ന് അവൾ മനസ്സിലാക്കി. പാടവരമ്പത്തിലൂടെയുള്ള ഓട്ടം 'സമയ'ത്തിന് തീരെ ഇഷ്ടമായില്ലെന്ന് തോന്നുന്നു!.. അവൾക്കും വാശിയായി... "ഓഹോ.... സമയമേ... ഞാൻ നിന്നെ വെറുതെ വിടുമെന്ന് വിചാരിക്കേണ്ട...നീ എന്റെ ശക്തിയെന്താണെന്ന് അറിയാൻ പോകുന്നതേയുള്ളൂ.."
തന്റെ ശക്തിയിൽ സ്കൂളിൽ എത്തിയപ്പോഴോ... അസെംബ്ലി കഴിഞ്ഞു സ്ക്കൂൾ ഗ്രൗണ്ട് വിജനമായിരിക്കുന്നു. വൈകി വന്ന മീനാക്ഷിയെ ടീച്ചർ കയ്യോടെ പിടിച്ചു. "നീ എന്താ വൈകിയത്?" ടീച്ചർ ദേഷ്യത്തോടെ ചോദിച്ചു. "ഞാൻ എന്റെ ദിവ്യശക്തി പരീക്ഷിക്കാൻ നോക്കിയപ്പോൾ വൈകിപ്പോയി." അവൾ മനസ്സിൽ പറഞ്ഞു.
അവൾ തന്റെ ദിവ്യശക്തികളിൽ ഒന്നിനെ പുറത്തെടുത്തു. "ടീച്ചർ.. എന്റെ വീട്ടിലെ ക്ലോക്കിലെ സമയം ഇന്ന് രാവിലെ പുറകോട്ടാണ് സഞ്ചരിച്ചത്. പിന്നോട്ട് സഞ്ചരിച്ച സമയത്തെ മനസ്സിലാക്കാൻ വൈകി. അതാണ് സ്ക്കൂളിൽ വരാൻ വൈകിയത്."
അതു കേട്ടപാടെ ടീച്ചർ പറഞ്ഞു: "എന്നാ നീ സ്ക്കൂളിന് ചുറ്റും ഒന്നോടി വാ. പിന്നെ,... ഓടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. എന്താന്നോ... സാധാരണ എല്ലാവരും മുന്നോട്ടാണ് ഓടുന്നത്. പക്ഷെ നീ ഓടേണ്ടത് പുറകോട്ടാണ്. അങ്ങനെ ഓടിയാൽ മതി. ഞാൻ നോക്കും. കേട്ടോ..."
ടീച്ചറും വിട്ടു കൊടുത്തില്ല.
"ഹൊ! എന്റെ ദിവ്യശക്തിക്കു ഇത്രയും ശക്തിയുണ്ടായിരുന്നോ!!.. " എന്ന് ഓരോ ചുവട് പുറകോട്ട് എടുക്കുമ്പോഴും അവൾ മനസ്സിലാക്കി.
✍️ഷൈനി
Thankyou 🙏
ReplyDeleteComedy🤣 and Knowledge😍👍👌
ReplyDelete🥰🥰🤩😂
Delete