Posts

Showing posts from July, 2022

കൈപ്പാണല്ലോ!

Image
രാവിലെ എപ്പോഴും നല്ല തിരക്കാണ്. അപ്പത്തിന്റെ മാവ് ബാക്കി ഫ്രിഡ്ജിൽ ഉണ്ട്. രാവിലെ അതിന്റെ തണുപ്പ് മാറാൻ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്തു വച്ചു. ചായയിട്ടു. അതിനിടയ്ക്ക് അരി അടുപ്പിൽ വെച്ചു. ഇടയ്ക്ക് ചില വാക്കുകൾ തലയിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ടിരിക്കുന്നതിനാൽ ബുക്കിന്റെയും പേനയുടെയും അടുത്തേക്ക് ഓടി. ഇല്ലെങ്കിൽ തലയിൽ നിന്നും ചാടി അപ്പുറത്തെ അയ്യത്തേക്ക്  ( പറമ്പ് ) പോയാലോ? അതിനാൽ അവരെ ഭദ്രമായി ബുക്കിനുള്ളിൽ ആക്കിയിട്ട് വീണ്ടും അടുക്കളയിലേക്ക് ചെറിയൊരു ഓട്ടം. മാവിന്റെ തണുപ്പ് മാറി. എന്നാലിനി അപ്പം ഉണ്ടാക്കാം. രണ്ടപ്പം ഉണ്ടാക്കി. ഉപ്പ് കറക്റ്റ് ആണോ എന്നറിയാൻ കുറച്ച് എടുത്തു കഴിച്ചു നോക്കി. "അയ്യേ....  എന്തൊരു കൈപ്പ്.! ഇന്ന് ഈ മാവിന് എന്തു പറ്റി?! ഇന്നലെ അപ്പം ഉണ്ടാക്കിയതിന്റെ ബാക്കി അപ്പോൾ തന്നെ ഫ്രിഡ്ജിൽ വച്ചിരുന്നതാണല്ലോ. പിന്നെ എന്തുപറ്റി!? ഇനിയിപ്പോൾ ഈ മാവ് എന്ത് ചെയ്യും? മാവ് വെറുതെ കളയണ്ട. ചെറുതായിട്ടൊന്നു വേവിച്ചിട്ട് കാക്കയ്ക്ക് കൊടുക്കാം. അതിനിടയിൽ അവിടെ വന്ന അമ്മ എന്റെ പ്രകടനം കണ്ട് കുറച്ച് അപ്പം എടുത്ത് കഴിച്ചു നോക്കി. "വേണ്ടമ്മേ.....

അന്യഗ്രഹ വിശേഷങ്ങൾ

Image
ഇന്നലെയായിരുന്നു ചൊവ്വയിൽനിന്ന് ഞാനിങ്ങെത്തിയത്. അവിടെ എല്ലാവർക്കും സുഖം തന്നെ. എല്ലാവരോടും അവരുടെ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഇവിടെ നിന്നും ആരൊക്കെയോ അങ്ങോട്ട് പുറപ്പെടാൻ കാത്തിരിക്കുന്ന വിവരം അവർക്ക് കിട്ടിയിട്ടുണ്ട്. അങ്ങോട്ട് ചെല്ലുന്നവരുടെ സ്വഭാവ സർട്ടിഫിക്കറ്റും ഫോട്ടോയും അയച്ചു കൊടുക്കാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവരുടെ ആരുടെയെങ്കിലും മുഖഛായ ഇവിടെ നിന്ന് പോകുന്നവർക്ക് ഉണ്ടോ എന്ന് അറിയാനാ. കാരണം അവരുടെ മുഖച്ഛായയുള്ളവർക്ക് അവർ ഒരു പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട്.  പിന്നെ കുറച്ച് നിബന്ധനകൾ ഒക്കെ വെച്ചിട്ടുണ്ട്. അങ്ങനെയുള്ളവർ മാത്രം അങ്ങോട്ട്‌ ചെന്നാൽ മതിയെന്ന്. അവിടെ മത നേതാക്കന്മാർക്കോ രാഷ്ട്രീയ നേതാക്കന്മാർക്കോ പ്രവേശനമില്ല. എന്നിട്ടും കേൾക്കാതെ അങ്ങോട്ട് ചെന്നാൽ മുട്ടുകാല് തല്ലിയൊടിക്കുമെന്നും പറഞ്ഞിട്ടുണ്ട്. പിന്നെ പ്രധാനമായും ഒരു കാര്യം കൂടി അവർ പറഞ്ഞു : " കലാപങ്ങൾ നിർത്തി നിങ്ങൾ ഐക്യത്തോടെ കഴിഞ്ഞില്ലാ..... ന്നുണ്ടെങ്കിൽ പിഴുതെടുക്കാൻ ഞങ്ങൾ വരും." മതി കേട്ടത്. ബാക്കി പിന്നെ പറഞ്ഞുതരാം. ഇത്രയും ദൂരം പോയി വന്നതിന്റെ നല്ല ക്ഷീണമു...

വിവാഹ സ്വപ്നം

Image
ചെറുതിലേ തന്നെ സ്വപ്നം എന്നെ വിടാതെ പിന്തുടരും. ഇരുന്നാലും കിടന്നാലും കൺമുന്നിൽ സ്വപ്നങ്ങൾ വരും. നേഴ്സറിയിലും ഒന്നാം ക്ലാസിലൊക്കെ പഠിച്ചു കൊണ്ടിരുന്ന സമയത്തൊക്കെ എനിക്ക് ഭയമായിരുന്നു സ്വപ്നം കാണാൻ.  ഉറങ്ങാത്ത ഞാൻ എന്റെ വീട്ടുകാരുടെ ചർച്ചയ്ക്ക് ഇടയിൽ പകൽ ഇരിക്കുമ്പോൾ അവരാരും കാണാത്തത് എന്റെ കണ്ണിലും, അവർ ആരും കേൾക്കാത്തത് എന്റെ കാതിലും അനുഭവപ്പെടും.  ഒരു വൃത്തത്തിന്റെ ഉള്ളിൽ അനേകം വൃത്തങ്ങൾ, അതെല്ലാം ഒരുമിച്ച് ചെറുതാവുകയും വലുതാവുകയും ചെയ്യുന്നു. അതിനൊപ്പം ആരുടെയോ ചിരിയും. ആ ചിരിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ ചിരി തുടങ്ങി പതുക്കെ ഉയർന്നുയർന്ന് ഉച്ചസ്ഥായിയിൽ എത്തും. അവിടെ ഇരിക്കുന്ന പലരോടും ഞാൻ അന്നേരം ഇത് പറയും. ആരും പക്ഷെ കേൾക്കില്ല. ആറോ ഏഴോ വയസ്സുള്ള കുട്ടിയുടെ വട്ടുപറച്ചിൽ ആയി അത് മാറി. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ അതെങ്ങനെയൊക്കെയോ എന്നെ വിട്ടു പോയി.  മുതിർന്നു വരുന്നതിനനുസരിച്ച് ഞാൻ സ്വപ്നങ്ങൾ കൂടുതൽ കാണാൻ തുടങ്ങി. അതിൽ മിക്കതും ഭയം ഉളവാക്കുന്നതായിരുന്നു. ചില സ്വപ്നങ്ങൾ മനസ്സിൽ മായാതെ ഇരിക്കും. നല്ല സ്വപ്നങ്ങ...

നല്ലനും കഷ്ടനും (കഥ)

Image
കഷ്ടനും നല്ലനും കൂടി ഒരിക്കൽ നടക്കാൻ ഇറങ്ങി. അവർ നടന്നു നടന്ന് ഒരു ബീച്ചിൽ എത്തി. അവിടെ കുറെ ആളുകൾ ഉണ്ടായിരുന്നു. ഇവർ അവർക്കിടയിൽ കൂടി നടന്നു കൊണ്ടിരുന്നു. ഓരോരുത്തരുടെയും സംസാരങ്ങൾ അവർ ശ്രദ്ധിക്കാൻ തുടങ്ങി.  പലരും നല്ലനെക്കുറിച്ച് നല്ലതു മാത്രവും കഷ്ടനെക്കുറിച്ച് വളരെ മോശമായും പറഞ്ഞു കൊണ്ടിരുന്നു. അതുകേട്ട് കഷ്ടന് ഒരുപാട് സങ്കടമായി. അവൻ കരയാൻ തുടങ്ങി.   "നല്ലവാ... എന്നെ ആർക്കും വേണ്ട. എല്ലാവർക്കും എന്നെ പേടിയാണ്. ഞാൻ എന്താ ഇങ്ങനെയായത്? എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ എന്തു ചെയ്യും?"  ഇത് നല്ലനും വിഷമമായി. അവൻ കഷ്ടനെ സമാധാനിപ്പിച്ചു. " ആരു പറഞ്ഞു? നീ അവരിൽ ഉള്ളതു കൊണ്ടാണ് ഞാൻ അവരിൽ ഇടയ്ക്ക് ഉണ്ടാകുന്നത്. എന്നെ വല്ലപ്പോഴെങ്കിലും അവർ തിരിഞ്ഞു നോക്കുന്നത് നീ അവരിൽ ഉള്ളതു കൊണ്ടു മാത്രം. ഓട്ടുപാത്രങ്ങൾ എപ്പോഴും തേച്ചു മിനുക്കിയാലേ അത് തിളങ്ങുകയുള്ളൂ. ഇല്ലെങ്കിൽ ക്ലാവ് പിടിക്കും. നീയാണ് അവരെ തേച്ചു മിനുക്കി അവരിലെ ക്ലാവിനെ കളഞ്ഞ് എന്നെ അവർക്ക് കൊടുക്കുന്നത്. നീയില്ലെങ്കിൽ അവിടെ ഞാനുമില്ല."  പിന്നീട് ഒരിക്കലും നല്ലൻ കഷ്ടനെ തനിച്ചാക്കിയി...

അന്നു പെയ്ത മഴയിൽ

Image
അന്ന് ഉച്ചവരെ നല്ല മഴയായിരുന്നു. ഉച്ചയായപ്പോൾ ആദിത്യൻ ആദ്യമായന്ന് ഒന്ന് ചിരിച്ചു. മഴയായാൽ ഇയാളെ കണ്ടുകിട്ടാൻ പാടാണ്.  അതുവരെ വീട്ടിൽ ഇല്ലാത്തയാൾ എവിടന്നൊക്കെയോ ഇടയ്ക്ക് വീട്ടിലേക്ക് കയറി വരും. ഇന്നും വന്നു. എന്തെങ്കിലും കഴിക്കാൻ എടുക്കുമ്പോൾ ഒരു നാണവുമില്ലാതെ വായിൽ നോക്കി വരും.  ഇന്നും ഉച്ചയ്ക്ക് കഴിക്കാനായി മേശപ്പുറത്ത് ഭക്ഷണങ്ങൾ കൊണ്ടു വെച്ചു. ചോറിന്റെ കൂടെ സാമ്പാർ, അവിയൽ, നെല്ലിക്ക ഉപ്പിലിട്ടത് പിന്നെ പപ്പടം അങ്ങനെ എല്ലാവരെയും ഭദ്രമായി അടച്ചു തന്നെ വെച്ചു.  അത്യാവശ്യം നല്ല വിശപ്പുള്ളതു കൊണ്ട് ചോറും കറികളും എല്ലാം എന്റെ പാത്രത്തിലേക്ക് ഞാൻ വേഗം ഇട്ടു. ആർത്തിയോടെ ഒരുരുള എന്റെ വായിലേക്ക് ഞാൻ വെച്ചു. ഒന്ന് ചവച്ചു... രണ്ടു ചവച്ചു... കൂടുതൽ പിന്നെ ചവയ്ക്കാൻ നിന്നില്ല. വിശപ്പിന്റെ കഠിന്യത്തിൽ വിഴുങ്ങി.  അടുത്ത ഉരുള വായിലേക്ക് വയ്ക്കാൻ നോക്കുമ്പോഴതാ.... എന്റെ വലത്തേ കൈയിൽ ആരോ തോണ്ടുന്നു. വീണ്ടും വീണ്ടും തോണ്ടുന്നു. കയ്യിൽ മാത്രമല്ല പിന്നെ മുഖത്തും തലയിലും എല്ലാം തോണ്ടാൻ തുടങ്ങി. എന്റെ ഇഷ്ടക്കേട് നോക്കാതെ എന്നെ ശല്യം ചെയ്തു കൊണ്ടിരുന്നു. എനിക്...

മഴയേ... നീയറിയുന്നോ?

