മീരയോ രാധയോ (കഥ )


ഡാൻസിൽ മിടുക്കിയായ വിദ്യയെ അച്ഛൻ മികച്ച ഒരു സ്ഥാപനത്തിൽ തന്നെ പഠിക്കാൻ ചേർത്തു. അവിടെ താമസിച്ചു പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. മാസത്തിലോ മറ്റോ പ്രോഗ്രാം ഉണ്ടാകാറുണ്ട്. അതിൽ നന്നായി കളിക്കുന്നവരെ അവർ പ്രോഗ്രാമിന് കൊണ്ടു പോകും. 

 അവിടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യം ഉണ്ട്. അങ്ങനെ അവൾ ആദ്യമായി സ്വന്തം വീട്ടുകാരെ പിരിഞ്ഞ് ഹോസ്റ്റലിൽ താമസം തുടങ്ങി. അതിരാവിലെ ക്ലാസ്സ് തുടങ്ങും.

 പല പ്രായത്തിലുള്ളവർ അവളുടെ ക്ലാസ്സിൽ ഉണ്ട്. വിദ്യ ആദ്യമായി ക്ലാസിലേക്ക് കടന്നു. അവിടെ അവളെ എതിരേൽക്കാൻ ഒരുപാട് പേരുണ്ടായിരുന്നു.

 പൊതുവേ നാണം കുണുങ്ങിയായ അവൾ ആരോടും അധികം മിണ്ടാറില്ല. ഓരോ ക്ലാസ്സും വളരെ ശ്രദ്ധയോടെ പഠിക്കാൻ വിദ്യയ്ക്ക് കഴിഞ്ഞു. അവളുടെ ഡാൻസിൽ സംതൃപ്തിയായ ടീച്ചർ അവളെ അടുത്ത പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തു. പതിയെപ്പതിയെ ക്ലാസിലെ എല്ലാവരുമായി അവൾ കമ്പനിയായി. അവിടെ എല്ലാവരോടും അവൾ ഒരുപോലെയാണ് പെരുമാറിയത്.

 കൂട്ടത്തിൽ നന്നായി കളിക്കുന്നവനെ അവൾ ശ്രദ്ധിച്ചു. പ്രോഗ്രാമിൽ കൃഷ്ണനായി വേഷമിടുന്നത് അവനാണ്.... ദേവൻ. രാധയായി വന്നതോ വിദ്യയും. ചുറ്റിനും ഗോപികമാരോടൊപ്പം നൃത്തമാടുന്ന കണ്ണൻ. എന്നും പ്രാക്ടീസ് ഉണ്ട്.

 പതിയെപ്പതിയെ ദേവന് വിദ്യയോട് ഒരു പ്രത്യേക ഇഷ്ടം. അവൻ തന്റെ പ്രണയം അവളോട് തുറന്നു പറഞ്ഞു. അതുകേട്ട് അവൾ അവനെ കുറ്റപ്പെടുത്തി പറഞ്ഞു : " ഞാൻ ദേവനേക്കാളും ഒരുപാട് മൂത്തതാണ്. എന്നെ അങ്ങനെയൊന്നും കാണരുത്."

 പക്ഷേ ദേവന് അതിൽ നിന്നും പിൻമാറാൻ സാധിച്ചില്ല. അവൻ എന്നും അവളുടെ സ്നേഹത്തിനായി കാത്തിരുന്നു.

 പ്രോഗ്രാമിന്റെ ദിവസം വന്നു. എല്ലാവരും അവരവരുടെ വേഷങ്ങളിൽ അണിഞ്ഞൊരുങ്ങി. 
 പ്രോഗ്രാം തുടങ്ങാൻ ഏതാനും നിമിഷങ്ങൾ ഉള്ളപ്പോൾ ദേവനും വിദ്യയും പരസ്പരം കണ്ടു.

സാക്ഷാൽ കൃഷ്ണൻ ആണോ തന്റെ മുന്നിൽ നിൽക്കുന്നതെന്ന സംശയത്തോടെ അവൾ അവനെ ഇമ വെട്ടാതെ നോക്കി നിന്നു. കൂട്ടത്തിൽ ഒന്നവൾ കണ്ടു. അവന്റെ കയ്യിൽ പച്ച കുത്തിയിരിക്കുന്നു. സൂക്ഷിച്ചു നോക്കി. അത് ഒരു മയിൽപ്പീലിയാണ്. 

" ഓഹോ തലയിൽ മാത്രമല്ല കയ്യിലും ഉണ്ടോ?!" അവൾ അവനോട് ചോദിച്ചു.

മുന്നിൽ നിൽക്കുന്ന തന്റെ രാധയെ കൺനിറയെ കണ്ടു കൊണ്ട് അവൻ : "എങ്ങനെയുണ്ട്? കൊള്ളാമോ? "

" പിന്നെ.... നല്ല ഭംഗിയുണ്ട്. " അവൾ മറുപടി പറഞ്ഞു.

 പെട്ടെന്ന് തന്നെ പ്രോഗ്രാം തുടങ്ങി. അവർ അതിമനോഹരമായി ഡാൻസ് കളിച്ചു. എല്ലാവർക്കും വളരെ ഇഷ്ടമായി.

പ്രോഗ്രാം കഴിഞ്ഞുടനെ വിദ്യ ദേവനോട് പറഞ്ഞു : " നിന്റെ പേര് ദേവൻ എന്നല്ലായിരുന്നു വേണ്ടീയിരുന്നത് "

" പിന്നെ?!" അവൻ ചോദിച്ചു.

" ഹരികൃഷ്ണൻ. അതാണ് നിനക്ക് ചേരുന്ന പേര്. ഞാനിനി ഹരിയെന്നേ വിളിക്കൂ. " അവൾ പറഞ്ഞു.

 അവളതു പറഞ്ഞതും ദേവൻ ചിരിച്ചു കൊണ്ട് : " ഞാൻ ഹരി ആണെങ്കിൽ നീ രാധയാണ്. ഞാനും നിന്റെ പേര് മാറ്റട്ടെ? "

" അത് വേണ്ട. എനിക്ക് രാധയെക്കാളും മീരയായാൽ മതി. നിനക്ക് എന്നോട് ഉള്ളത് പ്രണയമാണ്. എത്ര തവണ ഞാൻ പറഞ്ഞു... ഞാൻ നിന്നെക്കാളും ഒരുപാട് മൂത്തതാണെന്ന്. മൂത്തവരോട് കുറച്ചു ബഹുമാനമൊക്കെ നല്ലതാ. ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും നീ..." അതും പറഞ്ഞ് അവൾ അവന് ഒരു അടി കൊടുത്തു. 

" ചെറുക്കാ... നിന്റെ കുട്ടിക്കളി ഒക്കെയും അവസാനിപ്പിച്ചോ... അതാ നിനക്ക് നല്ലത്. എന്നാൽ ഇനി അടുത്ത ക്ലാസ്സിൽ കാണാം. " അവൾ അവിടെ നിന്നും പോയി.

 പക്ഷേ, അവന്റെ മനസ്സ് പിന്മാറാൻ കൂട്ടാക്കിയില്ല. ഓരോ ദിവസം കഴിയുന്തോറും അവർക്കിടയിൽ ഉണ്ടായ മാറ്റങ്ങൾ അവൾ തിരിച്ചറിഞ്ഞു. ഇതിനാണോ "പ്രണയത്തിന് കണ്ണില്ല " എന്നു പറയുന്നത്.

 അവൾ ചിന്തിച്ചു : (അവനെന്താ ഇങ്ങനെ? അവനെ ഇതിൽ നിന്നും പിന്തിരിപ്പിക്കണം. അതിന് എന്തെങ്കിലും മാർഗം കണ്ടേ പറ്റൂ. അവന്റെ ഭാവി ഇല്ലാതാവരുത്.)

അന്നേരം അവനും വിട്ടു കൊടുത്തില്ല. ചിന്തയിലേക്ക് അവന്റെ കാലെടുത്തു വെച്ചു : (എന്റെ ആത്മാർത്ഥമായ പ്രണയം ഞാൻ അവളോട് തുറന്നു പറഞ്ഞതല്ലേ. എന്നിട്ടും എന്തിനാ അവളെന്നോട് കള്ളം പറഞ്ഞത്? എന്നെക്കാളും പ്രായമില്ലവൾക്ക്.... സമപ്രായമായിരിക്കും.. അല്ലെങ്കിൽ തന്നെ പ്രായമുണ്ടെങ്കിൽ എന്താ? സച്ചിനും പ്രിയങ്കയ്ക്കും പ്രണയിച്ചു കെട്ടാമെങ്കിൽ എന്തുകൊണ്ട് എനിക്കായിക്കൂടാ? അങ്ങ് ഇഷ്ടപ്പെട്ടു പോയി. ഇനി പിന്നോട്ടില്ല... പിന്നോട്ടില്ല... പിന്നോട്ടില്ലെന്ന് പറഞ്ഞില്ലേ..... ) ചിന്തകൾ അതിര് വിട്ടു പുറത്തേക്ക് ഒഴുകിയപ്പോൾ...

" അതേടാ... ദേവാ... പിന്നോട്ടിനി സ്ഥലമില്ല. ഇനി നീ കുറച്ചു മുന്നോട്ടു പൊയ്ക്കോ. അല്ലെങ്കിൽ നടുവും കാലുമൊടിഞ്ഞ നിനക്ക് പകരം ഞാൻ അടുത്ത പ്രോഗ്രാമിന് കൃഷ്ണനാകും." മനു ചിരിച്ചു കൊണ്ട് പറഞ്ഞു.

ഒരു ഞെട്ടലോടെ ദേവൻ തിരിഞ്ഞു നോക്കി. "ഹൊ നീ ഇവിടെ ഉണ്ടായിരുന്നോ? മനുഷ്യനെ പേടിപ്പിച്ചല്ലോ? "

"അതെ... ഞാൻ പേടിപ്പിച്ചത് കൊണ്ട് ഇപ്പൊ നീ അവിടെ നിൽക്കുന്നു. ഇല്ലെങ്കിൽ കാണാമായിരുന്നു. ഓടക്കുഴൽ ഒടിഞ്ഞ കൃഷ്ണനെ!" മനു അവനെ കളിയാക്കി.

"നീ എന്നെ കളിയാക്കണ്ട. നിനക്ക് എന്റെ വിഷമം മനസിലാകില്ല. മനസിലായാലും നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല." ദേവൻ ദേഷ്യത്തോടെ മനുവിനോട് പറഞ്ഞു. 

"എടാ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. " മനു ദേവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. 

"അല്ലേലും നിനക്ക് തമാശ ആണെന്നെ തോന്നൂ.. അവൾക്കും..! " ദേവൻ ആരോടെന്നില്ലാതെ പറഞ്ഞു.

മനു ചോദിച്ചു : "നീ ആരുടെ കാര്യമാ പറയുന്നത്.? "
"രാധ അല്ല വിദ്യ " ദേവൻ മനസ്സ് തുറന്നു.

"ഓഹോ....! നിങ്ങൾ അപ്പോൾ ഡാൻസിൽ മാത്രമല്ല...! ഇപ്പോ,.. രാധയും കൃഷ്ണനും വഴക്കിലാണ്. 
എടാ നീ വിഷമിക്കാതെ. നിന്റെ കൂടെ ഈ സതീർത്ഥ്യൻ എന്നും ഉണ്ടാകും. നമുക്ക് ശരിയാക്കാം." മനു അവനെ സമാധാനിപ്പിച്ചു.

 ശരിയാകുമോ? പിന്നെ നടക്കും. നടക്കില്ലേ?!.... നടക്കുമായിരിക്കും.. കാലം അവരെ മീരയും കൃഷ്ണനും ആക്കുമോ?.... അതോ കൃഷ്ണനും രാധയും ആക്കുമോ?... എന്ന ആശങ്കയിൽ മനു അടുത്ത ചിന്തയിലേക്ക് പതിയെ നടന്നു.

✍️✍️ ഷൈനി ഡി 

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )