ബാലരമ

പണ്ട് അക്ഷരങ്ങൾ പെറുക്കി എടുത്തു വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ അച്ഛൻ എനിക്ക് വായിക്കാൻ ബുക്കുകൾ വാങ്ങി തരുമായിരുന്നു. അതിൽ മുൻപന്തിയിൽ ബാലരമയായിരുന്നു. മായാവിയും കുട്ടൂസനും ഡാകിനിയും രാജുവും രാധയും കുന്തത്തിൽ ഇരിക്കുന്ന ലുട്ടാപ്പിയും അങ്ങനെ എല്ലാം എന്റെ ഇഷ്ട കഥാപാത്രങ്ങളാണ്.

അച്ഛൻ ബുക്കുമായി വരുന്ന വഴി അവിടെ വേറെ കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ വായിച്ചിട്ടേ എനിക്ക് കിട്ടൂ.

എനിക്കതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അച്ഛൻ പറയും : "സാരമില്ല മോൾക്ക് പിന്നീട് ആയാലും വായിക്കാലോ."

 ഒരിക്കൽ ഒരു വെക്കേഷന്, അച്ഛൻ രാവിലെ ബാലരമ വാങ്ങി വന്നപ്പോൾ വഴിയിലെങ്ങും തട്ടിയെടുക്കാൻ ആരുമുണ്ടായില്ല. അങ്ങനെ ആദ്യമായി എന്റെ കൈയിലാ ബാലരമ ചൂടോടെ കിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും കൂടി ഹോസ്പിറ്റലിൽ പോയി. ഞങ്ങളെ അടുത്തുള്ള വീട്ടിൽ പറഞ്ഞു ഏൽപ്പിച്ചിട്ടാണ് അവർ പോയത്.

 അവർ പോയ ഉടനെ ഞാൻ ബാലരമ എടുത്തു വീടിന് പുറത്തുള്ള പടിയിൽ ഇരുന്ന് വായിക്കാൻ തുടങ്ങി. പക്ഷേ വായനയുടെ സന്തോഷം അപ്പോൾ തന്നെ അവസാനിച്ചു. എന്റെ കയ്യിൽ നിന്നും ആരോ എന്റെ ബാലരമയെ തട്ടിയെടുത്തിരിക്കുന്നു.

 നോക്കിയപ്പോൾ അടുത്ത വീട്ടിലെ ഒരു ചേട്ടൻ.! എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഞാൻ ഉടനെ ആ ചേട്ടന്റെ പുറകെ ഓടി. എന്റെ ഓട്ടം കണ്ട് ആ ചേട്ടനും വേഗത്തിലോടി.

 പക്ഷേ എനിക്ക് ഓട്ടം മുഴുവനാക്കാൻ പറ്റിയില്ല. എന്റെ ഓട്ടം ഒരു കരിങ്കല്ല് കവർന്നെടുത്തു. അവിടെ തട്ടി വീണ എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ബാലരമയും കൊണ്ട് ആ ചേട്ടൻ ഓടിപ്പോയി.

 വീണ എനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല. കല്ല് എന്നെ വീഴ്ത്തിയത് മാത്രമല്ല, എന്റെ പല്ലിന്റെ പകുതിയും എടുത്തു. പല്ല് ഒടിഞ്ഞ ഞാൻ വലിയ വായിൽ കരയാൻ തുടങ്ങി. വായ അടയ്ക്കാൻ പറ്റാതെ കരയുന്ന എന്നെ അടുത്തുള്ള വീട്ടിലെ ആന്റി എടുത്തു അവരുടെ വീട്ടിൽ കിടത്തി.

 പിന്നെ എനിക്ക് ആന്റി ഒരു പച്ചമുട്ട പൊട്ടിച്ച് വായിൽ ഒഴിച്ചു തന്നു. ഇഷ്ടം ഇല്ലാതിരുന്നിട്ടും ഞാൻ അത് കഴിച്ചു. എന്നിട്ടും എന്റെ വേദന മാറിയില്ല. ഞാൻ വായ അടയ്ക്കാതെ കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ആന്റി ആ ചേട്ടനെ വഴക്ക് പറയുന്നുണ്ടായിരുന്നു.

 ഈ സമയം എന്റെ അച്ഛനുമമ്മയും വന്നു. അടുത്ത വീട്ടിൽ വായും തുറന്നു കിടക്കുന്ന എന്റെ അടുത്തേക്ക് അവർ വന്നു. അതിനിടയ്ക്ക് ആന്റി ഉണ്ടായ വിശേഷങ്ങളൊക്കെ അവരോട് പറഞ്ഞു.

 ഭാഗ്യം അടി തന്നില്ല. ഇല്ലെങ്കിൽ ആദ്യം അടി തന്നിട്ടേ ബാക്കി ചോദ്യം ഉണ്ടാവുകയുള്ളൂ. ഇനി ഇതിൽ കൂടുതൽ എങ്ങനെ കൊടുക്കും എന്ന് വിചാരിച്ചിട്ടുണ്ടാവും.!

 അതിനിടയ്ക്ക് എന്തായിരിക്കും ആന്റി എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്? "അങ്കത്തിൽ തോറ്റ് തുന്നം പാടി പല്ലും ഒടിച്ച്... ദേ... കിടക്കുന്നു നിങ്ങളുടെ മോ......ൾ" 

✍️✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )