അണയാത്ത ദീപം.
ഞാൻ സ്വപ്നം കൊണ്ട് ഒരു കൂടുണ്ടാക്കും. ആ കൂടിന്റെ ബലക്ഷയം കാരണം ഉടനെ തന്നെ തകർന്നു വീഴും. അതപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കും. പല അമ്പലങ്ങളിലും ഡാൻസ് കളിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ച ചില അമ്പലങ്ങളിൽ ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല.
കൃഷ്ണന്റെ പാട്ടാണ് കൂടുതലും ചെയ്തിട്ടുള്ളത്. പലപ്പോഴും ഗുരുവായൂരിൽ കളിക്കാനുള്ള യോഗം വന്നു ചേരും. കുറച്ചു ദിവസം കഴിയുമ്പോൾ ഭഗവാൻ ആ യോഗം പിരിച്ചുവിടും. പറഞ്ഞിട്ടെന്താ കാര്യം! ഗുരുവായൂരപ്പന് എന്നെ വേണ്ട. എനിക്ക് പരിചയമുള്ള പലരും അവിടെ പോയി കളിച്ചിട്ടു വന്ന് അവിടുത്തെ വിശേഷങ്ങൾ പറയും. അപ്പോൾ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് ഭഗവാന് അറിയില്ലല്ലോ. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്. ഞാൻ അവിടെ വന്ന് കളിച്ചാൽ ഭഗവാന് എന്റെ മുന്നിൽ പ്രത്യക്ഷപ്പെടേണ്ടി വരും. അന്നേരം "ഞാനേ കണ്ടിട്ടുള്ളൂ, ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ" എന്ന് എന്റെ വായ പറയും. അത് പറയിക്കാതിരിക്കാൻ അല്ലേ! എന്നാലും എനിക്ക് ഇഷ്ടമാണ് എന്റെ കണ്ണനെ...
ചോറ്റാനിക്കരയിൽ മിക്കപ്പോഴും പോയി തൊഴാറുണ്ട്. പണ്ട് 'ചോറ്റാനിക്കരയമ്മ' സിനിമ കണ്ട അന്ന് രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ടു. അവിടെ അമ്പലത്തിൽ ശ്രീവിദ്യ ഡാൻസ് കളിക്കുന്നതു പോലെ ഞാനും കളിക്കുന്നു. സ്റ്റേജിൽ അല്ല. അമ്പലത്തിന്റെ ചുറ്റിനും കീഴ്ക്കാവിലേക്ക് പോകുന്ന പടികളിലും മറ്റും ഞാൻ ഡാൻസ് കളിച്ചു പോകുന്നു. എന്തുചെയ്യാം ഞാൻ കാണുന്ന സ്വപ്നം ദേവിക്കും കാണാൻ പറ്റുമല്ലോ!! അന്നേരം ദേവി തീരുമാനിച്ചു. "ഇവൾ എന്റെയടുത്തു വന്ന് ഡാൻസ് കളിച്ചാൽ വീട്ടുകാർക്കും നാട്ടുകാർക്കും തലവേദനയാകും. ഡാൻസ് കളിക്കാൻ വരുന്നത് സ്റ്റേജിൽ അല്ലല്ലോ! അതുകൊണ്ട് ഇവൾക്ക് വരുന്ന അവസരങ്ങൾ എല്ലാം മുടക്കണം. അങ്ങനെ നീ ഇവിടെ കളിക്കണ്ട." സാരമില്ല വല്ലപ്പോഴും അവിടെ പോയി തൊഴാൻ അനുവദിക്കുന്നുണ്ടല്ലോ. അതുതന്നെ ധാരാളം.
കുഴിക്കാട്ടമ്മയും എന്നെ ചതിച്ചു. അവിടെയും നൃത്തമാടാൻ എനിക്ക് മോഹമായിരുന്നു. ഒരിക്കൽ ഞാൻ അവിടത്തെ ദേവിയുടെ പടം വരച്ചു കൊടുത്തു. അന്നേരം എന്നോട് കുറച്ചു കരുണ കാണിക്കണ്ടേ! എന്നാൽ ദേവിക്കും എന്നെ വേണ്ട. അതുകൊണ്ടാണല്ലോ പലതവണ മുടങ്ങിയിട്ടും അവസാനമായി ഒന്നൂടെ ശ്രമിച്ചപ്പോൾ നടുമിന്നൽ രൂപത്തിൽ വന്ന് എന്നെ അനുഗ്രഹിച്ചത്.!!
മൂകാംബികയിൽ ഒരിക്കലെങ്കിലും
പോയി ഡാൻസ് കളിക്കണമെന്ന് എപ്പോഴും ടീച്ചർ എന്നോട് പറയുമായിരുന്നു. മൂകാംബികയിൽ ദേവി വിളിച്ചാൽ മാത്രമേ അവിടെ പോകാൻ പറ്റുകയുള്ളൂന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പലർക്കും ദേവി ടോക്കൺ കൊടുക്കുകയും, അവർ പോവുകയും ചെയ്തു. ഇവിടെയും എനിക്ക് ടോക്കൺ തരാൻ പറ്റില്ലാന്ന് ദേവി വിചാരിച്ചിട്ടുണ്ടാകും.
പക്ഷേ... എനിക്കൊന്നേ പറയാനുള്ളൂ. എന്റെ ഡാൻസ് കാണാനുള്ള യോഗം
ഭഗവാനും ഭഗവതിക്കും ഇല്ല.! ഇനിയൊരവസരത്തിനായി ശല്യം ചെയ്യില്ല.
ഇനി ശിവനായിരിക്കും എന്റെ ഡാൻസ് കാണാനുള്ള യോഗം. അങ്ങ് ദൂരെ കൈലാസത്തിലേക്ക് എന്നെ വിളിക്കുമായിരിക്കും. നടരാജന്റെ കൂടെ നൃത്തമാടാൻ എന്നെ വിളിക്കുന്നതും കാത്ത് ഞാനിരിക്കും. വിളിച്ചാൽ ഉടനെ ഞാൻ പോകും. ആത്മാവായ്.. അന്നേരം കമ്പിളി വേണ്ടല്ലോ.!!

Thankyou 🥰
ReplyDeleteAwesome writing..loved it..
ReplyDeleteThankyou 🙏
Delete