Image
മഴ നനയാൻ ഏറെ ഇഷ്ടമുണ്ട്. പക്ഷേ... നിന്റെ തുള്ളികളേക്കാൾ കൂടുതൽ തുള്ളികൾ മൂക്കിൽ നിന്നും ഉടനെ പുറപ്പെടുകയും നീ നിന്നാലും പുറപ്പെട്ടു വന്നവർ ഒരാഴ്ച കഴിയാതെ നിൽക്കുകയുമില്ലാത്തതു കൊണ്ട് നീ എന്നെ അടുപ്പിക്കുന്നതും ഇല്ല. കള്ളമല്ല.. എന്നെ ഇപ്പോഴും അവർ ശല്യം ചെയ്യുകയാണ്.  ഇടയ്ക്കിടയ്ക്ക് ചൂട് കാപ്പി കുടിക്കാനും, കടല, കപ്പലണ്ടി, പരിപ്പുവട ഇത്യാദി കഴിക്കാനും മൂടിപ്പുതച്ച് ഉറങ്ങാനും നീ ഞങ്ങളെ പ്രേരിപ്പിക്കുന്നു. നീ വരുമ്പോൾ ആസ്വദിക്കുകയും, നീ പോകാൻ വൈകുന്തോറും ഭയപ്പെടുകയും ചെയ്യുന്നു ഞങ്ങൾ. മഴത്തുള്ളികൾ തുള്ളുമ്പോൾ ഒരിടത്ത് കുളിരും മറ്റൊരിടത്ത് കനലും. കുളിരുന്നവരറിയുന്നില്ല കനലെരിയുന്നിടത്തെ ചൂട്. നിന്നെ ഒരേ സമയം സ്നേഹിക്കുകയും ഭയക്കുകയും ചെയ്യുന്നത് നീ അറിയുന്നുവോ? അറിഞ്ഞാലും നിനക്കെന്താണ് ചെയ്യാൻ പറ്റുന്നത്? നീയില്ലാതെ ജീവിക്കാനും നിന്റെ സ്നേഹം അമിതമായാൽ അത് താങ്ങാനും കഴിയില്ല. അതിനാൽ നിന്നോട് ഒന്നേ എനിക്ക് പറയാനുള്ളൂ... അമിതമായി സ്നേഹിക്കല്ലേ. ✍️ഷൈനി 

വരുണാസ്ത്രം

Image
അഗ്നിനൽകിയാചുടു ചുംബനത്തിന്റെ അടരാനാവാത്തയാ താപത്തിലേക്ക് അന്നാവരുണാസ്ത്രമാകുന്ന ശക്തിയിൽ അലിഞ്ഞു പോയിയാതാപമെല്ലാമെല്ലാം  നിൻ നിനവിലെപ്പോഴുമാ താപമുരുകും നിൻ നിനവൊരു കൂട്ടായവൾക്കിനിയെന്നും നിലയ്ക്കാത്ത പ്രളയമായൊഴുകുന്ന ശക്തി നിലയ്ക്കില്ലായെന്നുമവളാശിച്ചു പോയി  ആശകൾക്കോ പഞ്ഞമില്ലാത്തിടത്ത്  ആശിക്കാൻ മാത്രമീ ജന്മമിനിയും ആരടുത്താലും ആരകന്നാലുമീ അഗ്നിയാം താപത്തിനറുതിയീയസ്ത്രം. ✍️ഷൈനി 

വായിക്കാൻ ഒരു ദിനം

Image
പൊയ്മുഖമായ് നാവെടുക്കുന്നവരെ പോകട്ടേയാ മുഖങ്ങളൊക്കെയും  പൊയ്കയിൽ നീരാടുന്നാ നാവിന്  പോരാടാൻ മതിയാവുകയില്ലീ ജന്മം. വാക്കുകൾ വരി വരിയാകുന്നാനേരം വാക്കാലുള്ള പരിമളം ചുറ്റണമപ്പോൾ കർണ്ണങ്ങൾക്കാവാക്കിനാൽ മാധുര്യം  കണ്ണുകൾക്കാനന്ദാശ്രുക്കളാകണം.  എന്നോ മറയ്ക്കേണ്ടാമുഖം ഇന്നേ   എന്തിനു കൊടുക്കുന്നു മറയ്ക്കാൻ!  തെറ്റ് തെറ്റെന്നു പുലമ്പിയ മനുഷ്യനാ  തെറ്റിനെത്തന്നെ കൂട്ടിനായ് കൂട്ടുന്നു.  ഇതാര് ചൊല്ലുമെന്നറിയാത്ത ദിനമേ   ഇതാർക്കും ചൊല്ലാനൊരുദിനം വരും. ✍️ഷൈനി