ഒരു തിരി വെട്ടം
എന്റെ കുട്ടിക്കാലം. ഞാനന്ന് രണ്ടാം ക്ലാസ്സിലാണെന്ന് തോന്നുന്നു. ഒരു അവധിക്കാലത്ത്, ആദ്യമായി എന്റെ അച്ഛനെയും അമ്മയെയും പിരിഞ്ഞ് എന്റെ ഒരു ബന്ധുവായ കൊച്ചപ്പന്റെ വീട്ടിൽ പോയി. അവിടത്തെ അമ്പലത്തിലെ ഉത്സവം കാണാനാണ് പോയത്.
നഗരക്കാഴ്ചകൾ കണ്ടു മടുത്ത എനിക്ക് അന്നും ഇന്നും ഗ്രാമത്തിന്റെ വശ്യത എന്നെ വല്ലാതെ ആകർഷിക്കും. അന്ന് കൊച്ചപ്പന്റെ കൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. ഉത്സവം കാണാൻ പോകുവാ. അതിന്റെ സന്തോഷം വേറെ.
പോകുന്ന വഴിയിലെ എല്ലാ കാഴ്ചകളും എന്റെ കണ്ണ് ഒപ്പിയെടുത്തു. പുറകോട്ടു പോകുന്ന മരങ്ങളെയും കൂടെ വരുന്ന മേഘങ്ങളെയും നോക്കുന്ന ഞാൻ ഇടയ്ക്ക് വണ്ടി ഓടിക്കാനും മറന്നില്ല.
അതിനിടയ്ക്ക് കണ്ടക്ടർ ബെല്ലടിച്ചപ്പോൾ കൊച്ചപ്പൻ എന്നോട് പറഞ്ഞു : " മതി. ഇനി അവർ വണ്ടി ഓടിക്കട്ടെ, മോള് വാ നമുക്ക് ഇവിടെ ഇറങ്ങാം."
വണ്ടി ഓടിച്ചതിന്റെ നന്ദിസൂചകമായി കണ്ടക്ടർ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി നടന്നു.
ഒരു ഇറക്കമിറങ്ങി മുന്നിൽ കാണുന്നത് വിശാലമായ വയൽ. ചരടു പൊട്ടിയ പട്ടം പോലെ ഞാൻ ആ വയലിൽ കൂടി ഓടി. എന്റെ കണ്ണുകൾക്ക് കൊടുക്കാവുന്ന ഏറ്റവും സുന്ദരമായ കാഴ്ചകളായിരുന്നു ചുറ്റിനും. വാലുള്ള കുറെ പേരെ കണ്ടു. അവരെയെല്ലാം തോണ്ടാൻ തോന്നി. പരിചയമില്ലാത്ത എന്നെ നോക്കി അവർ കണ്ണുരുട്ടി. നിർത്താതെയുള്ള എന്റെ കലപില സംസാരവും കേട്ട് കൊച്ചപ്പൻ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയി.
അവിടെ കുറേ കുട്ടികൾ ഉണ്ടായിരുന്നു. എനിക്ക് അവരെയെല്ലാം പെട്ടെന്ന് എന്റെ കൂട്ടുകാരാക്കാൻ പറ്റി. അല്ല അവർ എന്നെ അവരുടെ കൂട്ടത്തിലാക്കി.
പിറ്റേ ദിവസം ഉത്സവത്തിന് അമ്പലത്തിൽ പോയി. കാണാത്ത പല കാഴ്ചകളും അവിടെ കണ്ടു. കൂടെ വന്നവരോട് 'അതെന്താ', ' ഇതെന്താ' എന്ന ചോദ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.
വൈകിട്ട് ആയപ്പോൾ കൊച്ചപ്പൻ പറഞ്ഞു : " ഇന്ന് രാത്രിയിൽ അമ്പലത്തിൽ ബാലെ ഉണ്ട്. അത് കാണാൻ നമുക്ക് പോകാം."
ആദ്യമായി കേൾക്കുന്ന വാക്ക് ആണെങ്കിലും ഞാൻ തലകുലുക്കി.
വൈകിട്ട് അമ്പലത്തിൽ പോയി ദീപാരാധന കണ്ടു. പിന്നീട് ബാലെ തുടങ്ങാറായപ്പോൾ വീണ്ടും പോയി. പോയപ്പോൾ കൂടെ വന്നവരുടെ കൈയ്യിൽ ചുരുട്ടി പിടിച്ച പായയും ഒരു ചൂലും കണ്ടു.
അതിശയത്തോടെ അവരോട് ഞാൻ ചോദിച്ചു: " ഇതെന്തിനാ?"
ചിരിച്ചു കൊണ്ട് കൂടെ നിന്ന
കുട്ടികൾ : " ഇതൊക്കെ ആദ്യമായിട്ട് കാണുകയാണോ? ഇതൊക്കെ വേണ്ടിവരും. അത് ചൂലല്ല. ചൂട്ടാണ്. "
ഞാൻ : " പായ അറിയാം. ചൂട്ട് അറിയില്ല"
കുട്ടികൾ : " അതെന്താ നിങ്ങളുടെ നാട്ടിൽ ചൂട്ടില്ലേ !?"
കൊച്ചപ്പൻ : " എടാ അതിന് പട്ടണത്തിൽ ഒന്നും ചൂട്ടിന്റെ ആവശ്യമില്ല. അവൾക്ക് ഇത് അറിയില്ല. നിങ്ങള് വാ പോകാം."
അമ്പലത്തിലേക്ക് പോയ വഴിയിൽ നല്ല ഇരുട്ടുള്ള സ്ഥലങ്ങൾ ധാരാളം. വയലിൽ ഒന്നും വെളിച്ചം ഇല്ല. അപ്പോൾ അതാ ചൂട്ട് കൈയ്യിൽ ഉള്ളയാൾ അത് കത്തിച്ചു. ഒരു പ്രത്യേക രീതിയിൽ ആട്ടിയാട്ടി മുന്നിൽ നടന്നു. പുറകെ മറ്റെല്ലാവരും.
അങ്ങനെ അമ്പലത്തിൽ എത്താറായപ്പോൾ ചൂട്ടണച്ചു. അമ്പലപ്പറമ്പിൽ എങ്ങും ട്യൂബ് ലൈറ്റിന്റെ വെട്ടം. ഞങ്ങൾ ഒരു മരത്തിന് ചുവട്ടിൽ പോയിരുന്നു.
ബാലെ തുടങ്ങി. ഇടയ്ക്ക് ഡാൻസും പിന്നെ കുറേ സംസാരങ്ങളും ആയ ആ കലാരൂപം ഞാൻ ആദ്യമായി കാണുകയായിരുന്നു. അതിലെ ഡാൻസ് എനിക്കിഷ്ടമായി. ഇടയ്ക്ക് ഞാനും തുള്ളാൻ തുടങ്ങി. കുറേ കഴിഞ്ഞപ്പോൾ ഞാൻ പോലും അറിയാതെ എന്റെ തല ആരെയൊക്കെയോ എന്റെ അടുത്തേക്ക് വിളിക്കാൻ തുടങ്ങി. അത് കണ്ടവർ കൊണ്ടു വന്ന പായയിൽ എന്നെ കിടത്തി.
കുറേ കഴിഞ്ഞപ്പോൾ ആരോ എന്നെ തട്ടിവിളിച്ചു. " മോളെ പോകാം. ബാലെ കഴിഞ്ഞു. "
കണ്ണു തിരുമ്മി നോക്കിയ ഞാൻ എന്റെ അടുത്ത് വേറെ രണ്ടു പേർ കിടക്കുന്നത് കണ്ടു. അതിൽ പായ വേണ്ടി വരും എന്ന് പറഞ്ഞയാളും ഉണ്ടായിരുന്നു. അവനെ കൊച്ചപ്പൻ കുറെ നേരം തട്ടിവിളിച്ചു. അവൻ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റു.
വീണ്ടും പായയും ചൂട്ടുമായി ഞങ്ങൾ തിരികെ നടന്നു. ആ കൂരാക്കൂരിരുട്ടിൽ ചൂട്ടിന്റെ ശക്തി ഞാൻ കണ്ടു. ആ ഒരു അരണ്ട വെളിച്ചം ഞങ്ങളെ മുന്നോട്ടു പോകാൻ സഹായിക്കുന്നു. ആ ചൂട്ടു കൊണ്ട് പോകുന്ന ആൾക്കും അതെങ്ങനെ കൊണ്ടു പോകാമെന്ന് നന്നായിട്ടറിയാം.
അന്ന് ചൂട്ട് ആയിരുന്നെങ്കിൽ ഇന്ന് അത് മൊബൈൽ ഫോൺ തട്ടിയെടുത്തു. അന്ന് ചൂട്ടിനെ വീട്ടിൽ എത്തിയാൽ അണച്ച് വെളിയിൽ വെച്ച് അകത്തു കയറും. ഇന്ന് മൊബൈൽ ഫോണിലെ ലൈറ്റ് ഓഫ് ആക്കി തലയ്ക്കു മുകളിൽ വയ്ക്കും.
അന്ന് കറണ്ട് കട്ടുള്ളപ്പോൾ മെഴുകുതിരിയോ മറ്റോ തപ്പി എടുക്കണം. ഇന്ന് തപ്പേണ്ട ആവശ്യം മൊബൈൽ ഫോൺ തരുന്നില്ല. കൈയ്യിൽ നിന്നും താഴെ വെച്ചാൽ അല്ലേ തപ്പേണ്ട ആവശ്യമുള്ളൂ!! ഒരു വീട്ടിൽ ആരുടെയെങ്കിലും കൈയിൽ അന്നേരം ഫോൺ ഉണ്ടായിരിക്കും.
കാലങ്ങൾ കഴിയുന്തോറും എന്നും കൂടെ ഒരു തിരിവെട്ടമായി നിന്നവരെ പലരെയും പലരും മറക്കുന്നു. അറിയാതെയെങ്കിലും അവരെ മറന്നു പോകുന്നു.
ഓർമ്മയിൽ എപ്പോഴെങ്കിലും ആ വെളിച്ചം വന്നാൽ അത് മനസ്സിന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. അവരെ എപ്പോഴും നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയണം.
✍️✍️ഷൈനി
Super
ReplyDelete🙏😍
DeleteNostgic
ReplyDelete🥰🙏
Delete