പത്മനാഭനോടൊരു പരാതി


അനന്തപുരിയിലെ പത്മനാഭാ....
എനിക്ക് അങ്ങയോട് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട്.

ഭക്തരെ എന്തിന് ഇങ്ങനെ തരം തിരിക്കുന്നു? ഭക്തിയോടെ നിന്നെ കാണാൻ വരുന്നവരെയെല്ലാം തരം തിരിക്കുന്നത് തെറ്റ് തന്നെ.

 ഈയിടെ നിന്റെ അടുക്കൽ ഞാൻ വന്നിരുന്നു. പക്ഷേ നിന്നെ കാണാൻ കഴിഞ്ഞില്ല. ഒരിക്കലും നീങ്ങാൻ കൂട്ടാക്കാത്ത നീണ്ട വരിയിൽ പെട്ടുപോയ ഞാനും എന്റെ കുടുംബവും. പിന്നെ.... അമ്മയ്ക്ക് അധികനേരം നിൽക്കാൻ പറ്റാത്തതിനാൽ തിരികെ പോകേണ്ടി വന്നു.

 തിരികെ നടന്ന് പ്രധാന വാതിലിന്റെ അരികെ വന്നപ്പോൾ " വേഗം ഒതുങ്ങി മാറി നിൽക്കൂ... " എന്നാരോ ഉറക്കെ ഞങ്ങളോട് വിളിച്ചു പറഞ്ഞു.

 ഇപ്പോഴും രാജഭരണമോ എന്ന സംശയത്തോടെ നോക്കിയപ്പോൾ ഒരു കേന്ദ്രമന്ത്രി ദാ.... വരുന്നു. ഞങ്ങളെ നോക്കി ഒരു പുച്ഛഭാവത്തോടെ അകത്തേക്ക് അദ്ദേഹവും പരിവാരങ്ങളും കയറിപ്പോയി.

 പത്മനാഭാ.... ഇതെന്ത് നീതി?! ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരെന്ന് പറഞ്ഞിട്ട്...!?

 ജനങ്ങളാൽ തെരഞ്ഞെടുത്തവർ അടുത്ത് വരുമ്പോൾ ഓച്ഛാനിച്ച് മാറി നിൽക്കണോ? എന്നാലോ... വോട്ട് ചോദിക്കാൻ വരുമ്പോൾ അവർക്ക് ഈ ഓച്ഛാനം വേണ്ടേ.! VIP.... ആരാണ് വിഐപി? ദൈവസന്നിധിയിൽ എല്ലാവരും ഒന്നല്ലേ?

 അങ്ങയുടെ അടുത്ത് അവർക്ക് വിഐപിയായി വന്നു തൊഴാൻ അവകാശമുണ്ടെങ്കിൽ ആ അവകാശം എല്ലാവർക്കും കൊടുക്കണം.

ശ്ശോ.. മറന്നു. അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ ആരോ പറയുന്നത് കേട്ടു. വിഐപി പാസ്സെടുത്താൽ ഈ ക്യൂവിൽ അത്രയും നേരം നിൽക്കണ്ടാന്ന്. പണം ഇല്ലാത്ത പാവപ്പെട്ടവർ കഷ്ടപ്പെട്ടു അങ്ങയെ കണ്ടാൽ മതി അല്ലേ?! പണവും അധികാരവും ഉള്ളവന് ആദ്യ ദർശനം! അവിടെ ഭക്തിയില്ല. ബിസിനസ് ആണ്.

ഈ മണ്ണിൽ പിറന്നു വീഴുന്ന ഓരോ ജന്മവും വിഐപി തന്നെയാണ്. അവിടുന്നിന് ഇതിൽ പങ്കില്ലെന്ന് അറിയാം. എന്നോട് ക്ഷമിക്കൂ. എന്നാൽ നിന്നെ വിശ്വസിക്കുന്നവരുടെ എല്ലാവരുടെയും അടുത്ത് തടസ്സമില്ലാതെ ഏതു സമയത്തും നിനക്ക് കടന്നു വരാം. 

 വിഐപികളായി വരുന്നവർക്ക് 
 ആരായാലും ബഹുമാനവും ആദരവും കൊടുക്കാൻ തോന്നുന്നവർ അന്നേരം കൊടുക്കും. അല്ലാതെ വന്നു ചോദിച്ചാൽ തരൂ....ല്ല. 
✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )