ഞാനറിഞ്ഞില്ലല്ലോ!
ഒച്ച എടുക്കണ്ട.... ദാ... വരുന്നു... കേട്ടു.... കേട്ടുവെന്ന് പറഞ്ഞില്ലേ? ഓഹോ... ഇനി സമൂഹഗാനമായോ? ക്ഷമ വേണം. ക്ഷമ. അതെങ്ങനെയാ? ഒരെണ്ണത്തിനും ഇല്ല.
ഇന്നാ... വേണ്ടുവോളം ഉണ്ട്. എല്ലാവരും എടുത്തോളൂ. ഇനി എന്താ? ചോദിച്ചത് തന്നല്ലോ? ഇതെന്താ? എല്ലാവരും എന്നെ ആദ്യമായി കാണുന്നത് പോലെ. തന്നത് എടുക്കുന്നില്ലേ? ഈ നോട്ടം ശരിയല്ല കേട്ടോ.! എനിക്ക് ദേഷ്യം വരുന്നുണ്ട്. ഞാൻ വരുന്നതുവരെ എന്തായിരുന്നു ബഹളം? എന്നിട്ട് ഞാൻ വന്നപ്പോഴോ?
ഇനി ഞാൻ തന്നത് ഇഷ്ടമായില്ലേ? ഇവിടെ ഇതേ ഉള്ളൂ. ഉള്ളത് വെച്ച് തൃപ്തിപ്പെടാൻ പഠിക്കണം. പലയിടത്തും പോകേണ്ടവരല്ലേ? ആഹാ...! നീയും എന്നെ.!? കാക്കേ നീ കോഴിയാകരുത്.
ഓഹോ... എല്ലാവരും കോഴികൾ ആയ സ്ഥിതിക്ക് എന്റെ കയ്യിൽ നിന്ന് നല്ലത് മേടിക്കും. ങ്ങേ...! ഇതെന്താ ഇത് ആരുടെ തൂവലാ? ഇവിടെ ആരാ ഇത് വെച്ചത്? പറ... ഇതിൽ ആരാ കൂടുതൽ എന്നെ സ്നേഹിക്കുന്നത്? ആ ആളുടെ അല്ലേ ഈ സമ്മാനം? ഇതിനായിരുന്നോ നിങ്ങൾ നോക്കിയത്? പറയണ്ടേ? എന്നാലല്ലേ ഒരിക്കലെങ്കിലും എനിക്ക് ആ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ കഴിയൂ.!?
നീ ഇത് എനിക്ക് തരുന്ന മൂന്നാമത്തെ സമ്മാനം ആണ്. ആദ്യം ഒരു കഷ്ണം കപ്പത്തൊണ്ട്. അന്ന് കപ്പത്തൊണ്ട് സമ്മാനമാണെന്ന് അറിയാതെ ഞാൻ അത് ഉടനെ വേസ്റ്റ് ബക്കറ്റിൽ ഇട്ടു പോയി. പിന്നെ ഒരു കുഞ്ഞു കഷണം സവാള.
ദാ ഇപ്പോ ഈ തൂവൽ.! ഇത് എടുത്തപ്പോൾ വേദനിച്ചു കാണില്ലേ? അതോ പൊഴിഞ്ഞു വീണതാണോ?
തൊപ്പി വെച്ചുള്ള ശീലം ഉണ്ടായിരുന്നെങ്കിൽ, എന്റെ തൊപ്പിയിൽ ഈ കാക്കത്തൂവൽ വെക്കുമായിരുന്നു. വിഷമിക്കേണ്ട... കേട്ടോ. ഞാനേ... എന്റെ മയിൽപീലികളുടെ അടുത്തു തന്നെ ഈ കാക്കത്തൂവലും വെച്ചിരിക്കും. മയിൽപ്പീലിയോളം തന്നെ സൗന്ദര്യം നിങ്ങൾ തന്ന ഈ കാക്കത്തൂവലിനും ഉണ്ട്.
പക്ഷേ.... സ്നേഹത്തിനു മുന്നിൽ ഒരുപിടി മുന്നിലാണ് ഈ കാക്കത്തൂവൽ. എന്നാലും ആരുടെ ശരീരത്തിൽ നിന്നാണ് ഇത്? ഞാൻ അറിഞ്ഞില്ലല്ലോ.... നിന്റെ പ്രണയം?!
✍️ഷൈനി
Comments
Post a Comment