തലവര



ശ്ശെടാ... എന്റെ തലയിൽ കൂടി എന്തോ ഇഴയുന്നുണ്ടല്ലോ!..
 തലയിൽ പേൻ ഇല്ലാത്തതാണല്ലോ!

 സ്കൂളിൽ പഠിക്കുമ്പോൾ തലയിൽ ചാകരയായിരുന്നു. എല്ലാ ശനിയും ഞായറും അമ്മയ്ക്ക് കൊല്ലാനായി കുറെ കൊടുക്കുമായിരുന്നു. അതുകൊണ്ട് ഒരു ലിമിറ്റ് വെച്ച് പോയി. പക്ഷേ സ്കൂളിൽ പോകുമ്പോൾ വീണ്ടും വരും. എങ്ങനെ വരാതിരിക്കും? എന്റെ ക്ലാസ്സിൽ ഞങ്ങളുടെ ബെഞ്ചിൽ തന്നെ ഒരു കുട്ടിയുടെ തലയിൽ മുടി കാണാൻ പറ്റാത്ത രീതിയിൽ പേനുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ കുട്ടികൾക്ക് അവളുടെ അടുത്തിരിക്കാൻ അറപ്പായിരുന്നു. ടീച്ചർമാരും "വീട്ടിൽ ആരുമില്ലേന്ന്" ചോദിച്ച് അവളെ വഴക്കു പറയുമായിരുന്നു.

 എന്തായാലും ഒരു ദിവസം ഞങ്ങൾ നോക്കിയപ്പോൾ അവൾ കന്യാസ്ത്രീകളുടെ നടുക്കിരിക്കുന്നു. അവരുടെ മഠത്തിനടുത്ത് മുറ്റത്ത് ഒരു കസേരയിൽ അവളെ ഇരുത്തിയിരിക്കുന്നു. ചുറ്റിനും നിൽക്കുന്ന സിസ്റ്റർമാർ മുഖവും ശരീരത്തിന്റെ പകുതിയും മൂടിയിരിക്കുന്നു. അവരുടെ അടുത്ത് ഒരു പാത്രത്തിൽ വെള്ളം ഉണ്ട്. പിന്നെ എന്താണ് ചെയ്യുന്നത് എന്ന് കാണാനായി ഞങ്ങൾ അവിടേക്ക് ചെന്നപ്പോൾ സിസ്റ്റർമാർ ഞങ്ങളെ അവിടന്നോടിച്ചു. അതുകൊണ്ട് ബാക്കി കാണാൻ പറ്റിയില്ല.

 അടുത്ത ദിവസം അവൾ സ്കൂളിൽ വന്നപ്പോൾ വലിയ അത്ഭുതമാണ് കണ്ടത്. അവൾ നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട്. തലയിലെ പേൻ എല്ലാം വഴക്കിട്ടു പോയിരിക്കുന്നു. അതിനുശേഷം ഞങ്ങളുടെ തലയിലെ പേനും പോകാൻ തുടങ്ങി.  

 വെക്കേഷൻ ആയാൽ പിന്നെ ഒറ്റ പേൻ പോലും തലയിൽ കാണില്ല. അതുപോലെ അമ്മ ശുദ്ധിയാക്കും. വീണ്ടും സ്കൂൾ തുറന്നാൽ ഒന്ന് രണ്ട് മൂന്ന് എന്ന് എണ്ണി കേറും. അമ്മയ്ക്ക് ശനിയും ഞായറും കൊല്ലാനായി ആളെ കേറ്റി ഞങ്ങൾ വരും. അമ്മ പേൻ കൊല്ലാനായി തുടങ്ങുമ്പോൾ അറിയാതെ ഉറങ്ങി പോകും. പേനില്ലെങ്കിലും അമ്മ വെറുതെ തലയിൽ കുത്തിക്കൊണ്ടിരിക്കും. നല്ല സുഖമാണപ്പോൾ.

 പക്ഷേ നാട്ടിൽ ബന്ധത്തിൽ ഒരു അമ്മൂമ്മയുണ്ട്. അവരുടെ കയ്യിൽ എങ്ങാനും ആരുടെയെങ്കിലും തല കിട്ടിയാൽ പിന്നെ അവിടെ യുദ്ധമാണ്. യുദ്ധം കഴിഞ്ഞ് എഴുന്നേറ്റാൽ തല നല്ല വേദനയായിരിക്കും. പക്ഷേ ഒറ്റ പേൻ പോലും തലയിൽ ഉണ്ടാകില്ല. അമ്മൂമ്മയെ പേടിച്ച് പേനെല്ലാം പറന്നു പോകുന്നതാണോ.... അതോ അമ്മൂമ്മയുടെ കയ്യിലെ ആയുധത്തിന്റെ ശക്തി ആണോ എന്നും അറിയില്ല. പക്ഷേ വീണ്ടും ഒരു യുദ്ധത്തിനായി ആരും തല അമ്മൂമ്മയുടെ കയ്യിൽ കൊടുക്കില്ല.

" എന്നാലും ഒരുപാട് വർഷമായി ഒരു പേൻ പോലും ഇല്ലാത്ത എന്റെ തലയിൽ ഇപ്പോൾ ആരാണ് ഈ ഓടിക്കളിക്കുന്നത്? അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ". ഇഴഞ്ഞ ഭാഗം ലക്ഷ്യമാക്കി എന്റെ കൈ സഞ്ചരിച്ചു. കിട്ടുന്നില്ലല്ലോ.... വീണ്ടും വീണ്ടും ഞാൻ ശ്രമിച്ചു. അമ്പടാ കിട്ടി! കൊല്ലാനായി നോക്കിയപ്പോൾ.... ആളുമാറി. അത് ഉറുമ്പ് ആയിരുന്നു.!

 എല്ലാവരേയും ചത്തു കഴിയുമ്പോഴാണ് ഉറുമ്പരിക്കുന്നത്. ഇല്ലെങ്കിൽ ഏതെങ്കിലും തളർന്നു കിടക്കുന്ന രോഗി ആയിരിക്കണം,.. അതും ആരും നോക്കാൻ ഇല്ലെങ്കിൽ. പക്ഷേ ഇത് രണ്ടും അല്ലാതെ തന്നെ എന്നെ തേടി ഉറുമ്പ് വന്നു. തലയിൽ നല്ലൊരു കടിയും തന്നു.

 എന്തായിരിക്കും ആ ഉറുമ്പ് കടി തന്നു പറഞ്ഞത്?!
" നിന്റെ ഈ പേട്ടത്തലയിൽ ആൾതാമസം ഉണ്ടോ എന്ന് അറിയാൻ വന്നതാ. അത് മാത്രമല്ല എന്നാണ് നിന്നെ ഞങ്ങൾക്ക് കിട്ടുന്നത്? തലവരയിൽ കൂടി അറിയാൻ പറ്റുമോ എന്ന് നോക്കിയതാ... അവിടെയാണെങ്കിൽ മനസ്സിലാവാത്ത ഏതോ ഒരു പ്രാചീന ഭാഷയിൽ എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നു.! നിന്റെ തലയല്ലേ.. എങ്ങനെ മനസ്സിലാക്കാൻ പറ്റും? അതുകൊണ്ടാ നല്ലൊരു കടി തന്നത്. "

 എന്നാലും ഇങ്ങനെ കടിയ്ക്കണ്ടായിരുന്നു. അവിടെ ഉച്ചിയിൽ തേങ്ങ വീണ പോലെ മുഴച്ചു വന്നിട്ടുണ്ട്. നല്ല നീറ്റലും.

 ഞാൻ അന്വേഷിച്ചില്ലെങ്കിലും എന്നെ അന്വേഷിക്കാൻ ഉറുമ്പും വന്നു.!!

✍️✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )