എന്നാലും അമ്മായി...!

 പാലാരിവട്ടത്ത് എനിക്കും മോനും കഴിഞ്ഞദിവസം അത്യാവശ്യമായിട്ട് പോകേണ്ടിവന്നു. 'പാലാരിവട്ടം' - വർഷങ്ങളായി നല്ല പരിചയമുള്ള സ്ഥലം. എന്തിനും ഏതിനും എവിടെയും പോകുമ്പോൾ പാലാരിവട്ടം ഒരുവട്ടമെങ്കിലും ഒന്ന് കാണാതെ പോകാറില്ല.

അവിടത്തെ അയ്യപ്പന്റെ അമ്പലത്തിലും ദേവിയുടെ അമ്പലത്തിലും മിക്കപ്പോഴും പോകുന്ന ഒരു സന്ദർശകയാണ് ഞാൻ. അതിനടുത്ത് പോലീസ്റ്റേഷൻ.. അവിടത്തെ സന്ദർശകയല്ല. പിന്നെ നിരനിരയായി ഓട്ടോകൾ കിടക്കുന്ന ഭംഗിയുള്ള ഓട്ടോ സ്റ്റാൻഡ്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, ജ്വല്ലറികൾ, പാത്രക്കടകൾ, തുണിക്കടകൾ, എസ് ബി ഐ ബാങ്ക്, ഹോട്ടലുകൾ അങ്ങനെ അവിടെയുള്ള ഒട്ടുമിക്കതും നന്നായിട്ടറിയാം.

ഞങ്ങൾക്ക് അന്ന് പോകേണ്ട സ്ഥാപനത്തിന്റെ അഡ്രസ്സിൽ "നിയർ ഫെഡറൽ ബാങ്ക്" എന്നാണ് കൊടുത്തിരിക്കുന്നത്. പാലാരിവട്ടത്തിലെവിടെയോ കണ്ടിട്ടുണ്ട് ഫെഡറൽ ബാങ്ക്. പക്ഷേ സമയം ആയപ്പോൾ ഫെഡറൽ ബാങ്ക് എവിടെയാണുള്ളത് എന്ന് മറന്നു പോയി. ഓട്ടോ നോക്കിയിട്ട് ഒരു ഓട്ടോ പോലുമില്ല. ഓട്ടോക്കാർക്ക് അവിടെ അറിയാത്ത സ്ഥലം ഇല്ലല്ലോ.

 പാലാരിവട്ടം സ്റ്റോപ്പിൽ ഞാനും മോനും കൂടി പലരോടും ചോദിച്ചു "ഫെഡറൽ ബാങ്ക് എവിടെയാണെന്ന്?" ആർക്കുമറിയില്ല. അതിനിടയ്ക്ക് ഒരു പെൺകുട്ടിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു - വലത്തേ കൈ ചൂണ്ടി വലത്തോട്ടെന്ന്.. പെട്ടെന്ന് അവൾ ഇടത്തേ കൈ ചൂണ്ടി ഇടത്തോട്ടെന്ന് പറഞ്ഞു. വീണ്ടും വലത്തേ കൈ ഉയർത്തിയപ്പോൾ അവൾ തന്നെ പറഞ്ഞു : "സോറി അറിയില്ല".

 ചെല്ലേണ്ട സ്ഥാപനത്തിലേക്ക് വിളിച്ചപ്പോൾ ഫോൺ വേറെ ആർക്കോ ചെവി കൊടുത്തിരിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല. ഫോൺ എടുത്ത് എല്ലാം അറിയാമെന്ന് നമ്മൾ പലരും വിശ്വസിക്കുന്ന ഗൂഗിളിനെ കൂട്ടുപിടിച്ചു. ഗൂഗിൾ അമ്മായി വായ തുറന്നു.

 അമ്മായി പറഞ്ഞു തന്ന വഴിയിലേക്ക് ഞങ്ങൾ കാലെടുത്തു വച്ചു. പതിയെ നടന്നു. നടക്കാനുള്ള ദൂരമേ കാണുന്നുള്ളൂ. ആദ്യം റോഡ് ക്രോസ് ചെയ്തു. മെയിൻ റോഡിൽ നിന്നും ഇടറോഡിലേക്ക് കയറി. ഗൂഗിൾ അമ്മായി ഇടയ്ക്ക് വലത്തോട്ട് പറയും പിന്നെ ഇടത്തോട്ട് പറയും. അങ്ങനെ കേട്ടുകേട്ട് മുന്നോട്ടു പോയി. പോയി പോയി ഞങ്ങൾ വീണ്ടും മെയിൻ റോഡിലെത്തി.

 ദാ വരുന്ന രണ്ടു മൂന്ന് ബസ്സ്, മെട്രോ സ്റ്റേഷൻ.... ഇനി കുറച്ചൂടെ നടന്നാൽ ഞങ്ങൾ തുടങ്ങിയിടത്തു തന്നെ എത്തിച്ചേരും എന്ന് മനസ്സിലായി. അപ്പോഴതാ അമ്മായി വേറെ വഴിയിലേക്ക് തിരിഞ്ഞു.

 അവിടെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയെയും ഡാൻസ് കളിക്കുന്ന ട്രാഫിക് പോലീസിനെയും കണ്ടു റോഡ് ക്രോസ് ചെയ്തു. ഒന്നല്ല രണ്ടു ക്രോസിംഗ്. വീണ്ടും മുന്നോട്ടു നടന്നു. വീണ്ടും അമ്മായിയെ സൂക്ഷിച്ചു നോക്കിയപ്പോൾ... അമ്മായി അവിടെ മെട്രോ തൂണിന്റെ നമ്പറുകൾ വിളമ്പി വെച്ചിരിക്കുന്നു. പിന്നെ അത് എണ്ണിയെണ്ണി നടന്നു. അവസാനം പറഞ്ഞ തൂണിൽ എത്തി.

 ദാ അവിടെ ഫെഡറൽ ബാങ്ക് തലയുയർത്തി നിൽക്കുന്നു.... റോഡിന്റെ മറുവശത്ത്.! എന്റെ അമ്മേ... വീണ്ടും രണ്ടു ക്രോസിംഗ്. ചീറിപ്പായുന്ന വണ്ടികൾക്കിടയിൽ കൂടി ഞങ്ങൾ എത്തേണ്ട സ്ഥലത്ത് എത്തി.

 അപ്പോഴും ഗൂഗിൾ അമ്മായി വട്ടം കറങ്ങുന്നുണ്ട്. വേഗം അമ്മായിയെ പറഞ്ഞു വിട്ടു. അമ്മായിയെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ....!!

 പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഗൂഗിളിനെ വിശ്വസിക്കരുതെന്ന്. എന്നെ അതുവരെ ചതിക്കാത്ത ഗൂഗിൾ അന്ന് എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.

" അഞ്ച് മിനിറ്റിൽ എത്താവുന്ന ദൂരത്തെ അരമണിക്കൂർ ആക്കി മാറ്റി നാടുകാണിച്ച ഗൂഗിൾ അമ്മായി..... നിങ്ങൾ ഇനി ആ വായ തുറന്നാൽ......"

 ഗൂഗിൾ അമ്മായി : " ഓഹോ... നിനക്ക് എന്ത് ചെയ്യാൻ പറ്റും? "
 ഞാൻ : " ഞാനോ... ഞാനോ... ഞാൻ കഷ്ടപ്പെടും...!!!"

✍️✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )