വാലന്റൈൻസ് ഡേ


കലാഭവനിൽ പോകുമ്പോൾ ഞാൻ രാഷ്ട്രീയക്കാരെ പോലെയാണ്.  അവരുടെ കയ്യിൽ ചെറിയ ഡയറി ആണെങ്കിൽ എന്റെ കൈയിൽ  വലിയൊരു ഡയറി, ഒരു പേൾസ്, ഒരു കുട. ഈ ഡയറി എന്റെ സംഗീത ക്ലാസ്സിൽ കൊണ്ടു പോകാനാണ്. മഴപെയ്താലും ഇല്ലെങ്കിലും വെയിൽ  ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ കുട എടുത്തിരിക്കും. ഇല്ലെങ്കിൽ ഞാൻ തനിച്ചാണെന്ന തോന്നൽ ഉണ്ടാകും.

 അന്നും പതിവ് പോലെ ക്ലാസ്സിൽ പോകാനായി ബസ്റ്റോപ്പിലെത്തി. ബസ്റ്റോപ്പിൽ കുറച്ചു പേരുണ്ട്.  എതിർവശത്തുള്ള സ്റ്റോപ്പിലും കുറച്ച് ആളുകൾ ഉണ്ട്. ബസ്സ് വരാറായപ്പോൾ എതിർവശത്ത് നിന്ന ഒരു മനുഷ്യൻ ഈ ബസ്സ്റ്റോപ്പിലേക്ക് വന്നു. അപ്പോൾ തന്നെ ബസ് വന്നു. ബസ്സിൽ ഞാൻ കയറിയ ഉടനെ ബസ്സിലുള്ളവർ എന്നോട് പറഞ്ഞു : "ദേ കുട്ടിയെ വിളിക്കുന്നു. "

ഞാൻ ഉടനെ തിരിഞ്ഞു നോക്കി. എന്റെ പുറകെ ബസ്സിലേക്ക് കയറാൻ വന്നയാൾ ബസ്സിൽ കയറാതെ എനിക്കെന്തോ തരുന്നു! ഞാൻ വേഗം ഓർക്കാതെ കൈ നീട്ടി. കാരണം അയാൾ എന്റെ കയ്യിൽ നിന്നും പോയതെന്തെങ്കിലും എടുത്തു  തരുന്നതാണെന്ന് വിചാരിച്ച്.

 വേഗം അയാൾ എന്റെ കൈയ്യിലേക്ക് ഒരു ചുവന്ന റോസാപ്പൂ തന്നു.! പിന്നെന്തോ ചിരിച്ചോണ്ട് പറഞ്ഞു. വാങ്ങിയ അമ്പരപ്പിൽ ഞാൻ വേഗം പൂവ് അയാൾ കാൺകെ പുറത്തേക്കെറിഞ്ഞു. ഇതെല്ലാം ബസ്സിലുള്ളവരും സ്റ്റോപ്പിലുള്ളവരും കണ്ടു. അവിടെ ഒരു കൂട്ടച്ചിരി നടന്നു.

 ചെറിയ ചമ്മലോടെ കൂടി ഞാൻ ബസിന്റെ കമ്പിയിൽ പിടിച്ചു നിന്നു. അന്നേരം ബസ്സിൽ ഉണ്ടായ ആരോ ഉറക്കെ പറഞ്ഞു : " എന്തായാലും ആ റോസാപ്പൂ കളയണ്ടായിരുന്നു. " വീണ്ടും ബസ്സിൽ എല്ലാവരുടെയും ചിരി. അപ്പോൾ എനിക്കാ ബസ്സിൽ നിന്നും ഇറങ്ങി ഓടാനാണ് തോന്നിയത്. 

 ക്ലാസ്സ് കഴിഞ്ഞ് തിരികെ വീണ്ടും അതേ സ്റ്റോപ്പിൽ എത്തി. അവിടെ നേരത്തെയുണ്ടായിരുന്ന കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ആരെയും മൈൻഡ് ചെയ്യാതെ മുന്നോട്ടു നടന്നു. അന്നേരം അവിടെ ഒരു സംസാരം കേട്ടു. " നീ വാലന്റൈൻസ് ഡേയ്ക്ക്  റോസാപ്പൂവിനു പകരം ഒരു ചെമ്പരത്തിപ്പൂവ് ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. "
 അത് പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി.

 ഞാൻ പക്ഷേ തിരിഞ്ഞു നോക്കാനൊന്നും പോയില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... എന്നോടാ കളി... ഹും.. ഞാനെന്റെ നടത്തത്തിന്റെ വേഗത കൂട്ടി...!!

 ചെമ്പരത്തിപ്പൂവിന് എന്താ കുഴപ്പം? പക്ഷേ,... പ്രണയദിനത്തിന് മുള്ളുള്ള റോസാപ്പൂ തന്നെ തിരഞ്ഞെടുക്കുന്നു.!  
 അതിൽ തന്നെ മനസ്സിലാക്കാം... 'പ്രണയത്തിലെ സന്തോഷവും സങ്കടവും'.

 പ്രണയം മനോഹരമാണ്. അൽപ്പായുസ്സുള്ളതും ദീർഘായുസ്സുള്ളതുമായ പ്രണയങ്ങൾ ആണ് ചുറ്റിനും. പ്രണയത്തിൽ വിരഹം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കണം. അതിൽ മനംനൊന്ത് പ്രണയിച്ച ആളെ ഇല്ലാതാക്കുകയല്ല യഥാർത്ഥ സ്നേഹം. ത്യാഗം ഉണ്ട് പ്രണയത്തിൽ. അതും പ്രണയം തന്നെ. നന്മയാണ് പ്രണയം. നന്മ മാത്രമാകണം പ്രണയം.!!

✍️✍️ഷൈനി  

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )