പാതിരാമഴയേതോ!
മഴയെ ഒരുപാട് സ്നേഹിച്ചിരുന്നു. പുഴയുടെ അക്കരെ കാണുന്ന മഴയുടെ വരവിനെ ആർത്തു വിളിച്ചു വരവേറ്റിരുന്ന കുട്ടിക്കാലം. മഴ അടുത്തു വരുന്തോറും ഞങ്ങൾ ഓടും. ഓടിയോടി വീടിന്റെ ഉമ്മറത്ത് എത്തുമ്പോഴേക്കും അവൾ വന്നു തൊട്ടിരിക്കും, കൂടെ അമ്മയുടെ ശകാരവും. കാറ്റിന്റെ ശക്തിയാൽ ചരിഞ്ഞു വരുന്നവൾ ഇടയ്ക്ക് "ജനഗണമന" കേട്ടപോലെ പെട്ടെന്ന് നേരെ നിൽക്കും. ചിലനേരം അട്ടഹാസം. അട്ടഹാസം അവസാനം തേങ്ങലായി മാറും. ചിലപ്പോൾ മൂന്നാംകാലത്തിൽ നിന്നും ഒന്നാംകാലത്തിലേക്കു താളമിട്ടു അവസാനിപ്പിക്കും. അതിനിടയിൽ മാലപ്പടക്കവും അങ്ങിങ്ങ് കതിനയും...
അങ്ങനെ ഈ പാതിരാവിൽ മഴയെക്കുറിച്ച് ഞാൻ ആസ്വദിച്ചു എഴുതുമ്പോൾ... വേറിട്ടൊരു അട്ടഹാസം കേൾക്കുന്നു. മഴയല്ലല്ലോ അട്ടഹസിക്കുന്നത്... അത് അടുത്ത വീട്ടിലെ താമസക്കാരിയുടേതാണല്ലോ..! ആദ്യം ഒന്നു ഞെട്ടി.. പിന്നെ ഞെട്ടലോട് ഞെട്ടൽ ആയിരുന്നു. അട്ടഹാസത്തിന്റെ ഒടുവിൽ ഒരലർച്ച കേട്ടു. ഒന്നല്ല രണ്ടു തവണ. അത് ഒരു ആണിന്റെ അലർച്ചയായിരുന്നു.! അവർ തമ്മിലുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിന് കൊടുത്ത അതിശക്തമായ തിരിച്ചടിയുടെ പ്രകമ്പനം ആണ് പുറത്തേക്കു വന്നത്.
അതുകേട്ട എന്റെ സകല ധൈര്യവും ചോർന്നു പോയി. രണ്ട് അലർച്ചയോടു കൂടി അവരുടെ കലാപരിപാടികൾ അവസാനിച്ചു. രൗദ്രത്തിൽ ഉണ്ടായവർ പിന്നെ ശാന്തത്തിൽ എത്തിച്ചേർന്നു. പക്ഷേ ഞാനോ..! ഭയാനകത്തിലേക്കു മാറിയിരുന്നു.
ഒരനക്കവും കേൾക്കുന്നില്ലല്ലോ.! നാളെ ഇനിയെങ്ങാനും ഇവിടെ പോലീസുകാർ വരുമോ? ഞാൻ ഉടനെ ലൈറ്റ് ഓഫ് ചെയ്തു. വേഗം കട്ടിലിൽ വന്നു കിടന്നു. പക്ഷേ... പേടിച്ചിട്ട് ഉറക്കം വരുന്നില്ല. ആരോടെങ്കിലും പറയാതിരുന്നിട്ട് സമാധാനവും വരുന്നില്ല.
പാതിരാമഴയേതോ ഹംസഗീതം .... കേട്ട ഞാൻ അവസാനം കൊടുങ്കാറ്റും പേമാരിയും മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി.!!
Thankyou 🙏
ReplyDeleteSuper....
ReplyDeleteThankyou 🙏
Delete