പൊരുത്തം



 അമ്മയുടെ ഗർഭപാത്രവുമായി പൊരുത്തപ്പെടാൻ ആദ്യത്തെ ശ്രമം. ശ്രമം വിജയിച്ചാൽ 9മാസം സന്തോഷം. പിന്നീട് അവിടം വിട്ടിറങ്ങാൻ വിഷമം. ലോകത്തിൽ വെച്ച് കിട്ടാവുന്ന ഏറ്റവും സുരക്ഷിതമായ ഇടം വിട്ടു പോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. ആദ്യമായി പുറംലോകം കാണുമ്പോൾ പൊരുത്തപ്പെടാൻ കുറേ കരയും. ആ കരച്ചിലിൽ അമ്മയുൾപ്പെടെ എല്ലാവർക്കും സന്തോഷം.

 പിന്നീട് കരച്ചിൽ കുറഞ്ഞു കുറഞ്ഞു ചിരിയാകും. അക്ഷരലോകത്തേക്ക് കടക്കാനായി ഇനി അടുത്ത യാത്ര. അന്നേരം ചിലർ കരയും,.. ചിലർ നിമിഷങ്ങൾക്കകം പൊരുത്തപ്പെടും. പിന്നീട് ജോലിക്കായുള്ള പൊരുത്തങ്ങൾ. ജോലി കിട്ടിയാൽ അവിടെ പൊരുത്തപ്പെടാൻ കുറച്ചു ദിവസങ്ങൾ. ജോലി നഷ്ടപ്പെട്ടാൽ അതുമായി പൊരുത്തപ്പെടാൻ അതിലേറെ ദിവസങ്ങൾ. അത് അടുത്ത ജോലി കിട്ടുന്നത് വരെ തുടരും.

 പിന്നെ പത്ത് പൊരുത്തം നോക്കുന്ന സമയമായി. ഒരു പൊരുത്തം പോലും മനസ്സുകൊണ്ട് ഇല്ലെങ്കിലും ജാതകത്തിലെ എണ്ണം വെച്ച് പൊരുത്തപ്പെട്ട് ശീലമാകും. അതിൽ ചിലർ മരണം വരെ പൊരുത്തപ്പെടും. മറ്റ് ചിലർ പൊരുത്തങ്ങളുടെ എണ്ണം കൂടിയത് കാരണം പിരിയാൻ തീരുമാനിക്കും. പിരിഞ്ഞാലോ... അതുമായി പൊരുത്തപ്പെടാനായി അടുത്ത ശ്രമം.

 കുഞ്ഞുങ്ങൾ ഉണ്ടായാൽ അമ്മമാർ അവർക്കു വേണ്ടി ഉറക്കം മാറ്റിവയ്ക്കും. അങ്ങനെ ആദ്യത്തെ രണ്ടു മൂന്നു വർഷത്തോളം ഉറക്കമില്ലായ്മയുമായി പൊരുത്തപ്പെടും. ജോലി കൂടുന്നതിനനുസരിച്ച് അതുമായും പൊരുത്തപ്പെടും. സ്വന്തം സന്തോഷത്തേക്കാൾ മക്കളുടെ സന്തോഷമായി പൊരുത്തപ്പെടും. അവിടെ പൊരുത്തപ്പെടലിനേക്കാളും സ്വന്തം ഇഷ്ടങ്ങൾ മറന്നു പോവുകയാണ് ചെയ്യുന്നത്. ജീവന്റെ ജീവനായ മക്കൾക്ക് വേണ്ടി ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന അമ്മയും അച്ഛനും.

 വാർദ്ധക്യത്തിൽ മക്കൾ ഉണ്ടാകും എന്ന വിശ്വാസം ഇല്ലാതായവർ ശരണാലയവുമായി പൊരുത്തപ്പെടാൻ നിർബന്ധിതരാകുന്നു. ഏകാന്തത എന്ന മഹാദുഃഖത്തെ ഉൾക്കൊള്ളാൻ മനസ്സുമായി ചിലർ പൊരുത്തപ്പെടുന്നു. ഈ ഏകാന്തതയെ മുറിക്കാൻ ആരെങ്കിലും വരും എന്ന പ്രതീക്ഷയോടെ മറ്റ് ചിലർ.

 ഒടുവിൽ പൊരുത്തങ്ങളും പൊരുത്തക്കേടുകളും ആയി നിന്നവരറിയാതെ,.... പൊരുത്തങ്ങൾ ഒന്നും നോക്കാതെ ഒരാൾ കടന്നു വരുന്നു.! നിഷേധിച്ചാലും ഇല്ലെങ്കിലും അവിടെ പൊരുത്തപ്പെട്ടേ പറ്റൂ. പിന്നീട് അതുമായി പൊരുത്തപ്പെടാൻ ചുറ്റുമുള്ളവർ ശ്രമിക്കും. അധികം നാൾ വേണ്ടി വരില്ല ചിലർക്ക് പൊരുത്തപ്പെടാൻ. മറ്റു ചിലർക്ക് ജീവിതാവസാനം വരെ പൊരുത്തപ്പെടാൻ പറ്റാതെ... മനസ്സിന്റെ ഉള്ളിൽ അവരുടെ മരിക്കാത്ത ഓർമകൾ മരണം വരെ കൊണ്ടു നടക്കും.

 പൊരുത്തപ്പെട്ടും പൊരുത്തപ്പെടാൻ പറ്റാതെയും നാമോരോരുത്തരും.!!

✍️✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )