മന്ത്രവാദി (കഥ )
പണ്ട് അച്ഛനും അമ്മയും പറഞ്ഞു തന്ന കഥയാണ്. നടന്ന കഥയാണെന്നും പറയുന്നു.
ഒരിക്കൽ ഒരു മന്ത്രവാദി ബാധ ഒഴിപ്പിക്കാൻ ഒരിടം വരെ പോയി. ബാധയെല്ലാം ഒഴിപ്പിച്ച് തിരികെ പോകാൻ നോക്കിയപ്പോൾ നേരം ഒരു പാട് വൈകി. കേമനായ മന്ത്രവാദി ഒട്ടും വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ചു. വീടെത്താൻ കുറച്ചധികം ദൂരം ഉണ്ട്. റോഡിൽ എങ്ങും സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല. മന്ത്രവാദിയുടെ കയ്യിൽ ഒരു ചൂട്ട് ഉണ്ട്. അതിന്റെ അരണ്ട വെളിച്ചത്തിലാണ് മൂപ്പരുടെ നടത്തം. കൂടെ തോളത്ത് ഒരു സഞ്ചിയിൽ പൂജ കഴിഞ്ഞ് ബാക്കി വന്ന അവിലും മലരും എല്ലാം ഉണ്ട്.
മന്ത്രവാദി നടന്ന് നടന്ന് ഒരു കാട്ടുവഴിയിൽ എത്തി. നിശബ്ദമായ ആ വഴിയിൽ കൂടി നടക്കുന്ന മന്ത്രവാദിയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു കൊണ്ടിരുന്നു. അതിനിടയ്ക്ക് മന്ത്രവാദി നടക്കുന്നത് കൂടാതെ മന്ത്രവാദിയുടെ പുറകിൽ വേറൊരു കാലൊച്ച കേൾക്കുന്നു. മന്ത്രവാദി ഒന്നു നിന്നു. അന്നേരം കാലൊച്ച കേൾക്കുന്നില്ല. വീണ്ടും മന്ത്രവാദി നടന്നു. അപ്പോൾ വീണ്ടും അതേ ഒച്ച കേൾക്കുന്നു. മന്ത്രവാദി ഒരിക്കൽ കൂടി നിന്നു. അപ്പോൾ ആ ശബ്ദവും നിന്നു. വീണ്ടും അയാൾ നടന്നു. അന്നേരം ആ ശബ്ദം വീണ്ടും വന്നു.
മന്ത്രവാദി പുറകിലേക്ക് തിരിഞ്ഞു നോക്കി. ആരെയും അവിടെ കണ്ടില്ല. മന്ത്രവാദി ഉറപ്പിച്ചു. ഇത് ഞാൻ പറഞ്ഞു വിട്ടയാൾ തന്നെയാണ് എന്റെ കൂടെ വരുന്നത്.
അയാൾ എന്തൊക്കെയോ മന്ത്രങ്ങൾ പറഞ്ഞിട്ടു പറഞ്ഞു : " നിന്നെ ഒരിക്കൽ ഞാൻ പറഞ്ഞു വിട്ടതാണ്. ആ എന്നെ തന്നെ നീ ശല്യം ചെയ്യുന്നോ!? അത്രയ്ക്ക് അഹങ്കാരമോ? എന്നെ നിനക്കറിയാലോ...? ഇവിടം വരെ വന്നാൽ മതി. ഇനി നീ ഒരു അടി അപ്പുറത്തേക്ക് വയ്ക്കരുത്."
വീണ്ടും എന്തൊക്കെയോ മന്ത്രങ്ങൾ പറഞ്ഞ് അവിടെ നിന്നും നടക്കാൻ തുടങ്ങി മന്ത്രവാദി. ദാ.... പിന്നെയും കേൾക്കുന്നു.! ഇപ്പോൾ മന്ത്രവാദിക്ക് കുറേശ്ശെ പേടി വരാൻ തുടങ്ങി. അയാൾ നടത്തത്തിന്റെ വേഗത കൂട്ടി. അന്നേരം അതിലും വേഗത്തിൽ കൂടെ വരുന്ന ശബ്ദവും. പിന്നെ ഒന്നും നോക്കിയില്ല. തോളത്ത് ഇരുന്ന സഞ്ചി അവിടെയിട്ട് മന്ത്രവാദി സകല ദൈവങ്ങളെയും വിളിച്ചു ഓടി. ആ ഓട്ടം വീട്ടിലെത്തിയപ്പോഴാണ് നിർത്തിയത്.
അന്ന് എങ്ങനെയൊക്കെയോ അദ്ദേഹം കിടന്നുറങ്ങി. പിറ്റേന്ന് ആയപ്പോഴേക്കും പുള്ളിക്ക് നല്ല പനി. സ്വബോധം കിട്ടിയ മന്ത്രവാദിയുടെ അടുത്തേക്ക് ഭാര്യ ചെന്നു .
" നിങ്ങൾ വലിയ മന്ത്രവാദി ആയിട്ട്... പേടിച്ചിട്ടാണ് നിങ്ങൾക്ക് പനി വന്നത് എന്ന് നാട്ടുകാർ അറിഞ്ഞാൽ... നാണക്കേട് ആണല്ലോ ദൈവമേ!"
" നിനക്ക് നാണക്കേട്....ഞാൻ അല്ലേ അനുഭവിച്ചത്!"
" നിങ്ങൾ എന്ത് അനുഭവിച്ചെന്നാ? "
" ഞാൻ ഒഴിപ്പിച്ച ബാധ എന്നെ പിടികൂടിയാൽ!... ഇതല്ല ഇതിനപ്പുറവും സംഭവിക്കും. "
" ആര് നിങ്ങളെ പിടികൂടി എന്നാ? "
" നിനക്ക് പറഞ്ഞിട്ട് മനസ്സിലായില്ലേ? "
" അത് തന്നെയാ ചോദിച്ചത്? നിങ്ങൾ പൂജക്ക് ഉപയോഗിച്ച മലരാണോ ബാധയായി വന്നത്? "
" നീ എന്താ ഈ പറയുന്നത്? "
" അതേ മനുഷ്യാ... നിങ്ങളുടെ മലരിട്ട സഞ്ചിയുടെ ചെറിയ ദ്വാരത്തിൽ നിന്നും കുറേശ്ശെയായി നിങ്ങൾ നടക്കുന്നതിനനുസരിച്ച് പുറത്തേക്ക് പോയി. അത് ആ കാട്ടു പാതയിലെ കരിയിലയിൽ ആണ് വീണത്. അന്നേരം ഉണ്ടായ ശബ്ദമാണ് നിങ്ങൾക്ക് ബാധയായി തോന്നിയത്."
" ങേ...!! അല്ല നിനക്കെങ്ങനെ മനസ്സിലായി? "
"നിങ്ങൾ വന്നത് ഉറക്കെ നിലവിളിച്ചു കൊണ്ടല്ലേ.... പിന്നെ വന്നപാടെ ബോധവും പോയി. ഇതിന്റെ സത്യാവസ്ഥ അറിയാനായി ഞാനൊരു ചൂട്ടും കത്തിച്ച് നിങ്ങൾ വന്ന വഴിയേ പോയി. നടന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ സഞ്ചി ഞാൻ കണ്ടു.
സഞ്ചി എടുത്തപ്പോൾ ഭാരമില്ലാത്തതായി കണ്ടു. അവിടെ തറയിൽ കുറച്ചു മലരും കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ഉറുമ്പ് വരിവരിയായി പോകുന്നത് പോലെ മലരും വരിവരിയായി മുന്നോട്ട് പോയതായി കണ്ടു. അപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി."
"ആണോ?!... ശ്ശോ.... ഞാനെന്തൊരു മണ്ടനാ!?"
"അതേ.... മണ്ടന്മാരായവരെ പറ്റിച്ച് നടക്കുന്നവർക്കെല്ലാം ഇതല്ല... ഇതിനപ്പുറവും ഇനിയും ഉണ്ടാകും. മര്യാദയ്ക്ക് വേറെ ജോലിക്ക് പൊയ്ക്കോണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു ബാധയായി ഞാനുണ്ടാകും...."
✍️ഷൈനി
🤣Twist!
ReplyDelete🤩😍
Delete