ഒറ്റക്കൊരു കാട്ടിൽ (കഥ)
കാട് ഇഷ്ടപ്പെട്ടു. ആ കാട്ടിൽ ചെന്നപ്പോൾ നിറയെ പൈൻമരങ്ങൾ. ഒരറ്റത്തു നിന്ന് പൈൻ മരങ്ങളുടെ എണ്ണം എടുക്കാൻ തുടങ്ങി. എണ്ണിയെണ്ണി എണ്ണം തെറ്റാനും തുടങ്ങി. വീണ്ടും എണ്ണാനായി തീരുമാനിച്ചു. ആദ്യം എണ്ണി തുടങ്ങിയ പൈൻമരത്തെ അന്വേഷിച്ചു പോയി. അന്വേഷിച്ചു അന്വേഷിച്ചു പോയ കാലുകൾക്ക് വേദനിക്കാൻ തുടങ്ങി.
അന്വേഷണം അവസാനിപ്പിച്ച് തിരികെ പോകാമെന്ന് വിചാരിച്ചപ്പോൾ, അതാ... കൂട്ടുകാരൻ കാകൻ കൂട്ടിനായി കൂടെ വന്നു വഴി കാണിച്ചു തന്നു. കാകൻ കാണിച്ച വഴിയെ നടന്ന് നടന്ന് ചെന്നപ്പോഴതാ..!
വീണു കിടക്കുന്നു ആദ്യത്തെ പൈൻമരം! ആ മരത്തിന് കൂട്ടിനായി രണ്ടാമത്തെയും മൂന്നാമത്തെയും പൈൻമരങ്ങൾ താഴെ കിടക്കുന്നു.
അവർക്ക് കൂട്ടായി നാലാമത്തെ പൈൻമരം മനസ്സില്ലാമനസ്സോടെ വീഴാൻ നിൽക്കുന്നു. വീഴ്ത്താൻ ഓങ്ങിയ കോടാലിയുടെ ഉടമയെ ഞൊടിയിടയിൽ തുമ്പിക്കൈയ്യാൽ എടുത്ത് ദൂരേക്കെറിഞ്ഞു. പിന്നെ എന്നും ആ കാടിന് കാവലായി ആ കരിവീരൻ നിന്നു.
ആ കരിവീരനെ നോട്ടമിട്ട് ഇരുകാലികൾ ഒരു നാൾ കൂട്ടമായ് ആ കാട്ടിലെത്തി കെണി വെച്ചു. ആ കെണിയിൽ അറിയാതെ വീണു പോയി ആ കാവൽക്കാരൻ!
കരഞ്ഞ് കലങ്ങിയ മനസ്സുമായി കാട് വിട്ട് നാട്ടിലേക്ക് അവൻ യാത്രയായി. പിന്നീടൊരിക്കലും സ്വാതന്ത്ര്യം എന്തെന്ന് അവൻ അറിഞ്ഞില്ല. തീപ്പന്തത്തേയും വലിയ ശബ്ദത്തെയും ഭയന്നിരുന്നവൻ ഇരുകാലികളുടെ ആഘോഷങ്ങൾക്കായി ആരാധനാലയങ്ങൾ തോറും തീയുടെയും ഘോര ശബ്ദങ്ങളുടെയും നടുവിൽ കൊടും ചൂടിൽ അലയാൻ തുടങ്ങി.
അലച്ചിലിനൊടുവിൽ മനസ്സിന്റെ താളം തെറ്റി പ്രതികരിച്ചാൽ എല്ലാം അവന് കുറ്റം! ചങ്ങല ഇടേണ്ടവർ ഇടാതെ ആ ചങ്ങല അവന് സമ്മാനിച്ച് ചുറ്റിനുമുള്ളവർ അവനെ കൊഞ്ഞനം കുത്തി.
മിണ്ടാൻ കഴിവില്ലാത്തതിനാൽ മിണ്ടുന്നവരുടെ ആജ്ഞകൾക്കനുസരിച്ച് ആ കരിവീരൻ നിശബ്ദനായി കരഞ്ഞു കൊണ്ട്, ഒരിക്കൽ ബന്ധനത്തിന്റെ വേദന നിങ്ങളും അനുഭവിക്കുമെന്നവൻ ഉള്ളാൽ ശപിച്ചു കൊണ്ട് വീണ്ടും അവർക്കൊപ്പം കൂടി.
ഒരായിരം ശാപങ്ങൾ ഏറ്റുവാങ്ങി കൊണ്ട് ആഘോഷങ്ങൾ ആർഭാടമായി ഇന്നും അരങ്ങേറുന്നു.
✍️ഷൈനി
റിയാലിറ്റി ആണ് ഓരോ ആനയുടെ യും
ReplyDeleteഅതെ
Delete