ഇനിയൊരു ഉദയമോ! (കഥ )
വീണപൂവ് പോലെ വീണുപോയ ഒരു പൂവായിരുന്നു നളിനി. "ചിരി" അവൾ മറന്നു പോയിരിക്കുന്നു. അതിനാൽ അവളെ പലരും ചിരിപ്പിക്കാനായി ശ്രമിച്ചു. പക്ഷേ എല്ലാം വിഫലമായി. പ്രതീക്ഷകൾ ഓരോ തവണ അവളെ തേടിയെത്തും. എല്ലാത്തിന്റെയും ഒടുവിൽ പ്രതീക്ഷ മാത്രം ബാക്കിയാകും. പിന്നെ പിന്നെ അവൾ പ്രതീക്ഷയുടെ നേരെയുള്ള വാതിലുകൾ കൊട്ടിയടച്ചു. അവൾ അവളുടേതായ പുതിയ ലോകത്തിലേക്ക് നടന്നു കയറി. അവിടെ അവളെ വരവേൽക്കാൻ കുറെ മുഖങ്ങൾ ഉണ്ടായിരുന്നു. പലരെയും അറിയാം. പാതിവഴിയിൽ വെച്ച് പിരിഞ്ഞവർ. വീണ്ടും അവരെ കൂടെ കൂട്ടി.
ആ കൂട്ട് അവൾക്ക് കൂടുതൽ കരുത്ത് നൽകി. അവൾ അവരെയാണോ അതോ അവർ അവളെയാണോ കൂടുതൽ സ്നേഹിക്കുന്നതെന്ന് തിരിച്ചറിയാൻ പറ്റാതായി. മനുഷ്യരുടെ കുലത്തിൽ അല്ലാത്തവരെ അവൾക്ക് വിശ്വാസമായിരുന്നു.
അവൾ പതിയെ ചിരിക്കാൻ തുടങ്ങി. അല്ല,... ചിരി അവളെ തേടി വന്നു. ജീവിതത്തിൽ തിരക്ക് വല്ലാതെ കൂടിയാൽ മറവി എന്ന അനുഗ്രഹം ഉണ്ടാകുമെന്ന് നളിനി എങ്ങനെയോ അറിഞ്ഞു. അവൾ ഇപ്പോൾ തിരക്കോട് തിരക്കിലാണ്.
ദൂരെ ദൂരെ ദൂരത്തായി..... നിന്നവൻ അവൾ പോലുമറിയാതെ അവളെ സ്നേഹിച്ചു. ഒരിക്കൽ അവൻ അവളെ തന്റെ സ്നേഹം അറിയിച്ചു. ആ സ്നേഹത്തെ അവൾക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല. പകരം സംശയത്തോടെ വീക്ഷിച്ചു. പല കടമ്പകളും കടക്കാൻ കഴിയാത്തതു കൊണ്ട് അവൾ അവന്റെ സ്നേഹത്തെ നിരസിച്ചു. പക്ഷെ..
അവളുടെ മനസ്സിൽ എപ്പോഴോ അവൻ കുടിയേറി. ആ കുടിയേറ്റത്തെ ഒഴിപ്പിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. ഈ ദുരവസ്ഥ കണ്ടിട്ട് വീണപൂവിനോട് തോന്നുന്ന കരുണ പോലും കാലം നളിനിക്ക് കൊടുത്തില്ല.
ദൂരെ ദൂരെ ദൂരത്തായ്...... നിന്നവർ അറിയാതെ പരസ്പരം സ്നേഹിച്ചു. പരിഭവങ്ങൾ ഇല്ല.... വാഗ്ദാനങ്ങൾ ഇല്ല..... ആശംസകൾ ഇല്ല... എന്നിട്ടും അവർ അറിഞ്ഞു തങ്ങൾ സ്നേഹിക്കുകയാണെന്ന്. വേർപിരിയാനായി മാത്രം....
✍️✍️ഷൈനി
Comments
Post a Comment