ധൈര്യം
ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് മുഖത്ത് ചാർത്തിയാണ് ഞാൻ ഒറ്റയ്ക്ക് എവിടെയും പോകുന്നത്. പക്ഷേ ആ ധൈര്യം ചില സമയത്ത് ചോർന്നു പോകാറുണ്ട്.
കുറച്ചുനാൾ മുൻപ് മോനെ സ്കൂളിൽ ആക്കാൻ രാവിലെ എന്നും പോകും. തിരിച്ച് ആരും കൂടെ ഉണ്ടാകില്ല. കനാൽ ഉള്ള വഴിയിൽ കൂടിയാണ് വരുന്നത്. മഴക്കാലമായിരുന്നു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അത്യാവശ്യം വെള്ളം ഉണ്ട്. നല്ല വെള്ളമൊന്നുമല്ല. ചെളി വെള്ളത്തിൽ ചെടികളും കാണാം.
പതിവു പോലെ ഞാൻ മോനെ സ്കൂളിലാക്കി കനാല് വഴി നടന്നു വന്നു. അത്യാവശ്യം നല്ല സ്പീഡിൽ ആണ് നടക്കുന്നത്. നടന്നു നടന്നു വന്നപ്പോൾ എന്റെ കാൽ തൊട്ടു - തൊട്ടില്ല എന്ന രീതിയിൽ റോഡിനു കുറുകെ കിടക്കുന്ന തടിയുടെ അടുത്തു നിന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിന്റെ രണ്ടറ്റവും കാണുന്നില്ല. അനങ്ങുന്നുണ്ട്. അതൊരു പാമ്പാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. പാമ്പിന്റെ തലയും വാലും കാണുന്നില്ല. കനാലിൽ നിന്നും കക്ഷി മറുവശത്തുള്ള ഒരു കുഴിയിലേക്ക് പോകുവാ. ആ കുഴിയിൽ നിറയെ വെള്ളവും ഉണ്ട്.
ഞാനവിടെ ആലില പോലെ വിറക്കാൻ തുടങ്ങി. അവിടെയെങ്ങും ആരുമില്ല. ഉറക്കെ വിളിച്ചാലും ആരും കേൾക്കില്ല. തിരിഞ്ഞു പോകാം എന്ന് നോക്കിയപ്പോൾ ദൂരെ നിന്ന് ഒരു പട്ടി വരുന്നു. അതിനെ കണ്ടാൽ പേടിയാകും. അതിന്റെ തൊലി ഒക്കെ കുറേ പോയിട്ടുണ്ട്. അത് നാക്ക് വെളിയിൽ ഇട്ട് ആടിയാടി ആണ് വരുന്നത്.
ഞാനുറപ്പിച്ചു. ഈ രണ്ടു കക്ഷികളും കൂടി എന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കുമെന്ന്. പിന്നെ ഒന്നും നോക്കിയില്ല. നടൻ ശ്രീനിവാസൻ നടക്കുന്നതു പോലെ ഞാൻ പാമ്പിന്റെ മുകളിലൂടെ അപ്പുറത്തേക്ക് കാലെടുത്തു വെച്ചു. ആ റോഡിന്റെ കുറെ ഭാഗം കഴിയുന്നതുവരെ ഞാൻ ശ്രീനിവാസനായിരുന്നു. ഓടാൻ പറ്റില്ലല്ലോ...! കാരണം എന്റെ ഓട്ടം കണ്ട് ആ പട്ടി എങ്ങാനും എന്റെ കൂടെ വന്നാലോ?!
ഞാൻ ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ പാമ്പിന്റെ പൊടിപോലുമില്ല. പട്ടിയെയും കണ്ടില്ല. പിന്നെ ഞാൻ പി ടി ഉഷയായി. റോഡിൽ ബൈക്ക് യാത്രക്കാരനെ കണ്ടപ്പോൾ ഉഷയെ വിട്ടു. ഞാൻ ഉടനെ എന്റെ അനിയത്തിയെ ഫോണിൽ വിളിച്ചു. അവളെ വിളിച്ചു കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിന്റെ വിറയൽ കുറച്ചു കുറഞ്ഞു. പിന്നെ അവിടെ കണ്ട ഒരു സ്ത്രീയോട് ഞാൻ ഈ കാര്യം പറഞ്ഞു.
കാരണം അവർ പാമ്പ് കിടന്ന ഭാഗത്തേക്കാണ് പോകുന്നത്. എന്റെ വാക്കുകൾ കേട്ട് അവർക്ക് കുറച്ച് പേടി ഉണ്ടായി. പിന്നെ ആ നാവ് കൊണ്ട് തന്നെ പറഞ്ഞു: "ചേരയായിരിക്കും. സാരമില്ല."
എന്തായാലും അത് പാമ്പിന്റെ ഗണത്തിൽപ്പെട്ടതല്ലേ.! ചേരയായാൽ എന്ത്?.. വിരയായാൽ എന്ത്? പേടിക്കാനിരുന്ന ഞാൻ നന്നായി പേടിച്ചു.!
പിന്നീട് ആ വഴി പോകുമ്പോൾ മിമിക്രിക്കാർ ശ്രീനിവാസനെ അനുകരിക്കുന്നത് പോലെ ഞാനും ശ്രീനിവാസൻ ആയി മാറി അറിയാതെ നടന്നു പോകും.
✍️✍️ഷൈനി
Comments
Post a Comment