പ്രിയ കൂട്ടുകാരാ...

പ്രിയ കൂട്ടുകാരാ...



                             

1-8-2022
 എറണാകുളം 

പ്രിയപ്പെട്ട സാജുവിന്,

        പ്രിയ സുഹൃത്തേ.... നിനക്ക് ഒരു കത്ത് അയക്കണമെന്ന് ഏറെ നാളായി ഞാൻ ആഗ്രഹിക്കുന്നു. നീ ഇപ്പോൾ എന്തെടുക്കുവാ? നിനക്ക് സുഖമാണോ? അന്ന് ഞാൻ നിനക്ക് വേണ്ടി പാടിയ പാട്ട് നീ കേട്ടിരുന്നോ?

         നമ്മൾ ഒരുമിച്ച് ഡ്രോയിങ് ക്ലാസിൽ പഠിച്ച കാലം.... പലപ്പോഴും എന്റെ ഓർമ്മയിൽ വരും. എപ്പോഴും എല്ലാവരോടും വളരെ സ്നേഹത്തോടെ നിറഞ്ഞ പുഞ്ചിരിയുടെ സംസാരിക്കുന്ന നിന്റെ മുഖം കൺമുന്നിൽ എപ്പോഴും ഉണ്ട്.

           ആ സമയത്ത് നീ ഇടയ്ക്ക് എപ്പോഴും പാട്ട് പാടും. കൂടുതലും ഹിന്ദി പാട്ടാണ് പാടുക. നിശബ്ദം ആയിരിക്കുന്ന ക്ലാസ്സിൽ... നമ്മൾ എല്ലാവരും വരയ്ക്കുന്ന സമയത്ത്... അതിമനോഹരമായി ഗാനങ്ങൾ പാടി നീ ഞങ്ങൾക്ക് ആനന്ദം തരും. പക്ഷേ അതിൽ എനിക്ക് ഒരു പരാതിയുണ്ട് നിന്നോട്. കേട്ടോ...?

            ഹിന്ദി ആയിക്കോട്ടെ മലയാളം ആയിക്കോട്ടെ നല്ല പാട്ട് പാടി അതിൽ എല്ലാവരും ആസ്വദിച്ചു വരുമ്പോൾ, എല്ലാവരും നിന്റെ പാട്ടിനെ ശ്രദ്ധിക്കുന്നുണ്ടെന്ന് നിനക്ക് തോന്നിക്കഴിയുമ്പോൾ, ഉടനെ അവിടെ ഇല്ലാത്ത ഒരാളെ നീ അവിടെ കൊണ്ടുവരും. മനപ്പൂർവ്വം തൊണ്ടയിൽ വെള്ളി.!

           അന്ന് ഞങ്ങൾക്ക് നിന്നോട് ദേഷ്യം വരുമായിരുന്നു. ആ സമയത്ത് നമ്മുടെ മാഷിന്റെ തന്നെ ശകാരവും നീ കേട്ടിട്ടില്ലേ?

             നമ്മളെല്ലാവരും കുമ്പളങ്ങിയിൽ മറ്റും ഔട്ട്ഡോർ സ്കെച്ച് എടുക്കാൻ പോയതും, മട്ടാഞ്ചേരിയിൽ നമ്മുടെ ക്ലാസിലെ എല്ലാവരുടെയും സൃഷ്ടിയുടെ ഒരു എക്സിബിഷൻ നടത്തിയതും, എറണാകുളത്ത് പലരുടെയും എക്സിബിഷൻ കാണാൻ നമ്മളെല്ലാവരും പോയതും, അവിടെ നമ്മൾ എഴുതുന്ന അഭിപ്രായങ്ങളും,

എന്റെ കല്യാണം വിളിക്കാൻ നിന്റെ വീട്ടിൽ വന്നതും, നിന്റെ വീട്ടിൽ ഞങ്ങൾക്ക് തന്ന സ്വീകരണവും, എന്റെ കല്യാണത്തിന് നിന്റെ ഉമ്മയും പെങ്ങളും എല്ലാവരും വന്നതും,

എനിക്ക് മോൻ ഉണ്ടായപ്പോൾ നീയും ജിബിനും ഒരുമിച്ചു എന്നെ കാണാൻ വന്നതും, വീട്ടിലെ ഒരു വിഷമഘട്ടത്തിൽ നീയും ജിബിനും വന്നു ഞങ്ങളെ സഹായിച്ചതും..... അങ്ങനെ എല്ലാം ഇന്നലത്തെപ്പോലെ കൺമുന്നിൽ കാണുന്നു.

         വർഷങ്ങൾക്കു ശേഷം നിന്റെ പാട്ട് ഞാൻ ഫേസ്ബുക്കിൽ കണ്ടപ്പോൾ എനിക്ക് എത്ര സന്തോഷമായെന്നോ? സജുവിന്റെ കല്യാണം നടക്കാത്തതിൽ എനിക്ക് വിഷമമായിരുന്നു.

          നിന്റെ ദുഃഖങ്ങൾ മറക്കാൻ വേണ്ടിയാണ് നിന്റെ മുഖത്തെ ആ നിർത്താത്ത പുഞ്ചിരി എന്ന് ഞങ്ങൾക്ക് മനസ്സിലായില്ലല്ലോ. നിനക്ക് എന്തോ ഒരു അസുഖമുണ്ടെന്ന് നീ പറഞ്ഞിരുന്നു. അതും എന്താണെന്ന് നീ തുറന്നു പറഞ്ഞിരുന്നുമില്ല.

          പഠിക്കുന്ന കാലത്തും നീ ക്ലാസ്സിൽ അടുപ്പിച്ച് കുറേ ദിവസം വരാതിരിക്കും. ചോദിച്ചാൽ സുഖമില്ല. അല്ലാതെ കൂടുതലായിട്ട് ഒന്നും പറഞ്ഞില്ല നീ. നിനക്ക് സുഖമില്ലാത്തത് കാരണമാണ് നീ കല്യാണം കഴിക്കാത്തത് എന്നും നീ ഒരിക്കൽ പറഞ്ഞു. അന്നും ഇന്നും എനിക്ക് അറിയില്ല നിനക്കെന്തായിരുന്നു എന്ന്. ഇനി എനിക്ക് അറിയേണ്ട.

        " സുഖമാണോ " എന്ന് നിനക്ക് ഞാൻ ഇടയ്ക്ക് മെസ്സേജ് അയച്ചാൽ ചിലപ്പോൾ ഒരു മറുപടി തരും. പലപ്പോഴും നീ തരില്ല. അന്ന് ഞാൻ വിചാരിച്ചു നീ ഞങ്ങളെയെല്ലാം മറന്നുവെന്ന്.

        സാജു.... നിനക്കറിയുമോ? നിന്നെ എന്റെ വീട്ടിലെ എല്ലാവർക്കും എന്തിഷ്ടമാണെന്ന് ?

          ഞങ്ങൾ കാശ്മീരിൽ പോയപ്പോൾ, അവിടുത്തെ ദാൽ തടാകത്തിൽ ഒഴുകി നടക്കുന്ന ഹൗസ് ബോട്ടുകളുടെ ഒരു മിനിയേച്ചർ ബോട്ട് നിനക്ക് വേണമെന്നും അന്ന് നീ പറഞ്ഞു.

           അതിനാൽ ഞങ്ങൾ അത് വാങ്ങി ഇവിടെ വന്നിട്ട്... ഇതുവരെയായിട്ടും നിനക്കത് വാങ്ങാൻ തോന്നാതിരുന്നത് എന്തുകൊണ്ട്? എത്ര തവണ പറഞ്ഞു നിന്നോട് "അത് വേണ്ടേന്ന്?" അപ്പോഴൊക്കെ നീ ഓരോ അസൗകര്യങ്ങൾ പറഞ്ഞു. അവിടെ കൊണ്ട് തരാൻ ഞങ്ങളും ശ്രമിച്ചു. പക്ഷേ ഞങ്ങൾക്കും കഴിഞ്ഞില്ല.

          ഇനിയിപ്പോ ഒരു തടസ്സവും നിനക്കില്ലല്ലോ.? എപ്പോൾ വേണമെങ്കിലും വന്നു കൺനിറയെ കാണാൻ നിനക്ക് കഴിയും.

         എന്നാലും എന്റെ സാജു.... എന്തിനായിരുന്നു ഇത്രയും കൂടുതൽ നീ ചിരിച്ചത്? ഞങ്ങളെ വിട്ടു നിനക്ക് ഇത്ര പെട്ടെന്ന് പോകണമായിരുന്നോ? നിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും വേദന ഞങ്ങളെ ആരേയും അറിയിച്ചില്ലല്ലോ?

         നീ പാടിയ പാട്ടും, നീ ക്യാൻവാസിൽ നിറച്ച ചിത്രങ്ങളും ഞങ്ങളിൽ നിന്ന് ഒരിക്കലും മാഞ്ഞു പോവില്ല. അവസാനമായി നിന്നെ ഒരു നോക്ക് കാണാന്‍ എനിക്ക് കഴിഞ്ഞില്ല. ജീവനറ്റ നിന്റെ ശരീരം കാണാനുള്ള ശക്തിയും എനിക്കില്ലായിരുന്നു.

         സുഹൃത്തേ... അറിയാം ഇപ്പോഴും നീ ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന്... എന്നും എപ്പോഴും..

         പിന്നെ... ഒരു കാര്യം കൂടി.. നീ ആദ്യം പോയി എന്ന് വിചാരിച്ച് അങ്ങനെ അഹങ്കരിക്കേണ്ടാ.... കേട്ടോ? ഞങ്ങളും താമസിയാതെ അവിടെ എത്തും. അന്നേരം വലിയ ഗമ കാണിച്ചു നിൽക്കാതെ കൂടെ കൂട്ടിക്കോണം.

        സാജു... നീ ഇത് വായിക്കും എന്നുള്ള ഉറച്ച വിശ്വാസത്തോടെ...

         നിനക്ക് എന്റെ ഒരായിരം സ്നേഹപൂക്കൾ ഹൃദയത്താൽ നൽകിക്കൊണ്ട് നിർത്തുന്നു.

                എന്ന്,
                        നിന്റെ പ്രിയ സുഹൃത്ത്.
                                     
                                                  ഷൈനി.
                                                        ഒപ്പ്


മുഹമ്മദ് സാജു
സ്വർഗ്ഗലോകം.

✍️ഷൈനി 
🌹🌹🌹🙏🙏🙏❤❤❤

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )