ഓണം


ഓണത്തിന് ഇനി അധികം ദിവസങ്ങൾ ഇല്ല. ന്റെ മനസിലെ ഒരു വിഷമം ഓണത്തിന് മുന്നേ പറയണമെന്ന് തോന്നി. അന്യ നാടുകളിൽ നമ്മൾ മലയാളികൾ എന്ന് പറഞ്ഞ് ആഘോഷിക്കുന്ന, മതം നോക്കാതെ ആഘോഷിക്കുന്ന, എന്നെ -
 ഇങ്ങ് മലയാളക്കരയിൽ മതം നോക്കി ആഘോഷിക്കുന്നു.

 എല്ലാവരും ഇല്ല...  എന്നാലും കുറച്ചു പേര് അങ്ങനെയാണ്. കള്ളമല്ല. അവരോട് പലരും ഇതിനെതിരെ സംസാരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്ക് വേണ്ടി വാദിക്കുന്നത് കണ്ട ഞാൻ അപ്പോഴെല്ലാം ഒരുപാട് വേദനിച്ചിട്ടുണ്ട്.

 കേരളത്തിന്റെ ദേശീയ ഉത്സവത്തെ ഒരു മതത്തിന്റെ പേരിൽ മാറ്റുന്നവരെ നിങ്ങൾക്ക് അന്യനാടുകളിൽ എല്ലാ മതങ്ങളും വഴക്കിട്ട് പോയോ? കേരളത്തിൽ ഹിന്ദുക്കൾ അല്ലാത്തവർ ആഘോഷിക്കുമ്പോൾ എന്തിന് ആശ്ചര്യപ്പെടുന്നു? "അവരേ... ഹിന്ദുക്കൾ അല്ലെങ്കിലും ഹിന്ദുക്കളെപ്പോലെ സദ്യ ഒരുക്കി ആഘോഷിക്കുന്നു... " എന്തിനിങ്ങനെ പറയുന്നു?! എല്ലാവരെയും അടച്ചു പറയുന്നില്ല എന്നാലും ഉണ്ട് ചിലർ. സദ്യ ഹിന്ദുക്കളുടെ മാത്രം കുത്തകയല്ല. അങ്ങനെയാണെങ്കിൽ കേരളത്തിന്റെ ദേശീയോത്സവം എന്ന പേര് എനിക്ക് വേണ്ട.

 ന്റെയുള്ളിൽ മതമില്ല. നിങ്ങൾ മലയാളികൾ മാത്രമാണ് ഉള്ളത്. എനിക്ക് നിങ്ങളെ ഒന്നായി കാണാനാണ് ഇഷ്ടം. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഒന്നാകാൻ നിങ്ങൾക്ക് കഴിയുന്നു. അതങ്ങ് തുടർന്നാൽ എന്താണ്? നിങ്ങൾ നിങ്ങളുടെ മതത്തിൽ വിശ്വസിച്ചോളൂ. പക്ഷേ ആ പേരിൽ എന്നെ വേർതിരിക്കരുതേ. നിങ്ങളും ഞങ്ങളും ഇല്ല..  നമ്മൾ മാത്രം... എന്നും നമ്മൾ.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഞാൻ കണ്ടു നിങ്ങൾ എല്ലാവരും സദ്യ ഒരുക്കി ഒത്തൊരുമയോടെ ആ ദുഃഖത്തിലും ഓണം ആഘോഷിച്ചത്. എനിക്ക് തോന്നുന്നു വെള്ളപ്പൊക്കം പോലെ എന്തെങ്കിലും ഈ സമയം ഉണ്ടെങ്കിൽ..! "മനുഷ്യരെല്ലാരും ഒന്നുപോലെ " ഇത് പാട്ടിൽ പാടിയാൽ പോരാ... ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല. 

 എന്തൊക്കെ പറഞ്ഞാലും ഒന്നാകേണ്ട സമയത്ത് നിങ്ങൾ ഒന്നാവുന്നുണ്ട്. അതെനിക്ക് ഇഷ്ടായി. എന്നാലും ഇടയ്ക്ക് ചില വികൃതി പിള്ളേരുടെ കുരുത്തക്കേടുകൾ എനിക്ക് വേദന തരുന്നുണ്ട്. അതൊന്നു കുറച്ചാൽ... അല്ല ഇല്ലാതാക്കിയാൽ... നോമിന് സന്തോഷായി. എല്ലാവർക്കും ദുഃഖത്തിന് വിരാമവും സർവൈശ്വര്യങ്ങളും ഉണ്ടാകട്ടെ.
✍️ഷൈനി 

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )