അന്നു പെയ്ത മഴയിൽ


അന്ന് ഉച്ചവരെ നല്ല മഴയായിരുന്നു. ഉച്ചയായപ്പോൾ ആദിത്യൻ ആദ്യമായന്ന് ഒന്ന് ചിരിച്ചു. മഴയായാൽ ഇയാളെ കണ്ടുകിട്ടാൻ പാടാണ്.

 അതുവരെ വീട്ടിൽ ഇല്ലാത്തയാൾ എവിടന്നൊക്കെയോ ഇടയ്ക്ക് വീട്ടിലേക്ക് കയറി വരും. ഇന്നും വന്നു. എന്തെങ്കിലും കഴിക്കാൻ എടുക്കുമ്പോൾ ഒരു നാണവുമില്ലാതെ വായിൽ നോക്കി വരും.

 ഇന്നും ഉച്ചയ്ക്ക് കഴിക്കാനായി മേശപ്പുറത്ത് ഭക്ഷണങ്ങൾ കൊണ്ടു വെച്ചു. ചോറിന്റെ കൂടെ സാമ്പാർ, അവിയൽ, നെല്ലിക്ക ഉപ്പിലിട്ടത് പിന്നെ പപ്പടം അങ്ങനെ എല്ലാവരെയും ഭദ്രമായി അടച്ചു തന്നെ വെച്ചു.

 അത്യാവശ്യം നല്ല വിശപ്പുള്ളതു കൊണ്ട് ചോറും കറികളും എല്ലാം എന്റെ പാത്രത്തിലേക്ക് ഞാൻ വേഗം ഇട്ടു. ആർത്തിയോടെ ഒരുരുള എന്റെ വായിലേക്ക് ഞാൻ വെച്ചു. ഒന്ന് ചവച്ചു... രണ്ടു ചവച്ചു... കൂടുതൽ പിന്നെ ചവയ്ക്കാൻ നിന്നില്ല. വിശപ്പിന്റെ കഠിന്യത്തിൽ വിഴുങ്ങി.

 അടുത്ത ഉരുള വായിലേക്ക് വയ്ക്കാൻ നോക്കുമ്പോഴതാ.... എന്റെ വലത്തേ കൈയിൽ ആരോ തോണ്ടുന്നു. വീണ്ടും വീണ്ടും തോണ്ടുന്നു. കയ്യിൽ മാത്രമല്ല പിന്നെ മുഖത്തും തലയിലും എല്ലാം തോണ്ടാൻ തുടങ്ങി. എന്റെ ഇഷ്ടക്കേട് നോക്കാതെ എന്നെ ശല്യം ചെയ്തു കൊണ്ടിരുന്നു. എനിക്ക് ഇത് തീരെ ഇഷ്ടമാകുന്നില്ല.

 പിന്നെ അവിടെ അധികം നേരം ഭക്ഷണവും കൊണ്ട് ഇരുന്നില്ല. വേഗം എങ്ങനെയൊക്കെയോ കഴിച്ചെഴുന്നേറ്റു. കൈകഴുകി തിരികെ വേഗം വന്നു. എന്റെ ശല്യക്കാരനെ പിടിക്കാൻ.

 അവിടെ നോക്കിയിട്ടൊന്നും കാണുന്നില്ല. ഒളിച്ചിരിക്കുകയാ!.. അതാ... നിലത്തിരിക്കുന്നു.! കണ്ടുപിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ആ ചെരുപ്പെടുത്ത് ഒറ്റയടി. താ കിടക്കുന്നു അവൻ. മോഹൻലാലിനെ ശല്യം ചെയ്ത ആളിന്റെ ബന്ധുവായ മക്ഷിക.

 മഴയായാൽ പിന്നെ നോക്കണ്ട... എവിടുന്നെങ്കിലും വലിഞ്ഞു ഓടി വരും. പറഞ്ഞിട്ടെന്താ.... ഇന്ന് പഴുത്ത ചക്കയും ഉണ്ടായിരുന്നു.! ചക്ക വിളിച്ച ധൈര്യത്തിൽ പുറപ്പെട്ടതായിരുന്നു മൂന്നാലു പേർ. അതിൽ മൂന്നാളെ പല്ലി ഉദരത്തിലാക്കി. ബാക്കി വന്ന മക്ഷികയാണ് ആ ബന്ധുവായ, ശല്യക്കാരിയായ, ആർത്തിക്കാരിയായ...... ഈച്ച.!

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )