നീ എന്തിനു വന്നു? ( കഥ )
കൃഷ്ണന്റെ രാധയെ കുറിച്ച് അറിയാത്തവർ ഉണ്ടോ? ഉണ്ടാകുമായിരിക്കും.
കൃഷ്ണ ഭക്തയായ മീര തന്റെ കുഞ്ഞിന് രാധയെന്ന പേര് തന്നെ കൊടുത്തു. അവൾ വളർന്നു. തികഞ്ഞ കൃഷ്ണ ഭക്ത. തനിച്ചുള്ള സംസാരം എപ്പോഴും അവൾക്കുണ്ട്. സംസാരിക്കുന്നത് വേറെ ആരോടും അല്ല. തന്റെ കൃഷ്ണനോട് തന്നെയാ. അമ്മ കൊടുത്ത കണ്ണന്റെ കുഞ്ഞു വിഗ്രഹം എപ്പോഴും അവളുടെ കൂടെയുണ്ട്. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ആദ്യം പറയുന്നത് അവളുടെ കണ്ണനോട് ആണ്.
ഒരിക്കൽ അവൾ കൃഷ്ണനോട് പറഞ്ഞു : "എന്നും ഞാൻ നിന്നോട് സംസാരിക്കും. എന്റെ ശബ്ദം നിനക്ക് നന്നായിട്ട് അറിയാം. പക്ഷേ,... നിന്റെ ശബ്ദം കേൾക്കാൻ എനിക്ക് എന്താ കഴിയാത്തത്? കാത്തിരിക്കാൻ വയ്യ കണ്ണാ... ഒരിക്കലെങ്കിലും നിന്റെ ശബ്ദം എന്നെ കേൾപ്പിച്ചൂടെ?!... "
വർഷങ്ങൾ കഴിഞ്ഞു. വീട്ടിലെ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. "രാധേ.. നീ ആ ഫോൺ എടുത്ത് ആരാണെന്ന് നോക്കിയേ..." അമ്മ പറഞ്ഞു. അവൾ ഓടി ചെന്ന് ഫോൺ എടുത്തു. അവൾ ചെറിയ ശബ്ദത്തിൽ "ഹലോ..." മറുപടി വരാതിരുന്നപ്പോൾ കുറച്ചൂടെ ഉറക്കെ " ആരാ... " ഒരു പാട്ടായിരുന്നു അതിനു മറുപടി. മധുരമായ ശബ്ദത്തിൽ പാടുന്ന ആ പാട്ട് അവൾ കേട്ടു നിന്നു. പെട്ടെന്ന് ഫോൺ കട്ടായി. ആ പാട്ടിൽ ലയിച്ചു പോയ അവളോട് അമ്മ ചോദിച്ചു : " ആരായിരുന്നു? "
അവൾ പരിസരബോധമില്ലാതെ പറഞ്ഞു : " കണ്ണൻ "
" അവൻ എന്തിനാ വിളിച്ചത്?" അമ്മ ചോദിച്ചു.
അപ്പോഴേക്കും സ്ഥലകാലബോധം വന്ന രാധ : " ഒന്നും പറഞ്ഞില്ല. ഏതോ റോങ്ങ് നമ്പർ. "
" സുജാതയുടെ മോൻ കണ്ണൻ അടുത്താഴ്ച ഇവിടേയ്ക്ക് വരുന്ന കാര്യം പറഞ്ഞിരുന്നു. അവൻ ആണെന്നാണ് ഞാൻ വിചാരിച്ചത്.. " അതും പറഞ്ഞ് അമ്മ കിടക്കാൻ പോയി.
രാധയ്ക്ക് പക്ഷേ കിടന്നിട്ട് ഉറക്കം വന്നില്ല. അവളുടെ ചെവിയിൽ ആ മധുരമായ പാട്ടായിരുന്നു. ആരായിരിക്കും പാടിയത്? എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണ് പാടി തന്നത്. നാളെ വീണ്ടും വിളിച്ചിരുന്നെങ്കിൽ..! എപ്പോഴോ രാധ മയക്കത്തിലേക്കു വീണു. സ്വപ്നത്തിൽ നിറയെ മയിൽപ്പീലികൾ നടനമാടുന്നത് കണ്ടു.
പിറ്റേന്ന് വീണ്ടും ഫോൺ ബെല്ലടിച്ചു. ആ ഫോൺ വിളി കാത്തിരുന്ന രാധ ഉടൻതന്നെ ഫോണെടുത്തു. " ഹലോ " പറഞ്ഞതും ഉടനെ മറുപടി വീണ്ടും പാട്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ ആ പാട്ട് തീരുന്നതുവരെ കേട്ടുകൊണ്ടിരുന്നു. പാട്ട് തീർന്നതും അവൾ ചോദിച്ചു: " നിങ്ങളാരാ? " ഉടനെ ഫോൺ കട്ടായി.
ഇത് പിന്നെ എല്ലാ ദിവസവും തുടർക്കഥയായി. വേറെ ആരും ഫോൺ എടുക്കാതിരിക്കാൻ രാധ പ്രത്യേകം ശ്രദ്ധിച്ചു. അവൾക്ക് പതിയെ ഒരു കാര്യം മനസ്സിലായി. "താൻ ആ ശബ്ദത്തെയും പാട്ടിനെയും സ്നേഹിക്കുന്നു. അതെ.. എന്റെ കണ്ണൻ തന്നെയാണ് അത്. " ഒരു ദിവസം പോലും ആ ശബ്ദം കേൾക്കാതിരിക്കാൻ കഴിയില്ല എന്ന് അവൾ തിരിച്ചറിഞ്ഞു. " കണ്ണാ... നിന്റെ ശബ്ദം കേൾക്കാനായി കൊതിച്ചവൾക്ക് നിത്യവും പാട്ടായി നീ വന്നു. ഇനി ആ ശബ്ദം എന്നിൽ നിന്നും അകന്നു പോകല്ലേ.. രാധയെ തേടിവന്ന കൃഷ്ണാ ഇനിയും മറഞ്ഞു നിൽക്കല്ലേ... എന്നും പാട്ടായി എന്നരികിൽ നീ ഉണ്ടാകണേ.. "
പക്ഷേ... പെട്ടെന്നൊരു ദിവസം ഫോണിലെ പാട്ട് നിന്നു. തിരിച്ച് ആ നമ്പറിലേക്ക് അവൾ വിളിച്ചു. എല്ലാവരും മിക്കപ്പോഴും കേൾക്കുന്ന ആ ശബ്ദം അവളും കേട്ടു. " ഈ നമ്പർ നിലവിലില്ല...!!"
പറയാതെ ഒരു ദിവസം കടന്നുവന്നു, അതിനേക്കാൾ വേഗത്തിൽ പറയാതെ എങ്ങോട്ടോ മാഞ്ഞു പോയി. ഈ വിരഹം അവൾക്ക് താങ്ങാൻ പറ്റിയില്ല. രാധ കൃഷ്ണനോട് പറഞ്ഞു : " വീണ്ടും നീ ശബ്ദമായി എന്നരികിലേക്ക് എന്നുവരും? ഒരായുസ്സ് മുഴുവൻ നിന്റെ രാധ നിനക്കായി കാത്തിരിക്കും.. നിന്റെ വേണു ഗാനത്തിനായി ഞാൻ കാത്തിരിക്കും. തുളസിക്കതിർ നുള്ളിയെടുത്തു.......... കണ്ണാ..കണ്ണാ...... കണ്ണാ കണ്ണാ..
✍️✍️✍️ ഷൈനി ഡി
Superb😍 and Thrilling😲
ReplyDelete😍🥰
Deleteമനോഹരമായിരിക്കുന്നു Congrats
ReplyDelete