സംഘർഷം

സംഘർഷം

അന്നൊരിക്കൽ അമ്മ ഓഫീസിൽ നിന്നും വന്നപ്പോൾ എനിക്ക് നല്ല പനിയും ഛർദ്ദിയും. ഞങ്ങൾ ആ ക്വാർട്ടേഴ്സിലേക്ക് മാറിയിട്ട് അധികം ദിവസം ആയില്ല. അവിടെ അടുത്തുള്ള ഹോസ്പിറ്റലിനെ കുറിച്ച് അറിയില്ല. സഹായത്തിനായി അടുത്ത് താമസിക്കുന്ന ആളെ വിളിച്ചു. അദ്ദേഹം ഞങ്ങൾക്ക് വഴി പറഞ്ഞു തന്നിട്ടും മനസ്സിലായില്ല. എന്റെ അവസ്ഥ കണ്ടപ്പോൾ പുള്ളിക്കാരൻ കൂടെ വരാം എന്ന് പറഞ്ഞു.

ഹോസ്പിറ്റലിലേക്ക് ഞങ്ങൾ മൂന്നു പേരും പോയി. അവിടെ ചെന്ന് ഡോക്ടറെ കാണാനുള്ള ചീട്ടു എടുത്തു. അത്രയ്ക്ക് വലിയ ഹോസ്പിറ്റൽ ഒന്നുമല്ല. എന്നാലും രോഗികൾ കുറച്ച് ഉണ്ട് കാണാൻ. മൂന്നോ നാലോ  രോഗികൾ കഴിഞ്ഞിട്ടാണ് എന്റെ നമ്പർ. എന്തായാലും അവിടെ കണ്ട സീറ്റുകളിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു.

അവിടെയിരുന്നു കൊണ്ട് ഞാൻ ആശുപത്രിയെ ഒന്ന് കാണുകയാണ്. കണ്ടു കണ്ടു വന്നപ്പോൾ ഇടയ്ക്ക് എന്റെ കണ്ണുകൾ ഒന്നിൽ ഉടക്കി. എന്തോ എഴുതി വെച്ചിരിക്കുന്നു. വായിച്ചിട്ട് മനസ്സിലാകുന്നില്ല. വീണ്ടും വീണ്ടും വായിച്ചു. ഒരു പിടിയും കിട്ടുന്നില്ല.

ഞാൻ അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അമ്മയെ നോക്കി. അവിടെ എഴുതിയിരിക്കുന്നത് എന്താണെന്ന് അമ്മയോട് ചോദിച്ചു. അമ്മ അത് വായിച്ചിട്ട് എന്നെ രൂക്ഷമായി നോക്കി. വീണ്ടും ഞാൻ ചോദിച്ചു. പിന്നെ അമ്മ നോക്കുക മാത്രമല്ല വായ കൊണ്ടും കൈ കൊണ്ടും പ്രതികരിച്ചു.

അതേസമയം എന്റെ ചോദ്യം കേട്ട് വിഷമിച്ചിരിക്കുന്ന ഒരാളെ ഞാൻ കണ്ടു. ഞാനാ മനുഷ്യന്റെ മുഖത്തേക്ക് നോക്കി. ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. കാരണം കൂടെ വന്നതാണെങ്കിലും ഇതിനുമുമ്പ് ഞാൻ ആ പുള്ളിയോട് സംസാരിച്ചിട്ടില്ല. എനിക്ക് പുതിയൊരാളോട് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം അമ്മയിലേക്ക് തന്നെ എന്റെ കണ്ണ് വീണ്ടും പോയി. അമ്മ അപ്പോഴും രൗദ്രത്തിൽ  തന്നെയാണ്.

എനിക്ക് മനസ്സിലാകുന്നില്ല. എന്തപരാധമാണ്  ഞാൻ ചോദിച്ചത്? ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ അത് പിന്നെ ഈ ആശുപത്രിയിൽ വെള്ളയ്ക്കാ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നത് എന്തിനാ? കണ്ടു പിടിച്ചേ പറ്റൂ. ആരോട് ചോദിക്കും? എന്റെ കൂടെ വന്ന രണ്ടുപേരും എന്നെ മൈൻഡ് ചെയ്യാതെ ഇരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എന്റെ നമ്പർ വിളിച്ചു. പിന്നെ അവിടെ നിന്നും ഇറങ്ങുന്നതിനു മുമ്പ് ഒരു ഇഞ്ചക്ഷനും ഒപ്പം വീട്ടിലിരുന്ന് കഴിക്കാനായി കുറച്ചു ഗുളികയും  തന്നു.

അവിടെനിന്നും ഇറങ്ങി നടക്കുന്ന വഴി ഞാൻ അമ്മയോട് വീണ്ടും ആ ചോദ്യം ചോദിച്ചു. ഇത്തവണ അമ്മ നല്ല രീതിയിൽ പെരുമാറി. അതിന്റെ വേദനയിൽ അമ്മയോടുള്ള ചോദ്യം ഞാൻ അവസാനിപ്പിച്ചു.

