സോറി (ക്ഷമിക്കണം)
പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ബസ്സിൽ നല്ല തിരക്കാണ്. ബസ്സിൽ ആദ്യം കയറാൻ പറ്റിയില്ലെങ്കിലും അവസാനമെങ്കിലും കയറാൻ നോക്കും. കായിക ബലത്തിൽ ഞാൻ വളരെ പിന്നിലാണ്. ഡ്രൈവർക്ക് എങ്ങാനും അബദ്ധം പറ്റി എന്റെ മുന്നിൽ നിർത്തിയാൽ അവിടെ കാത്തു നിന്നവരിൽ ആദ്യത്തെ ചുവട് എന്റെ ആകും. അത് ആണ്ടിലോ മറ്റോ നടക്കുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു സീറ്റ് കിട്ടിയാൽ അത് മറ്റൊരു അത്ഭുതവും.
അന്നും പതിവു പോലെ ഓഫീസിലേക്ക് പോകാൻ ഞാൻ കലൂരിലേക്കുള്ള ബസ്സിൽ കയറി. നല്ല തിരക്ക്. അതൊരു പുതിയ അനുഭവമല്ല. ബസ്സിൽ ഞാൻ എപ്പോഴും മുന്നോട്ട് നിൽക്കും. ചിലപ്പോൾ ഞാനാണോ ഡ്രൈവറാണോ വണ്ടി ഓടിക്കുന്നത് എന്ന് സംശയം തോന്നും. പുറകിൽ നിൽക്കുന്നവരോടുള്ള ബഹുമാനം കൊണ്ട് പരമാവധി പുറകോട്ട് പോകാതെ നോക്കും. ഇല്ലെങ്കിൽ "ചുരുളി" കുറച്ചെങ്കിലും അറിയണം.
നിനച്ചിരിക്കാതെ മുന്നിലെ ലോങ്ങ് സീറ്റിൽ എനിക്ക് ഇരിക്കാൻ സ്ഥലം കിട്ടി. ഞാനിരുന്നു. സ്ഥിരം കാണുന്ന കുറച്ചു കാഴ്ചകൾ കണ്ടു. എന്റെ സ്ഥലം എത്താറായി. സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്നെ ഞാൻ എഴുന്നേറ്റു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നി. പെട്ടെന്ന് തന്നെ ഞാൻ ആ കയ്യിൽ പിടിച്ചു.
ഞാൻ നോക്കിയപ്പോൾ എന്റെ ബാഗിന്റെ സിബ്ബ് തുറന്നു അവളുടെ കൈ അകത്ത് എന്തോ തിരയുന്നു.! ഞാൻ പിടിച്ചതും അവൾ പതറിപ്പോയി. കണ്ടാൽ മാന്യമായി ഡ്രസ്സ് ഒക്കെ ഉടുത്ത ഒരു പെൺകുട്ടി. കണ്ടിട്ട് ഒരു തമിഴ് ലുക്ക് ഉണ്ട്.
ഞാൻ അവളോട് ദേഷ്യത്തോടെ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. അവൾ വിക്കി വിക്കി പറയാൻ ശ്രമിച്ചു. പക്ഷേ അതിനു മുമ്പ് എന്റെ അടുത്തിരുന്ന ഒരു സ്ത്രീയാണ് അവൾക്കു പകരം മറുപടി തന്നത്. " ആ കുട്ടിയുടെ ഷാൾ നിങ്ങളുടെ ബാഗിൽ കുരുങ്ങി. അതെടുക്കാൻ ശ്രമിച്ചതാണ്. "
എന്നിട്ട് അവർ അടുത്തു നിന്ന യൂണിഫോമിട്ട ഒരു പെൺകുട്ടിയോട് : " അല്ലേ.... മോള് കണ്ടില്ലായിരുന്നോ? "
അതുകേട്ട് ആ കുട്ടി അത് സമ്മതിച്ച് തലകുലുക്കി.
പിന്നെ അവർ വീണ്ടും എന്നോട് പറഞ്ഞു : " ആരെയും കള്ളിയാക്കരുത്. ഈ കുട്ടിക്ക് എത്ര മാത്രം വിഷമമായിട്ടുണ്ടാവും? " പിന്നെ അവർ നിർത്താതെ എന്തൊക്കെയോ ഉറക്കെ എന്നെ വഴക്കു പറഞ്ഞു. എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല.
അന്നേരം എനിക്ക് വിഷമമായി. "അയ്യോ... ഞാൻ കാരണം ആരും വേദനിക്കരുത്. വേഗം തന്നെ ഞാൻ ആ കുട്ടിയോട് ബസ്സിൽ മറ്റുള്ളവർ കാൺകെ "സോറി" പറഞ്ഞു.
ഈ സംഭവം എല്ലാം കണ്ടു കൊണ്ട് ഒരു മാന്യ വ്യക്തി അതിൽ ഉണ്ട്. ആ ബസ്സിലെ കണ്ടക്ടർ. അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ആ ബസിൽ പല മാന്യരും ഒറ്റയ്ക്കും സമൂഹമായിട്ടും ഉണ്ടായിരുന്നു. ആരും കണ്ട ഭാവം നടിച്ചില്ല. വളരെ കുറ്റബോധത്തോടെ ഞാൻ ബസ് സ്റ്റോപ്പിൽ ഇറങ്ങി. പക്ഷേ ഞാൻ ഇറങ്ങി നടക്കുന്നതിനു മുൻപ് തന്നെ എന്നെ തട്ടിമാറ്റി... എന്നെ ഇത്രയും നേരം വഴക്കു പറഞ്ഞ.... ആ മഹതി... ഇറങ്ങി ഓടുകയാണോ നടക്കുകയാണോ എന്ന് മനസ്സിലാക്കാൻ പറ്റാതെ... പോകുന്നത് കണ്ടു.
പിന്നെ ഞാൻ റോഡ് ക്രോസ് ചെയ്യാൻ നോക്കിയപ്പോൾ യൂണിഫോമിട്ട ആ കുട്ടിയും അടുത്തു നിൽക്കുന്നു. ഞാൻ ആ കുട്ടിയോട് പറഞ്ഞു : " എന്റെ ബാഗിൽ ഷാൾ കുരുങ്ങിയാൽ... പറഞ്ഞാൽ പോരേ.. ഞാൻ സമ്മതിക്കില്ലേ.. അതുകൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ പറ്റിയത്. "
അവൾ ഞാൻ പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ വേഗം റോഡ് ക്രോസ് ചെയ്ത് നല്ല സ്പീഡിൽ നടക്കുന്നു. എനിക്കാ നടത്തത്തിൽ എന്തോ ഒരു കുഴപ്പം തോന്നി. യൂണിഫോമിട്ട അവളുടെ കൈയിൽ ഒരു ബാഗോ ബുക്കോ അങ്ങനെയൊന്നുമില്ല.
പിന്നെ ഓഫീസിലേക്ക് നടക്കുന്നതിന് ഒപ്പം ഒന്നു പുറകോട്ട് ചിന്തിച്ചു. " ശരിക്കും അവളുടെ ഷാൾ എന്റെ ബാഗിലെ സിബ്ബിൽ കുടുങ്ങിയിരുന്നോ? പക്ഷേ അവളുടെ കൈ ബാഗിനുള്ളിൽ ആയിരുന്നല്ലോ? ഞാൻ കണ്ടതല്ലേ.. അവൾ അവിടെ എന്തോ തിരയുന്നത്!! എന്നിട്ടും... എനിക്ക് തെറ്റുപറ്റി. അതെ അവർ മൂന്ന് പേരും പരിചയ സമ്പന്നരായ മോഷ്ടാക്കൾ തന്നെയാണ്. ഇനി ആ ബസ്സുകാരും അവർക്ക് കൂട്ടാണോ? ബസ്സുകാർ മത്സര ഓട്ടത്തിനിടയ്ക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇരിക്കുന്നത് ആയിരിക്കും. അതുമല്ലെങ്കിൽ അവർക്കും ഇതീന്നൊരു വിഹിതം കിട്ടുന്നുണ്ടാകും.!
എന്തായാലും എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവം തന്നെയാണ് അന്നുണ്ടായത്. ആദ്യമായി ഉണ്ടായതിനാൽ അതിന്റെ അമ്പരപ്പും, നിർത്താതെയുള്ള അവരുടെ ശകാരവും കേട്ടപ്പോൾ എന്റെ സ്വബോധവും നഷ്ടപ്പെട്ടു.
പിന്നീട് ഞാൻ ആ ബസ്സിൽ കയറാതിരിക്കാൻ നോക്കും. ഭയന്നിട്ടാണ്... അല്ലേലും വീട്ടിലെ പുലി പുറത്ത് പൂച്ചയായാൽ ഇതല്ല ഇതിനപ്പുറവും ഉണ്ടാകും.
എന്നാലും എന്റെ ബാഗ് തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച ആ പുണ്യാത്മാവിനോട് എനിക്ക് സോറി പറയേണ്ടി വന്നല്ലോ!!
"കണ്ണിൽ കാണുന്നവർക്ക് വെറുതെ കൊടുക്കാനുള്ളതല്ല ക്ഷമാപണം.
' സോറി 'ക്ക് വിലയിടാൻ തീരുമാനിച്ചതായി ഇതിനായി വിളിച്ചു ചേർത്ത നാട്ടുകൂട്ടത്തിൽ അറിയിച്ചു കൊള്ളുന്നു."
ആരാ...? ആരോ...
അർഹതയില്ലാത്തവർക്ക് സോറി കൊടുത്താൽ അർഹതയോടെ നാണം കെടേണ്ടി വരും.!
✍️✍️ഷൈനി ഡി
This comment has been removed by the author.
ReplyDelete