മഴയേ... നീയറിയുന്നോ?
മഴ നനയാൻ ഏറെ ഇഷ്ടമുണ്ട്. പക്ഷേ... നിന്റെ തുള്ളികളേക്കാൾ കൂടുതൽ തുള്ളികൾ മൂക്കിൽ നിന്നും ഉടനെ പുറപ്പെടുകയും നീ നിന്നാലും പുറപ്പെട്ടു വന്നവർ ഒരാഴ്ച കഴിയാതെ നിൽക്കുകയുമില്ലാത്തതു കൊണ്ട് നീ എന്നെ അടുപ്പിക്കുന്നതും ഇല്ല.
കള്ളമല്ല.. എന്നെ ഇപ്പോഴും അവർ ശല്യം ചെയ്യുകയാണ്.
ഇടയ്ക്കിടയ്ക്ക് ചൂട് കാപ്പി കുടിക്കാനും, കടല, കപ്പലണ്ടി, പരിപ്പുവട ഇത്യാദി കഴിക്കാനും മൂടിപ്പുതച്ച് ഉറങ്ങാനും നീ ഞങ്ങളെ പ്രേരിപ്പിക്കുന്നു.
നീ വരുമ്പോൾ ആസ്വദിക്കുകയും, നീ പോകാൻ വൈകുന്തോറും ഭയപ്പെടുകയും ചെയ്യുന്നു ഞങ്ങൾ.
മഴത്തുള്ളികൾ തുള്ളുമ്പോൾ ഒരിടത്ത് കുളിരും മറ്റൊരിടത്ത് കനലും. കുളിരുന്നവരറിയുന്നില്ല കനലെരിയുന്നിടത്തെ ചൂട്.
നിന്നെ ഒരേ സമയം സ്നേഹിക്കുകയും ഭയക്കുകയും ചെയ്യുന്നത് നീ അറിയുന്നുവോ? അറിഞ്ഞാലും നിനക്കെന്താണ് ചെയ്യാൻ പറ്റുന്നത്?
നീയില്ലാതെ ജീവിക്കാനും നിന്റെ സ്നേഹം അമിതമായാൽ അത് താങ്ങാനും കഴിയില്ല.
അതിനാൽ നിന്നോട് ഒന്നേ എനിക്ക് പറയാനുള്ളൂ... അമിതമായി സ്നേഹിക്കല്ലേ.
✍️ഷൈനി
Comments
Post a Comment