ചെല്ലപ്പേര്
ചെല്ലപ്പേര് ഇല്ലാത്തവർ ചുരുക്കമാണ്. സ്നേഹം കൂടുമ്പോൾ ആണല്ലോ ഇത്തരം വിളികൾ ഉണ്ടാകുന്നത്. ചിലർക്ക് അത് ജീവിതാവസാനം വരെ കൂടെ ഉണ്ടാകും. മറ്റ് ചിലർക്ക് കേട്ടറിവും.
എന്റെ മോനും ഉണ്ട് ചെല്ലപ്പേര്. ഒന്നല്ല... വീട്ടിലെ പലരും അവനെ അവർക്കിഷ്ടമുള്ള പേരിലാണ് വിളിക്കുന്നത്. പൊന്നു, പൊന്നൂസ്, കണ്ണൻ, കണ്ണാപ്പി, അച്ചു, അമ്പിളി അങ്ങനെയങ്ങനെ... പക്ഷേ ഞാൻ ഇതൊന്നുമല്ല വിളിക്കുന്നത്. "വിച്ചു". അതേ വിഷ്ണു ചുരുങ്ങി വിച്ചുവായി. അവന്റെ പേരിടീലിനന്ന് ഇട്ട പേരാണ് വിഷ്ണു. പക്ഷേ ഞാൻ അല്ലാതെ വേറെ ആരും ആ പേര് അവനെ വിളിക്കാറില്ല. ഞാൻ തന്നെ വിഷ്ണൂ..... ന്നും വിച്ചൂ..... ന്നും മാറി മാറിയാണ് വിളിക്കുന്നത്. ഗൗരവത്തിൽ ആണെങ്കിൽ "വിഷ്ണു" അല്ലാതെയാണെങ്കിൽ "വിച്ചു".
അവന് ഇത്രയും പേരുള്ളതിന്റെ തലക്കനം ഒന്നുമില്ലെന്നു തോന്നുന്നു. ഈ പറഞ്ഞ പേര് മാത്രമല്ല ഉള്ളത്. സ്കൂളിൽ അശ്വിൻ. അവന്റെ കൂട്ടുകാരും ടീച്ചേഴ്സും വേറെ വളരെ കുറച്ചു പേരും മാത്രം വിളിക്കുന്ന പേരാണ് അശ്വിൻ. ഏതായാലും ഇതിൽ ഏത് പേരു വിളിച്ചാലും അവൻ വിളി കേൾക്കും.
ഇതുപോലെ ഒരുപാട് പേരുള്ള ഒത്തിരി പേർ ഉണ്ടായിരിക്കും. അവർ അർജ്ജുനനേയും കൃഷ്ണനേയും പോലെ പത്തോ അതിലധികമോ പേരുമായിട്ടായിരിക്കും നടക്കുന്നത്.
ഓ... ഒരു പേരിലെന്തിരിക്കുന്നു? ജീവിതത്തിൽ ഇതേവരെ ഒരു സത്യം പോലും പറയാത്ത ആൾക്ക് 'സത്യശീലൻ', ധർമ്മം എന്താണെന്ന് അറിയാത്ത ആൾക്ക് 'ധർമ്മജൻ', നല്ല ശീലങ്ങളെ കുറിച്ച് കേട്ടറിവ് പോലുമില്ലാത്തവർക്ക് 'സുശീല' - 'സുശീലൻ', അങ്ങനെയങ്ങനെ...... യാതൊരു തിളക്കവും ഇല്ലാത്തവൾക്ക് ഷൈനി എന്ന പേരും !!
എനിക്കും എന്റെ ഓർമ്മയിൽ ഒരു ചെല്ലപ്പേരുണ്ടായിരുന്നു. എന്റെ അമ്മ ഞാൻ ചെറുതായിരുന്നപ്പോൾ എന്നെ കൊഞ്ചിച്ചു വിളിക്കുന്ന പേരായിരുന്നു "ഷൈന". ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എന്റെ കാതിൽ വല്ലപ്പോഴും മുഴങ്ങിയിരുന്ന ആ വിളി പതിയെ അന്യമായി. അമ്മ മറന്നു പോയി ആ പേര്.
" എങ്കിലും അമ്മേ.... എനിക്ക് ആ വിളി ഇഷ്ടമാണ്. ഇപ്പോഴും എന്നെ ഇടയ്ക്കൊക്കെ വിളിക്കാം. അങ്ങനെയെങ്കിലും എന്റെ ബാല്യം ഓർക്കാലോ!"
✍️✍️ഷൈനി
Enjoyed reading..
ReplyDeleteThankyou 🥰
Delete