അപ്പോൾ എന്റെ മനസ്സിൽ : " കൂടെ നടക്കുന്ന ഈ മനുഷ്യന് അറിയാമെങ്കിൽ പിന്നെ പറയാത്തത് എന്താ? അപ്പോൾ എന്തോ ദുരൂഹത ഇതിനു പിന്നിലുണ്ട്. അത് കണ്ടു പിടിക്കണം. "

വീടെത്തി. നല്ല ക്ഷീണമുണ്ട്. എങ്ങനെയെങ്കിലും ഒന്ന് കിടന്നാ മതി എന്നുണ്ട്.  പക്ഷേ അടങ്ങിയിരിക്കാൻ മനസ്സില്ലാത്ത ഒരു ചോദ്യം എന്റെ ഉള്ളിൽ നിന്നും ചാടി കളിക്കുന്നു. എന്നാ അനിയത്തിയോട് ചോദിച്ചാലോ? "ഓ...... എനിക്ക് അറിയാത്തത് അവൾക്ക് എങ്ങനെ അറിയാൻ പറ്റും?"?

പോയാലൊരു വാക്ക് അല്ലേ. വെറുതെ അവളോട് ചോദിച്ചാലോ? ആരെയും കൊച്ചാക്കി കാണരുത്. ചോദിക്കാമെന്ന് തന്നെ തീരുമാനിച്ചു. അവൾ അടുത്തു വന്നപ്പോൾ ഞാൻ... അമ്മ കേട്ടോ എന്നറിയില്ല..... എന്നാലും അവളോട് ആ ചോദ്യം ചോദിച്ചു.

ചോദ്യം കേട്ടതും അവൾ അന്തംവിട്ട പോലെ എന്നെ നോക്കി. ഞാൻ ഹോസ്പിറ്റലിൽ ഉണ്ടായതൊക്കെ പറഞ്ഞു. പിന്നെ എന്നെ വഴക്കു പറയുന്നതുപോലെ അവൾ സംസാരിച്ചു : " ചേച്ചി എന്ത് പണിയാ കാണിച്ചത്? ആരെങ്കിലും ചോദിക്കുമോ അത്. അറിയില്ലെങ്കിൽ മിണ്ടാതിരുന്നൂടെ."
  " പിന്നെന്തിനാ അവിടെ കാത് കുത്തി കൊടുക്കും എന്നത് പോലെ അതും ചെയ്തു കൊടുക്കും എന്ന് എഴുതി വെച്ചിരിക്കുന്നത്? " ഞാൻ ചോദിച്ചു.

അവസാനം അവൾ വിശദമായി പറഞ്ഞു തന്നു. "മുസ്ലിം ആൺകുട്ടികളിൽ നടത്തുന്ന ഒരു ചടങ്ങ് ആണിത്. അതിനെ സുന്നത്ത് എന്നു പറയും." അവളുടെ കൂട്ടുകാരികളിൽ കൂടുതലും മുസ്ലീങ്ങളാണ് . അതുകൊണ്ട് കുറച്ചൊക്കെ അവൾക്കറിയാം.

എല്ലാവർക്കും സമാധാനം വന്നപ്പോൾ എന്റെ സമാധാനം പോയി. ഞാൻ കാരണം എന്റെ അമ്മയ്ക്കും കൂടെ വന്നയാൾക്കും എത്രമാത്രം മാനസിക സംഘർഷമാണ് ഞാൻ കൊടുത്തത്.

എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. എന്നെപ്പോലെ പലരുമുണ്ട്. അറിയാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. കുട്ടികൾ ആദ്യം അവരുടെ മാതാപിതാക്കളോടാണ് ചോദിക്കുന്നത്. അതുതന്നെയാണ് ശരി. അവിടെ നിന്നും അവർക്ക് ഉത്തരം കിട്ടിയില്ലെങ്കിലും , അവരെ അവഗണിക്കുകയാണെങ്കിൽ പിന്നെ അവർ മറ്റുള്ളവരോട് അതേ ചോദ്യങ്ങൾ ചോദിക്കും. അതിനിടവരുത്തരുത്,...

ചില സാഹചര്യത്തിൽ കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കില്ല. സ്നേഹത്തോടെ അല്ലെങ്കിലും "പിന്നീട് പറഞ്ഞു തരാമെന്നുള്ള" ഒരു വാക്കെങ്കിലും അവരോട് പറയാം. അന്നേരം അവർക്ക് അതു മതി. പക്ഷേ അവർ പിന്നെ എപ്പോഴെങ്കിലും ചോദിക്കാതിരിക്കില്ല.

മറ്റുള്ളവരുടെ മുന്നിൽ പറയാൻ കഴിയാത്തതാണെങ്കിൽ ആരും ഇല്ലാത്ത സമയത്ത് നമ്മുടെ മക്കളോട് അവർക്ക് മനസിലാകുന്ന പോലെ ലളിതമായി പറഞ്ഞു കൊടുക്കണം. അതിൽ മടി കാണിക്കരുത്.

ചെറുതിലെ തൊട്ട് എപ്പോഴും ഇപ്പോഴും അതെന്താ ഇതെന്താ എന്നു ചോദിച്ചു ചോദിച്ചിരിക്കുന്ന ഒരു മോന്റെ അമ്മയാണ് ഈ ഞാനും. അതിന് അമ്മ പറയും : "നിനക്കങ്ങനെ തന്നെ വേണം. ചില്ലറ ചോദ്യങ്ങളാണോ നീ ചോദിച്ചിട്ടുള്ളത്!!"

✍️✍️ഷൈനി ഡി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )